ADVERTISEMENT

ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വന്‍കിട ഓഹരികളേക്കാള്‍ ചെറുകിട, ഇടത്തരം ഓഹരികളിലാണ് കുതിപ്പിനു കൂടുതൽ സാധ്യതയുള്ളത്. വ്യവസായ, നിര്‍മാണ മേഖലകള്‍, സ്വകാര്യ ബാങ്കുകള്‍, തെരഞ്ഞെടുത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍, ഇടത്തരം ഓഹരികള്‍ എന്നിവ താല്‍പ്പര്യം ഉണര്‍ത്തുന്നു. മികച്ച മൂല്യവും ലാഭവിഹിതവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ കുറഞ്ഞ നഷ്ടസാധ്യതകളോടെ മികച്ച പ്രതീക്ഷയാണു നല്‍കുന്നത്. 

രണ്ടാം എന്‍ ഡി എ സര്‍ക്കാരിന്റെ മികച്ച ജനപിന്തുണയുടെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതിനുള്ള ശക്തവും ക്രിയാത്മകവുമായ നിരവധി നീക്കങ്ങൾ വരും ദിനങ്ങളിലുണ്ടാകും. സര്‍ക്കാരിന്റെ ആദ്യ നൂറു ദിനങ്ങളില്‍ തന്നെ മികച്ച ചില നീക്കങ്ങള്‍ ഉണ്ടാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള ഇത്തരത്തിലുള്ള വാര്‍ത്തകളും എണ്ണവിലയിലെ ഇടിവും കടപത്ര വിപണിയുടെ നിലയുമെല്ലാം വിപണിയെ കൂടുതല്‍ മികച്ച നിലയിലേക്കു കൊണ്ടു പോകാനുള്ള സാധ്യതയാണു സൃഷ്ടിക്കുന്നത്. 

കഴിഞ്ഞ 18 മാസത്തെ അപേക്ഷിച്ച് ചെറുകിട, ഇടത്തരം മേഖല നിഫ്റ്റിയേയും സെന്‍സെക്‌സിനേയും മറികടക്കുന്ന മികച്ച പ്രകടനമാണു പ്രദര്‍ശിപ്പിച്ചതെന്നും ഇവിടെ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാൽശതമാനം കുറച്ച ശേഷം ജൂലൈ 5ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റാണ് വിപണിയെ സ്വാധീനിക്കാനിരിക്കുന്ന വലിയൊരു ഘടകം. 

ബജറ്റിനു ശേഷം വിപണിയെ പിന്നിലേക്കു വലിക്കാനിടയുള്ള ചില ഘടകങ്ങളെക്കുറിച്ചും മനസിലാക്കിയിരിക്കണം. വ്യാപാര യുദ്ധം, ഉപഭോഗത്തിലുള്ള കുറവ്, ത്രൈമാസ വരുമാനം, ഓഹരികളുടെ മൂല്യനിര്‍ണയം എന്നിവയാണ് ഈ ഘടകങ്ങള്‍. മണ്‍സൂണില്‍ ഉണ്ടായേക്കാവുന്ന കുറവ്, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ലാഭമെടുപ്പ് എന്നിവയും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചേക്കാവുന്ന ചില പ്രതികൂല ഘടകങ്ങളാണ്. 

ഈ പശ്ചാത്തലത്തില്‍ നിക്ഷേപയോഗ്യമായ ചില ഓഹരികളുടെ വിലയിരുത്തല്‍ കൂടി ശ്രദ്ധിക്കുക.

ഗെയില്‍ (ഇന്ത്യ)

സുപ്രധാന പൈപ്പ് ലൈനുകളുമായി ബന്ധപ്പെട്ട നിയന്ത്രിത നിരക്കുകളില്‍ വരുത്തിയ വര്‍ധന കമ്പനിക്കു ഗുണകരമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വാതക വിപണന മേഖലയിലെ സ്ഥായിയായ ലാഭം, ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച എന്നിവയെല്ലാം കമ്പനിക്കു ഗുണകരമായേക്കും. 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിലയിരുത്തല്‍ പ്രകാരം ഗെയില്‍ ഓഹരികള്‍ക്കു 455 നിലവാരമാണ് ഞങ്ങള്‍ നല്‍കുന്നത്. 

