വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പരിഹാരം നിരവധി...

HIGHLIGHTS
  • ജപ്തി ചെയ്യുകയാണെങ്കില്‍ കൃത്യമായ നോട്ടീസ് ബാങ്ക് നല്‍കിയിരിക്കണം.
budget&house
SHARE

ഭവന വായ്പയുടെ ഇ എം ഐ ഉദ്ദേശിച്ച രീതിയില്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ ആര്‍ക്കാണ് സ്വസ്ഥമായി കിടന്നുറങ്ങാനാവുക?  പക്ഷേ, പ്രതിമാസ ഗഡുക്കള്‍ തിരിച്ചടക്കാനാവാത്ത സ്ഥിതി വന്നാല്‍ എല്ലാം അവസാനിച്ചു എന്നൊന്നും കരുതേണ്ട. തിരിച്ചു കയറാന്‍ നിരവധി പ്രായോഗിക മാര്‍ഗങ്ങളുണ്ട്. വായ്പ പുനക്രമീകരിക്കുന്നതും ദൈനംദിന ചെലവുകള്‍ കുറക്കുന്നതും അടക്കമുള്ള നടപടികള്‍ ഓരോ വ്യക്തിയുടേയും സാഹചര്യങ്ങള്‍ക്കനുസരിച്ചു കൈക്കൊള്ളാവുന്നതാണ്.

സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുക

ഭവന വായ്പാ തിരിച്ചടവ് സുഗമമല്ല എന്നു തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സാമ്പത്തിക നില ശാസ്ത്രീയമായി അവലോകനം ചെയ്യുക എന്നതാണ്. അനാവശ്യ ചെലവുകളും ഒഴിവാക്കാവുന്ന ചെലവുകളും കണ്ടെത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ അശ്വാസമാകും. ഇതു വഴി കണ്ടെത്തുന്ന തുക നിങ്ങള്‍ക്കു വായ്പാ തിരിച്ചടവിനായി ഉപയോഗിക്കാമല്ലോ. ഉയര്‍ന്ന പലിശ നിരക്കുള്ള മറ്റു വായ്പകള്‍ ഉണ്ടെങ്കില്‍ അതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ തിരിച്ചടക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ട മറ്റൊരു കാര്യം. സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പകള്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടും. നിലവിലെ പ്രതിസന്ധിയില്‍ നിന്നു കരകയറും വരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുമെന്നും തീരുമാനിക്കണം. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച്  ഇത്തരം ഘട്ടത്തില്‍ ചിന്തിക്കുകയേ ചെയ്യരുത്. 

‌ഭവനവായ്പ പുനക്രമീകരിക്കുക

നിലവിലെ ഇ എം ഐ തുടര്‍ന്നു കൊണ്ടു പോകുന്നതിന് ബുദ്ധിമുട്ടാണെങ്കില്‍ ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് വായ്പ പുനക്രമീകരിക്കുവാന്‍ ശ്രമിക്കണം. കാലാവധി ഉയര്‍ത്തിയും മറ്റും വായ്പകള്‍ ക്രമീകരിച്ച് പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുവാന്‍ സാധിക്കും. ഇവിടെ തികച്ചും സത്യസന്ധമായ ആശയ വിനിമയമായിരിക്കണം ബാങ്കുമായി നടത്തേണ്ടത്. നിലവില്‍ വായ്പയുള്ള ബാങ്കില്‍ തന്നെ വായ്പ പുനക്രമീകരിച്ചു കിട്ടുമെങ്കില്‍ അതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. നിരക്കുകളിലും മറ്റും ലഭിക്കുന്ന വ്യത്യാസം നിങ്ങള്‍ക്കു ഗുണകരമായിരിക്കുമെങ്കില്‍ മാത്രമേ മറ്റു ബാങ്കുകളിലേക്കു വായ്പ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാവൂ.

