ADVERTISEMENT

നിങ്ങൾക്കുമാകാം കോടീശ്വരൻ. മാസം 6,679 രൂപ വീതം നിക്ഷേപിച്ചാൽ 20 വർഷംകൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം! മാസം ഇത്രയും  മാറ്റിവെയ്ക്കാനില്ലേ? വിഷമിക്കേണ്ട, 1,444 രൂപ വീതം നിക്ഷേപിച്ചാൽ 30 വർഷം കൊണ്ട്  കോടീശ്വരനാകാം.  

എന്താണ് ചെയ്യേണ്ടത് എന്നല്ലേ? ശരാശരി 15 ശതമാനം വാർഷികാദായം കിട്ടുന്ന മികച്ച ഒരു ഇക്വിറ്റി ഫണ്ട് കണ്ടെത്തി അതിൽ എസ്ഐപി അഥവാ സിപ് ചേരുക.  

എന്താണ് സിപ്? 

SIP -സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. അച്ചടക്കത്തോടെയുള്ള നിക്ഷേപ പദ്ധതിയെന്നേ അർഥമുള്ളൂ. മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി സമ്പത്ത് വളർത്താൻ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം നല്ലൊരു ഇക്വിറ്റിഫണ്ട് പദ്ധതി കണ്ടെത്തി അതിൽ സിപ് ചേരുക. നിങ്ങളുടെ പോക്കറ്റിനു താങ്ങാവുന്ന  ഒരു തുക എല്ലാ മാസവും നിശ്ചിത തീയതിയിൽ നിങ്ങൾ തിരഞ്ഞെടുത്ത പദ്ധതിയിൽ നിക്ഷേപിക്കുക. സിപ്പിനു അപേക്ഷിക്കുമ്പോൾ തന്നെ നിശ്ചിത ദിവസം ഓൺലൈനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മാസഗഡു  ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്ന സംവിധാനം  കൂടി റെഡിയാക്കാനാകും. പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത്  ഒരു കാര്യം മാത്രം. എല്ലാ മാസവും നിശ്ചിത ദിവസം ഗഡു തുക അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പാക്കുക.  

 എന്തുകൊണ്ട് ഇക്വിറ്റി ഫണ്ട്?

സാധാരണക്കാരന്റെ പോക്കറ്റിനിണങ്ങുന്ന തുക വെച്ച് 20, അല്ലെങ്കിൽ 30 വർഷം കൊണ്ട് ഒരു കോടി സമ്പാദിക്കണമെങ്കിൽ 15 ശതമാനത്തിലധികം വാർഷിക നേട്ടം നൽകുന്ന പദ്ധതി വേണം. ഇന്ന് ലഭ്യമായ നിക്ഷേപ പദ്ധതികളിൽ ഇത്ര ഉയർന്ന നേട്ടം നൽകാൻ കഴിയുന്നത് ഓഹരിക്കാണ്. അതല്ലെങ്കിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകൾക്ക്. ഓഹരിയിൽ നേരിട്ടു നിക്ഷേപിക്കാൻ  മടിക്കുന്ന  ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇക്വിറ്റി ഫണ്ടാകും അനുയോജ്യം. ദീർഘകാലാടിസ്ഥാനത്തിൽ 15 ശതമാനത്തിലിധം നേട്ടം നൽകുന്ന മികച്ച ഇക്വിറ്റി ഫണ്ടുകൾ ഉണ്ട്. അവ ഉപയോഗപ്പെടുത്തുക.

കൂട്ടു പലിശയാണ് സിപ്പിന്റെ ആദായം ആകർഷകമാക്കുന്നത്. അതിനാൽ കഴിയുന്നത്ര  ദീർഘമായ കാലയളവിലേക്ക് വേണം സിപ് ചേരാൻ.  ലാർജ് ക്യാപ്, മൾട്ടി ക്യാപ്,സ്മാൾ ക്യാപ്, ആദായനികുതി ഇളവു നൽകുന്ന ഇഎൽഎസ്എസ് എന്നീ  വിഭാഗങ്ങളിലെല്ലാം 15 ശതമാനത്തിലിധം നേട്ടം നൽകുന്ന ഫണ്ടുകൾ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികൾക്കുണ്ട്.  അവയിൽ നിന്നും അനുയോജ്യമായതു കണ്ടെത്തി സിപ് ചേരുക. നിങ്ങളുടെ സാമ്പത്തികാവശ്യത്തിനുള്ള സമ്പത്ത് വളർത്തിയെടുക്കുക. 

പത്തു വർഷമായി 15 ശതമാനത്തിലധികം നേട്ടം നൽകുന്ന ഏതാനും ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ  ഉദാഹരണമായി പട്ടികയിൽ കാണുക. ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടെന്നാൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള മുൻനിര ഓഹരികളിൽ നിക്ഷേപം നടത്തുന്നവയാണ്. ദീർഘകാലാടിസ്ഥാനത്തിൽ  സുരക്ഷിതമായി  സമ്പത്ത് വളർത്താൻ ഇവ സഹായകമാകും. 

Table
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com