ADVERTISEMENT

വിപണി എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയും സമ്പദ്ഘടനയുടെ മുന്നേറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നിക്ഷേപവുമായി നീങ്ങുന്നതാവും ഉത്തമം. ഒറ്റയടിക്കു മുഴുവന്‍ തുകയും നിക്ഷേപിക്കുന്നതിനേക്കാള്‍ ക്രമമായി ഇവ നിക്ഷേപിക്കുന്നതായിരിക്കും മികച്ച രീതി. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ നിന്നു ന്യായമായ നേട്ടം ലഭിക്കുമെന്നതിൽ നിക്ഷേപകര്‍ക്കു പ്രതീക്ഷയുണ്ട്. ഇതേ സമയം വിപണി തികച്ചും ശ്രദ്ധേയമായ ചില സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുന്നത്. ഒരു വശത്ത് പ്രതികൂലമായ ചില സൂചനകളും മറുവശത്ത് വളരെ അനുകൂലമായ ചില സൂചനകളുമാണു നമുക്കു കാണാനാവുന്നത്. വളര്‍ച്ചയുടെ ഗതിവേഗം കുറയുന്നതും മിക്കവാറും ബിസിനസുകളും മന്ദീഭവിച്ചിരിക്കുന്നതും കാണാം. ജി.ഡി.പി. ആണെങ്കില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയായ 5.8 ശതമാനം ആണ്. ഉയര്‍ന്ന തൊഴിലില്ലായ്മ, വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍, വ്യാപാര പങ്കാളിത്തം സംബന്ധിച്ച ട്രമ്പിന്റെ നടപടി തുടങ്ങിയവയെല്ലാം ആശങ്കകള്‍ വിതറുന്ന ഘടകങ്ങളാണ് ഇതേ സമയം എണ്ണ വിലയിടിവ്, റിസര്‍വ് ബാങ്കിന്റെ നിരക്കു കുറക്കല്‍, ഉയര്‍ന്നു വരുന്ന ചരക്കു സേവന നികുതി പിരിവ് തുടങ്ങിയ അനുകൂല ഘടകങ്ങളുമുണ്ട്. 

ഇതിനിടെ ഫണ്ടുകള്‍ ഒഴുകിയെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സമ്പദ്ഘടന മുന്നേറുമെന്ന പ്രതീക്ഷയില്‍ വിപണി എക്കാലത്തേയും ഉയര്‍ന്ന നിലയിലുമാണ്. കേന്ദ്രത്തിലെ സ്ഥിരതയുള്ള സര്‍ക്കാര്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പരിഷ്‌ക്കാരങ്ങള്‍ക്കു നടപടിയെടുക്കുമെന്നും പ്രതീക്ഷയുണ്ട്. 

ചെറുകിട, ഇടത്തരം മേഖലയിലെ മിക്കവാറും കമ്പനികള്‍ അവയുടെ താഴ്ന്ന നിലയിലായിരുന്നു. സമ്പദ്ഘടന വളരുന്നതോടെ ഈ രംഗത്തും തിരിച്ചു വരവു പ്രതീക്ഷിക്കാം. ഇപ്പോഴത്തെ വിപണി പശ്ചാത്തലത്തില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് മ്യൂചല്‍ ഫണ്ടുകളില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയില്‍ എസ്.ഐ.പി പോലുള്ളവയിലൂടെ അര്‍ത്ഥവത്തായ നിക്ഷേപങ്ങള്‍ നടത്തുന്നത് താരതമ്യേന സുരക്ഷിതമാണ്. 

സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, സിമന്റ്, റിയല്‍ എസ്റ്റേറ്റ്, മൂലധന വസ്തുക്കള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയിലെ തിരഞ്ഞെടുത്ത ഓഹരികള്‍ എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, രാംകോ സിമന്റ് തുടങ്ങിയവ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള കാലയളവിലേക്കു മികച്ച സാധ്യതയുള്ളവയാണ്. ഡിജിറ്റലായി സ്വര്‍ണ നിക്ഷേപം നടത്തുന്നതിന്റെ ചെലവു കുറഞ്ഞിട്ടുള്ളതും ലിക്വിഡിറ്റി ഉയര്‍ന്നിരിക്കുന്നതും നിക്ഷേപകര്‍ പരിഗണിക്കേണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റും നിക്ഷേപകര്‍ക്കു പരിഗണിക്കാവുന്നതാണ് ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ രൂപത്തിലെ സ്വര്‍ണം, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കടപത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് യൂണിറ്റുകളും ഒരേ ഡീമാറ്റ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കാവുന്നതാണ്.

ലേഖിക കോഴിക്കോട്ടെ അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ഉടമയാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com