sections
MORE

നിങ്ങളുടെ വായ്പ തിരിച്ചടവ് മുടങ്ങിയോ? എങ്കിൽ സർഫാസിയെ പേടിക്കണം

HIGHLIGHTS
  • കിട്ടാക്കടമായാൽ 30 ദിവസത്തിനകം സർഫാസി നോട്ടീസ് ലഭിച്ചേക്കാം
  • വില്‍പനയ്ക്കു മുന്നേ ബാധ്യത തീര്‍ത്താൽ തുടര്‍ നടപടികളില്ല
Sad-Man
Sad businessman sitting head in hands on the bed in the dark bedroom with low light environment, dramatic concept, vintage tone color
SHARE

വായ്പാ കുടിശിക വരുത്തുന്ന സന്ദര്‍ഭങ്ങളില്‍ നടപടിയെടുക്കുവാനും ജാമ്യ വസ്തുക്കള്‍ കൈവശപ്പെടുത്താനും വില്‍ക്കാനുമെല്ലാമുള്ള നടപടികള്‍ സുഗമമാക്കുകയാണ് സര്‍ഫാസി നിയമത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്‌ ആക്ട് 2002 എന്ന സര്‍ഫാസി നിയമത്തിന്റെ ഭരണ ഘടനാ സാധുത സുപ്രീം കോടതി ശരിവെച്ചതോടെയാണ്  കിട്ടാക്കടങ്ങളെ നേരിടുന്നതിനുള്ള പ്രധാന മാര്‍ഗമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതു പ്രയോജനപ്പെടുത്താനാരംഭിച്ചത്. 

അധികാരം ചീഫ് മാനേജർ മുതൽ

വായ്പകളെ  കിട്ടാക്കടമായി  (എന്‍ പി എ) തരംതിരിച്ചാല്‍ 30 ദിവസത്തിനകം സര്‍ഫാസി നിയമപ്രകാരമുള്ള നോട്ടീസ് നല്‍കാന്‍ ബാങ്കുകള്‍ക്കു കഴിയും. ഇങ്ങനെ നോട്ടീസ് നല്‍കുന്നതിനു മുന്‍പായി ബാങ്ക് ശാഖയില്‍ നിന്ന് ഉപഭോക്താവിന് രജിസ്‌ട്രേഡ് നോട്ടീസ് നല്‍കണം.പലിശയടക്കം കുടിശ്ശിക തിരിച്ചടച്ച് വായ്പാ അക്കൗണ്ട് സാധാരണ നിലയിലാക്കാൻ  ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്.  ബാങ്കിന്റെ ചീഫ് മാനേജര്‍ മുതലുള്ളവര്‍ക്കാണ് സര്‍ഫാസി  പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുവാന്‍ അധികാരം. 

പരമാവധി 45 ദിവസം

സര്‍ഫാസി നോട്ടീസിന് പരമാവധി 45 ദിവസമാണ് സമയം അനുവദിക്കുക. ഉപഭോക്താവ് എന്തെങ്കിലും പരാതിപ്പെട്ടാൽ ബാങ്കിന്റെ  റീജണല്‍ ഓഫിസ് ഏഴു ദിവസത്തിനകം അതിനു മറുപടി നല്‍കണം. നോട്ടീസ് നല്‍കി 60 ദിവസത്തിനകം ഇടപാടു തീര്‍ത്തില്ലെങ്കില്‍ ജാമ്യ വസ്തു ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കും.  ഇങ്ങനെ ജാമ്യവസ്തു കൈവശപ്പെടുത്തിയത് അറിയിക്കുന്ന അടുത്ത നോട്ടീസ് ഏഴു ദിവസത്തിനകം നല്‍കുകയും വേണം. 

സര്‍ഫാസി നിയമപ്രകാരം കൈവശപ്പെടുത്തിയ ജാമ്യ വസ്തു ഉടന്‍ തന്നെ വില്‍പനയ്ക്കു വെക്കുകയും കക്ഷികള്‍ക്ക് 30 ദിവസത്തെ നോട്ടീസ് നല്‍കുകയും വേണം. ഈ 30 ദിവസത്തിനു ശേഷം റിസര്‍വ് വില നിശ്ചയിച്ച ശേഷം വില്‍പന നോട്ടീസും പ്രസിദ്ധീകരിക്കണം. 