മറ്റു വായ്പകളും പുനക്രമീകരിക്കുക

ഓരോ വ്യക്തിയുടേയും സവിശേഷതകള്‍ കണക്കിലെടുത്ത് അയാളുടെ നിലവിലുള്ള വായ്പകളെല്ലാം പുനക്രമീകരിക്കണം. 40 ശതമാനം വരെ വാര്‍ഷിക ചെലവു വരുന്ന ക്രൈഡിറ്റ് കാര്‍ഡ് വായ്പകള്‍ ഒഴിവാക്കാനായി വ്യക്തിഗത വായ്പകള്‍ ഉപയോഗിക്കാം. അതു പോലെ വ്യക്തിഗത വായ്പകളും സ്വര്‍ണ പണയ വായ്പകളുമെല്ലാം ഒഴിവാക്കാനായി പി എഫ്  വായ്പയോ വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പയോ പ്രയോജനപ്പെടുത്താം. ഇവയെല്ലാം വഴി ഓരോ മാസവും വായ്പ ഇനത്തില്‍ തിരിച്ചടക്കേണ്ട തുക ഗണ്യമായി കുറക്കുകയും കാഷ് ഫ്‌ളോ വര്‍ധിപ്പിക്കുകയും ചെയ്യാം. 

വസ്തു വില്‍ക്കാം

വായ്പ എടുത്തു വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത വസ്തു വില്‍ക്കുക എന്നത് ദുഖകരമായ ഒന്നാണ്. പക്ഷേ, ഭവന വായ്പാ ഗഡുക്കള്‍ ഒരു വിധത്തിലും തിരിച്ചടക്കാനാവുന്നില്ലെങ്കില്‍ അതു വില്‍ക്കുന്നതിനെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചു മുന്നോട്ടു പോകണം. ബാങ്ക് നടപടികള്‍ ആരംഭിക്കുന്നതു വരെ ഇതിനായി കാത്തിരിക്കരുത്.  ജപ്തി നടപടികൾ നേരിടുന്ന വസ്തുവിന് സാധാരണ ലഭിക്കുന്നതിലും കുറഞ്ഞ വിലയേ ലഭിക്കൂ എന്ന് ഊഹിക്കാമല്ലോ. അതിനാല്‍ ബാങ്കുകള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതിനു മുന്നേ തന്നെ സ്വന്തം നിലയില്‍ വസ്തു വില്‍ക്കാനുള്ള നീക്കം ആരംഭിച്ചാല്‍ ന്യായമായ വില ഉറപ്പാക്കാനാവും. വാങ്ങുന്ന വ്യക്തിയും അതേ ബാങ്കില്‍ നിന്നു വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും. 

വായ്പ എൻ പി എ ആയാല്‍?

സാധാരണ ഗതിയില്‍ മൂന്നുമാസത്തെ മുതലും പലിശയും മുടങ്ങുന്ന വായ്പകളെയാണ് നിഷ്‌ക്രിയ ആസ്തികള്‍ എന്ന എന്‍ പി എ ആയി തരംതിരിക്കുന്നത്. ഒരു മാസത്തെ ഗഡു മുടങ്ങുമ്പോള്‍ തന്നെ ബാങ്കുകള്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. എസ് എം എ എന്ന പേരില്‍ പ്രത്യേക പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ ആയാണ് ഈ അക്കൗണ്ടുകളെ തരംതിരിക്കുക. ഇങ്ങനെ മൂന്നു തട്ടുകളിലുള്ള എസ് എം എ വിഭാഗങ്ങളില്‍ പെടുത്തിയ ശേഷമായിരിക്കും വായ്പയെ എന്‍ പി എ ആയി തരംതിരിക്കുക. 

സംശയകരമായ ആസ്തികള്‍

നിങ്ങളുടെ വായ്പ എസ് എം എ വിഭാഗത്തില്‍ പെട്ടാല്‍ തന്നെ വായ്പാസ്‌ക്കോര്‍ കുറയും. അതിനു ശേഷം എന്‍ പി എ ആയാല്‍ മറ്റു ബാങ്കുകള്‍ നിങ്ങൾക്ക് ഏതെങ്കിലും വായ്പ നല്‍കാന്‍ വിമുഖത കാട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള  അവസ്ഥ എത്തും മുന്‍പ് മറ്റു രീതികള്‍ കൈക്കൊണ്ട് ഗഡുക്കള്‍ അടച്ചു തീര്‍ക്കുകയാണ് ഉത്തമം. എന്‍ പി എ ആയ ആസ്തികളെ ഒന്നര വര്‍ഷം കഴിഞ്ഞാല്‍ സംശയകരമായ ആസ്തികള്‍ എന്ന വിഭാഗത്തിലേക്കും മാറ്റും. 