പവ്വര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

പവ്വര്‍ ഗ്രിഡ് കോര്‍പറേഷന്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കണക്കു കൂട്ടിയതിനേക്കാള്‍ 26 ശതമാനം വര്‍ധനവോടെ 3000കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചത്. മികച്ച മൂല്യമുളള കമ്പനി സമാന പ്രകടനം തുടരുമെന്നാണു വിലയിരുത്തല്‍. ഇതിനകം നല്‍കി കഴിഞ്ഞ 5.83 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിനു പുറമെ 2.5 രൂപയുടെ അന്തിമ ലാഭ വിഹിതം കൂടി പവ്വര്‍ ഗ്രിഡ് കോര്‍പറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 235 രൂപയെന്ന മൂല്യം ഇവിടെ തുടരാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മികച്ച രീതിയിലെ ചെലവു നിയന്ത്രണത്തിന്റേയും ആരോഗ്യകരമായ അറ്റപലിശ വരുമാനത്തിന്റേയും പശ്ചാത്തലത്തില്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 800കോടി രൂപയുടെ ലാഭമാണ് എസ്.ബി.ഐ. രേഖപ്പെടുത്തിയിരിക്കുന്നത്. 410 രൂപയെന്ന വാങ്ങല്‍ വില തുടരാനാണ് ഇവിടെ നിര്‍ദ്ദേശിക്കാനുള്ളത്. 

ഹിമത്‌സിൻക സിഡേ (എച്ച്.എസ്.എല്‍.)

ഇന്ത്യയില്‍ നിര്‍മാണ സൗകര്യവും അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ചെറുകിട വിതരണവും ഉള്ള ആഭ്യന്തര ടെക്സ്റ്റൈല്‍സ് സ്ഥാപനമാണ് എച്ച്.എസ്.എല്‍. വരുമാനത്തിന്റെ 75-80 ശതമാനവും തങ്ങളുടെ സ്വന്തം ലൈസന്‍സ്ഡ്  ബ്രാന്‍ഡുകളിലൂടെയാണ് നേടുന്നത്. അമേരിക്കയിലും യൂറോപ്പിലും മികച്ച ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ലൈസന്‍സ് ഉള്ള എച്ച്.എസ്.എല്ലിന് ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യ വില 290 രൂപയാണ്. 

എം. ആന്റ് എം. ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ്

വാഹന വില്‍പ്പനയിലെ മാന്ദ്യം  ഈ കമ്പനിയുടെ സമീപ ഭാവിയിലെ ബിസിനസിനെ ബാധിക്കാനിടയുണ്ട്. ഇതിനിടെ മണ്‍സൂണ്‍ പ്രതീക്ഷകളും പുതിയ സര്‍ക്കാരിന്റെ ഗ്രാമീണ മേഖലയിലെ ചെലവഴിക്കലുകളും മറ്റ് പുതിയ സാധ്യതകളും നല്‍കുന്നു. വായ്പാ മേഖലയില്‍ 23-24 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഞങ്ങള്‍ വിലയിരുത്തിയിരുന്നത്. ഇത് 15-18 ശതമാനമായി കുറക്കേണ്ട സ്ഥിതിയാണ്. 2021 മാര്‍ച്ചിലേക്ക് 500 രൂപയുടെ മൂല്യമാണു നിര്‍ണയിച്ചിരിക്കുന്നത്. 

ലേഖകൻ കോട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ഫണ്ടമെന്റൽ റിസർച്ച് വിഭാഗം വൈസ് പ്രസിഡന്റാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com