നോട്ടീസ് നല്‍കിയ ശേഷം

സര്‍ഫാസി നോട്ടീസ് നല്‍കിയ ശേഷം ഉപഭോക്താവ് മുതലും പലിശയും അടച്ചു തീര്‍ത്താൽ ആ അക്കൗണ്ട്  സ്റ്റാന്‍ഡേര്‍ഡ് ആസ്തി എന്ന വിഭാഗത്തിലേക്കു മാറ്റും. ജാമ്യ വസ്തുവിന്റെ വില്‍പനയ്ക്കു മുന്നേ വായ്പ എടുത്തവരോ ജാമ്യക്കാരോ മുഴുവന്‍ ബാധ്യതയും അടച്ചു തീര്‍ത്താൽ   തുടര്‍ നടപടികളൊന്നും സ്വീകരിക്കുകയില്ല. ജാമ്യ വസ്തു കൈവശപ്പെടുത്തിയ ശേഷമാണ് ബാധ്യതകള്‍ തീര്‍ക്കുന്നതെങ്കില്‍ ഇങ്ങനെ കൈവശപ്പെടുത്തിയത് തിരികെ നല്‍കുന്ന ഒരു കത്ത് വായ്പക്കാരനോ ഉടമസ്ഥനോ നല്‍കുകയും ചെയ്യും. 

വസ്തു കൈവശപ്പെടുത്തിയത് അടക്കമുള്ള ഏതെങ്കിലും നടപടിയില്‍ പരാതിയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഡെറ്റ് റിക്കവറി ട്രിബ്യൂണലില്‍ പരാതി നല്‍കാം. ഇതിന്റെ  തീരുമാനത്തിനു മേല്‍ അപ്പീലും നല്‍കാം. വില്‍പന സംബന്ധിച്ച പരാതികളിലും ഇതേ രീതിയില്‍ അപേക്ഷ ഫയല്‍ ചെയ്യുവാന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും. 

സര്‍ഫാസി  നടപടിക്രമങ്ങള്‍

∙ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനം ഈ നിയമപ്രകാരമുള്ള പവര്‍ ഓഫ് അറ്റോണിയോ അധികാര പത്രമോ നല്‍കുന്നു

∙ഡിമാന്റ് നോട്ടീസ് നല്‍കുന്നു. ഇത് രജിസ്‌ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്‌റിറിലോ കുറിയര്‍ വഴിയോ ഫാസ്‌ക് ആയോ ഇ മെയില്‍ ആയോ നല്‍കാം. ‌

∙നോട്ടീസ് കൈപ്പറ്റുന്നില്ലെങ്കില്‍ ഉപഭോക്താവിന്റെ താമസ, ബിസിനസ് സ്ഥലത്ത്  അതു പതിക്കുകയും പത്രത്തില്‍ പരസ്യം ചെയ്യുകയും വേണം. ഇങ്ങനെ പരസ്യം ചെയ്യേണ്ട രണ്ടു പത്രങ്ങളില്‍ ഒന്ന് ആവശ്യമായ പ്രചാരമുള്ള പ്രാദേശിക ഭാഷാ പത്രമായിരിക്കണം. 

∙ഒന്നിലേറെ വായ്പക്കാരുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം നോട്ടീസ് നല്‍കണം. 

∙മറുപടിയോ പരാതിയോ ലഭിച്ചാല്‍ അതില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളണം. 

∙ആസ്തിയുടെ കൈവശമേറ്റെടുക്കാന്‍ നിയമത്തിന്റെ 13(4) വകുപ്പു പ്രകാരമുള്ള നോട്ടീസ് നല്‍കണം. 

∙വസ്തുവിന്റെ പ്രതീകാത്മകമായ കൈവശമേറ്റെടുക്കല്‍ നടത്തണം. 

∙വസ്തുവിന്റെ യഥാര്‍ത്ഥ കൈവശമേറ്റെടുക്കലിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെയോ ജില്ലാ മജിസ്‌ട്രേട്ട് മുന്‍പാകെയോ അപേക്ഷ ഫയല്‍ ചെയ്യണം. 

∙ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റേയോ ജില്ലാ മജിസ്‌ട്രേട്ടിന്റേയോ ഉത്തരവ് പാലിക്കുക.