ഒന്നും അവസാനിക്കുന്നില്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചിലര്‍ക്കെങ്കിലും വായ്പ എന്‍ പി എ ആകുകയും അതിനു തുടര്‍ച്ചയായി ബാങ്കിന്റെ നോട്ടീസ് ലഭിക്കുകയും ചെയ്യും. ഇതോടെ തങ്ങളുടെ വസ്തു മുഴുവനായി നഷ്ടപ്പെട്ടു എന്ന ചിന്താഗതിയാണ് ചിലര്‍ക്കെങ്കിലും ഉള്ളത്. ഇവിടേയും എല്ലാം അവസാനിക്കുന്നില്ല എന്നത് മറക്കരുത്. നോട്ടീസ് ലഭിച്ചാല്‍ പോലും ഏതെങ്കിലും വിധത്തില്‍ പണം സമാഹരിച്ച് വസ്തു നിലനിര്‍ത്താന്‍ ഉപഭോക്താവിന് അവസരം ലഭിക്കും. വസ്തു ജപ്തി ചെയ്യുകയാണെങ്കില്‍ പോലും കൃത്യമായ നോട്ടീസ് ബാങ്ക് നല്‍കിയിരിക്കണം. ഇതിനിടയില്‍ ഉപഭോക്താവിനു ബോധിപ്പിക്കാനുള്ള ന്യായമായ വസ്തുതകള്‍ കേള്‍ക്കുകയും വേണം. 

ഇവിടെ തികച്ചും മാനുഷിക പരിഗണന ഉപഭോക്താവിന് അവകാശപ്പെടുകയും ചെയ്യാം. റിക്കവറി എജന്റുമാരുടെ പീഡനം, അസമയത്തുള്ള ഫോണ്‍ വിളികള്‍, ഭീഷണി എന്നിവയൊന്നും നിങ്ങള്‍ സഹിക്കേണ്ടതില്ല. വായ്പ തിരിച്ചു പിടിക്കാനായി ഏതെങ്കിലും റിക്കവറി ഏജന്റിനെ ഏല്‍പ്പിച്ചാല്‍ അക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ വസ്തുവിന്റെ നിയമപ്രകാരമുള്ള കൈമാറ്റം കഴിയും വരെ മറ്റുള്ളവര്‍ക്ക് അവിടെ കടന്നു കയറാനും അവകാശമുണ്ടാകില്ല.

വേണം അതീവ ജാഗ്രത

ഇനി ജപ്തി നടപടികളിലേക്കു കടക്കുകയാണെങ്കില്‍ അതിന്റെ ഓരോ നടപടിക്രമവും ഉപഭോക്താവ് കൃത്യമായി നിരീക്ഷിക്കണം. മിക്കവാറും ഇ-ലേലമായിരിക്കും നടക്കുന്നത് എന്നതിനാല്‍ നിരീക്ഷണം കൂടുതല്‍ എളുപ്പമാകും. ലേലത്തില്‍ കിട്ടുന്ന തുക ന്യായമാണെന്ന് ഉറപ്പാക്കാനും ശ്രമിക്കണം. ഇങ്ങനെ ലേലത്തിലൂടെ കിട്ടുന്ന തുകയില്‍ ബാങ്കിനുള്ള ബാധ്യത കഴിഞ്ഞു ശേഷിക്കുന്നത് ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തണം.

ഒന്നോര്‍ക്കുക, ഒരു ബാങ്കും തങ്ങള്‍ക്കു ജാമ്യമായി ലഭിച്ചിട്ടുള്ള ആസ്തികള്‍ വിറ്റു പണം ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കു താല്‍പ്പര്യവും ലാഭകരവും കൃത്യമായി ഭവന വായ്പകള്‍ തുടരുന്നതു തന്നെയാണ്. അതിനാല്‍ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് വായ്പ തിരിച്ചടക്കുന്നതുമായോ പുനക്രമീകരിക്കുന്നതുമായോ ഉള്ള കാര്യങ്ങൾ ചെയ്യാന്‍ ശ്രമിക്കണം. ഇതിനായി  അവര്‍ക്കു കൂടി ബോധ്യമാകുന്ന ഏതെങ്കിലും ഒത്തു തീര്‍പ്പിന് അവസാനഘട്ടം വരെ സാധ്യതയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA