ADVERTISEMENT

എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി നല്ലൊരു വീട്. മിക്കവരും ഹോം ലോണ്‍ പ്രയോജനപ്പെടുത്തിയാണ് ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. ഹോം ലോണ്‍ അല്ലെങ്കില്‍ ഭവന വായ്പ തെരഞ്ഞെടുക്കുമ്പോഴുമുണ്ട് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. 

വായ്പയ്ക്ക് അര്‍ഹതയുണ്ടോ?

വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന ആളുടെ വരുമാനവും ധനപരമായ മറ്റ് ബാധ്യതകളും ഒക്കെ താരതമ്യം ചെയ്താണ് വായ്പ എടുക്കാന്‍ അര്‍ഹതയുണ്ടോ എന്ന് ബാങ്ക് തീരുമാനിക്കുക. പല ഘടകങ്ങളും താരതമ്യം ചെയ്യുമ്പോള്‍ വായ്പയായി ലഭിക്കുമെന്ന് കണക്ക് കൂട്ടിയിരിക്കുന്ന മുഴുവന്‍ തുകയും ലഭിച്ചില്ലെന്ന് വരാം. പങ്കാളി സ്ഥിര വരുമാനം ഉള്ള ആളാണെങ്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജോയിന്റ് ആപ്ലിക്കന്റ് ആക്കുന്നത് വായ്പയായി ഉയര്‍ന്ന തുക ലഭിക്കുന്നതിന് സഹായകരമാകും. സാധാരണയായി മാസവരുമാനത്തിന്റെ 40 ശതമാനം വരെയാകും ഇ.എം.ഐ. അടയ്ക്കേണ്ടത്.

അപേക്ഷകര്‍ (ജോലിയുള്ളവര്‍)പൊതുവേ 21 മുതല്‍ 60 വയസ് വരെയും സ്വയം തൊഴിലുള്ളവര്‍  21 മുതല്‍ 65 വയസ് വരെയും പ്രായം ഉള്ളവര്‍ ആയിരിക്കണം. ചില ബാങ്കുകളില്‍ അപേക്ഷകന്റെ ഏറ്റവും കുറഞ്ഞ പ്രായം 24 വയസ് ആണ്. വിവിധ സ്‌കീമുകള്‍ക്ക് അനുസരിച്ചും പ്രായപരിധിയില്‍ വ്യത്യാസം വരാം.

മെച്ചപ്പെട്ട ഫിനാന്‍ഷ്യല്‍ റെക്കോഡ് അനിവാര്യം

മിക്ക ബാങ്കുകളും സ്ഥിര വരുമാനമുള്ളവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്. കുറഞ്ഞത് ആറ് മാസമെങ്കിലുമുള്ള ആക്ടീവ് ബാങ്കിങ് ഇടപാടുകളും മെച്ചപ്പെട്ട ഫിനാന്‍ഷ്യല്‍ റെക്കോഡും വായ്പ ലഭിക്കുന്നതില്‍ നിര്‍ണായകം ആണ്. അതുപോലെ മികച്ച ക്രെഡിറ്റ് സ്‌കോര്‍ തുടര്‍ച്ചയായി നില നിര്‍ത്താനും ശ്രദ്ധിക്കണം. ക്രെഡിറ്റ് സ്‌കോര്‍ 750-നു മുകളില്‍ ഉള്ളത് വായ്പാ ലഭ്യത എളുപ്പമാക്കും. 

ബജറ്റ് തീരുമാനിക്കുക

മിക്ക ബാങ്കുകളും വീടു വയ്ക്കുന്നതിനാവശ്യമായ തുകയുടെ (വസ്തു ഉള്‍പ്പെടെ) 85 ശതമാനം വരെയാണ് വായ്പ നല്‍കുക. 15 ശതമാനം നമ്മള്‍ സ്വയം കണ്ടെത്തേണ്ടതായി വരും. അതുകൊണ്ട് വീടു വയ്ക്കുന്നതിനുള്ള ബഡ്ജറ്റും മറ്റ് പണലഭ്യതയും നേരത്തെ കണക്കാക്കി വായ്പയ്ക്ക് അപേക്ഷിക്കുന്നതാണ് നല്ലത്. 

പലിശ നിരക്ക് താരതമ്യം ചെയ്യാം

പല ബാങ്കുകളിലും ഭവന വായ്പാ പലിശ നിരക്ക് വ്യത്യസ്തമായതിനാല്‍  വിവിധ ബാങ്കുകളുടെ പലിശ നിരക്കും ഹോം ലോണ്‍ സ്‌കീമുകളും താതതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായ വായ്പയ്ക്ക് അപേക്ഷിക്കുക. ഇന്‍സെന്റീവുകളെ കുറിച്ചും മറ്റ് ആനുകൂല്യങ്ങളെ കുറിച്ചും ചോദിക്കാന്‍ മറക്കരുത്. 

പ്രീ- പെയ്‌മെന്റ് ഓപ്ഷന്‍ പ്രയോജപ്പെടുത്താം

പലിശ ഇനത്തില്‍ നഷ്ടമാകുന്ന വലിയ തുക ലാഭിക്കാന്‍ കാലാവധി തീരും മുമ്പ് ലോണ്‍ അടച്ചു തീര്‍ക്കുന്നതാണ് നല്ലത്. കൃത്യമായി ഇ.എം.ഐ അടച്ചതിനു ശേഷം പ്രീ പെയ്മന്റ് ഓപ്ഷന്‍ ഉപയോഗിച്ച് പണം തിരിച്ചടയ്ക്കാനാകുമോ എന്നതും ഇതിന്റെ മാനദണ്ഡങ്ങളും  വായ്പ എടുക്കും മുമ്പ് അന്വേഷിക്കുക. വായ്പാ കാലാവധി പരമാവധി കുറയ്ക്കാന്‍ വായ്പ എടുക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. അതുപോലെ വായ്പ നൽകുന്ന സ്ഥാപനത്തിന്റെ വിശ്വസനീയതയും സ്‌കീമും അന്വേഷിക്കണം.  

അധിക ചാര്‍ജുകള്‍ അറിഞ്ഞിരിക്കുക

ഇ.എം.ഐക്ക് പുറമേയുള്ള പ്രോസസ്സിങ്, സര്‍വ്വീസ് ചാര്‍ജുകള്‍ അവ ഈടാക്കുന്ന വിധം എന്നിവയെല്ലാം അപേക്ഷാവേളയിൽ തന്നെ ചോദിച്ച് മനസിലാക്കുകയും ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com