∙കോടതി റിസീവര്‍, പോലീസ് അധികാരികള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തുക.

∙വസ്തുവിന്റെ കൈവശപ്പെടുത്തല്‍ നടത്തിയതിനു ശേഷം വായ്പക്കാരനു നോട്ടീസ് നല്‍കുകയും അത് വസ്തുവില്‍ പതിപ്പിക്കുകയും ചെയ്യുക.

∙ഈ നോട്ടീസ് ഒരു പ്രാദേശിക ഭാഷാ പത്രം അടക്കം രണ്ടു മുന്‍നിര പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുക

∙ബാങ്കിന്റേയോ ധനകാര്യ സ്ഥാപനത്തിന്റേയോ പേര് വസ്തുവില്‍ പ്രദര്‍ശിപ്പിക്കുക.

∙ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക.

∙വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുക 

∙വസ്തുവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ ഏര്‍പ്പാടാക്കുക.

∙വില്‍പനയ്ക്ക് മുന്‍പായി അംഗീകൃത വാല്യുവറെ കൊണ്ട് മൂല്യ നിര്‍ണയം നടത്തിക്കുക. 

∙വായ്പക്കാരന് 30 ദിവസത്തെ വില്‍പന നോട്ടീസ് നല്‍കുക.

∙വസ്തു വില്‍പനയ്ക്കായി ക്വട്ടേഷനുകള്‍ നേടുകയോ ടെണ്ടറുകള്‍ സ്വീകരിക്കുകയോ പൊതു ലേലം നടത്തുകയോ സ്വകാര്യ ധാരണ ഒപ്പു വെക്കുകയോ ചെയ്യുക. 

∙പൊതു ടെണ്ടറുകള്‍ ക്ഷണിച്ചോ  പൊതു ലേലം നടത്തിയോ ആണ് വില്‍പന എങ്കില്‍ വില്‍പന വ്യവസ്ഥകള്‍ സൂചിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് ഒരു പ്രാദേശിക ഭാഷാ പത്രം അടക്കമുള്ള രണ്ട് മുന്‍നിര പത്രങ്ങളില്‍ നല്‍കണം.

∙നോട്ടീസും പരസ്യവും ബാങ്കിന്റെ വെബ് സൈറ്റിലും നല്‍കണം. 

∙പൊതു ലേലമോ ടെണ്ടറോ അല്ലാത്ത വില്‍പനകള്‍ കക്ഷികള്‍ക്കിടയില്‍ രേഖാമൂലമായിരിക്കണം നടത്തേണ്ടത്. 

∙ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന ആള്‍ക്ക് വില്‍പ്പന ഉറപ്പിക്കണം.

∙റിസര്‍വ് വിലയില്‍ കുറഞ്ഞ തുകയ്ക്ക് വില്‍പന ഉറപ്പിക്കരുത്. എന്നാല്‍ വായ്പക്കാരന്റെ സമ്മതത്തോടെ റിസര്‍വ് വിലയിലും കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്താം. 

∙വിലയുടെ 25 ശതമാനം ഉടനേയും ശേഷിച്ച തുക 15 ദിവസത്തിനകവും നിക്ഷേപിക്കണം. 

∙ശേഷിച്ച തുക നല്‍കിയില്ലെങ്കില്‍ ആദ്യം നല്‍കിയ തുക കണ്ടു കെട്ടുകയും പുനര്‍ വില്‍പന നടത്തുകയും ചെയ്യും. 

∙വില്‍പന ആധാരം നടപ്പാക്കുന്ന ദിവസം മുതലായിരിക്കും വസ്തുവിന്റെ വില്‍പന പ്രാബല്യത്തില്‍ വരുന്നത്. 

∙പണമടക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍  വാങ്ങിയ ആളുടെ പേരില്‍ ബാങ്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

∙വസ്തു വില്‍പന വഴി ബാങ്കിനുള്ള ബാധ്യതകള്‍ പൂര്‍ണമായി തീര്‍ന്നില്ലെങ്കില്‍ ശേഷിക്കുന്ന തുകയ്ക്കായി ബാങ്കിന് ഡെറ്റ് റിക്കവറി ട്രൈബ്യൂണലില്‍ പരാതി ഫയല്‍ ചെയ്യാനാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA