ADVERTISEMENT

കുട്ടി ജനിക്കുമ്പോൾത്തന്നെ പ്ലാനിങ്ങും തുടങ്ങണം. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഇപ്പോഴെ കരുതണം. ദീർഘകാല നിക്ഷേപങ്ങളാണ് കുട്ടികൾക്കായി നല്ലത്. റിസ്ക് ഉള്ളതും സർക്കാരിന്റെ സുരക്ഷയുറപ്പുള്ളതുമായ വ്യത്യസ്ത നിക്ഷേപരീതികൾ ഇവിടെ തിരഞ്ഞെടുക്കാവുന്നതാണ്. ലോക്ക്–ഇൻ‍–പിരീഡ് ഉള്ള പോളിസികളും അനുയോജ്യമാകും. ഓഹരി, മ്യൂച്വൽ ഫണ്ട്, എസ്ഐപി തുടങ്ങിയവയുടെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നൽകുന്ന ഫണ്ടുകൾ നോക്കി തിരഞ്ഞെടുക്കാം. ഓഹരി വിപണി റിസ്ക് കൂടുതലാണെങ്കിലും 20 വർഷമെന്ന നീണ്ട കാലയളവ് ഗുണം ചെയ്യും. 

3–4 വയസ്സു മുതൽ 22 വയസ്സു വരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കരുതണം. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ ആവശ്യമാണെങ്കിൽ 20 വർഷം കഴിയുമ്പോൾ 8% പണപ്പെരുപ്പം കൂടി കണക്കാക്കിയാൽ 93.2 ലക്ഷം രൂപ വേണ്ടിവരും. ഇപ്പോൾ 9,330 രൂപ മാസം നിക്ഷേപിച്ചാലേ 20 വർഷം കഴിയുമ്പോൾ അന്ന് 93.2 ലക്ഷം രൂപ ഉണ്ടാക്കാൻ പറ്റൂ.    

മ്യൂച്വൽ ഫണ്ട്

ഏറ്റവും ആകർഷകവും മികച്ച നേട്ടം ഉണ്ടാക്കാവുന്നതും മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്. കുറേ വർഷത്തേക്ക് നിക്ഷേപിക്കുന്നതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക നേടാൻ കഴിയും. മിക്കവയും 80സി പ്രകാരം നികുതി ആനുകൂല്യം ഉള്ളവയുമാണ്. ആക്സിസ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ പ്രോ, ടാറ്റ, യുടിഐ തുടങ്ങിയവയ്ക്ക് കുട്ടികൾക്കായുള്ള പ്ലാനുകൾ ഉണ്ട്. 

ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവക്ക് ഇക്വിറ്റി ഫണ്ടുകളും അനുയോജ്യമാണ്. ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇക്വിറ്റി ഫണ്ട് വഴി നിക്ഷേപം നടത്താം. റിക്സ് കൂടുതലാണെങ്കിലും നേട്ടവും കൂടുതലായിരിക്കും. വിപണി മൂല്യം അനുസരിച്ച് പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

ഓഹരി 

ഏറ്റവും നേട്ടം ഉണ്ടാക്കാൻ പറ്റുന്നതും അതുപോലെ നഷ്ട സാധ്യതയുള്ളതുമായ മേഖലയാണ് ഓഹരി വിപണി. ഭാവിയിലും മൂല്യം ഉറപ്പാക്കാൻ പറ്റുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. ഒരുപക്ഷേ, നിക്ഷേപകാലയളവിനും മുൻപുതന്നെ മികച്ച ലാഭം നേടാൻ ഓഹരിയെക്കാൾ നല്ലൊരു ഓപ്ഷൻ ഇല്ല. 

എസ്ഐപി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു രക്ഷിതാക്കൾക്കു തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് സിസ്റ്റമാറ്റിക്ഇൻവെസ്റ്റ്മെന്റ് പ്ലാൻ. മ്യൂച്വൽ ഫണ്ട് എസ്ഐപിയാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്. 

എസ്ഐപിയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒട്ടേറെ പ്ലാനുകൾ ഉണ്ട്. ആദിത്യ ബിർള സൺലൈഫ് ഇക്വിറ്റി ഫണ്ട്, റിലയൻസ് ലാർജ് കാപ് ഫണ്ട്, കനറ റൊബീകൊ എമേർജിങ് ഇക്വിറ്റിസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ഇക്വിറ്റി ആൻഡ് ഡെറ്റ് തുടങ്ങിയവ കുട്ടികൾക്കായുള്ള എസ്ഐപി പ്ലാനുകളാണ്.

പിപിഎഫ്

സർക്കാരിന്റെ വളരെ സുരക്ഷിതമായ പ്ലാൻ ആണ് പിപിഎഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ബാങ്കുകൾ, പോസ്റ്റ്ഓഫീസ് വഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ഒരു വർഷം ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മാസാമാസം നിശ്ചിത ഗഡുക്കളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാവുന്നതാണ്. 15 വർഷത്തേക്കാണ് കാലയളവ്. 15 വർഷം പൂർത്തിയായാൽ വേണമെങ്കിൽ പണം പിൻവലിക്കുകയോ നാലു വർഷത്തേക്ക് വീണ്ടും തുടരുകയോ ചെയ്യാം. ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ഒരു വർഷം നിക്ഷേപിച്ചിരിക്കണം. ഇല്ലെങ്കിൽ അക്കൗണ്ട് റദ്ദാകും. സർക്കാരാണ് പലിശ നിശ്ചയിക്കുന്നത്. നിലവിൽ 8% ആണ് പലിശ. മൂന്നു വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ വായ്പ അനുവദിക്കും. കൂട്ടുപലിശ ആയതിനാൽ മികച്ച വളർച്ച ഓരോ വർഷവും ഉണ്ടാകും. 80സി പ്രകാരം പൂർണമായും നികുതി ഇളവ് കിട്ടും. 

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ മുൻനിർത്തിയാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. പെൺകുട്ടിയുള്ള മാതാപിതാക്കൾക്കു മാത്രമേ ഈ പദ്ധതിയിൽ ചേരാൻ പറ്റൂ. 8.5% ആണ് പലിശ. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ പണം ചെലവഴിക്കാം. പോസ്റ്റ് ഓഫീസ്, ബാങ്കുകൾ വഴി അക്കൗണ്ട് തുടങ്ങാം. പെൺകുട്ടി ജനിക്കുന്നതു മുതൽ പത്ത് വയസ്സുവരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും സുകന്യ സമൃദ്ധിയിൽ ചേരാം. 1,50,000 ലക്ഷം രൂപ വരെ ഒരു വർഷം നിക്ഷേപിക്കാം. നികുതി ഇളവ് ലഭിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com