ADVERTISEMENT

ഒരു തിരഞ്ഞെടുപ്പിലെ കനത്ത വിജയത്തിനുശേഷം വരുന്ന ബജറ്റില്‍ വലിയ സോപ്പ് പ്രതീക്ഷിക്കുന്നത് ശരിയല്ലെങ്കിലും ഇടത്തരം വരുമാന വിഭാഗക്കാരുടെ പ്രശ്നങ്ങളെ പ്രഥമ ഫുള്‍ടൈം വനിതാ ധനമന്ത്രി പരിഗണിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കാര്യമായി പരിഗണിച്ചിട്ടില്ല എന്നാണ് ബജറ്റുമായി ബന്ധപ്പെട്ട് ഇതേവര വന്ന വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. ആദായ നികുതിയുടെ കാര്യത്തില്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകള്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നത് സ്വാഗതാര്‍ഹം. പുതുതായി ഇളവുകള്‍ പ്രഖ്യാപിച്ചത് രണ്ട് തരം വായ്പകള്‍ക്കാണ്. ഭവന വായ്പയിലും വാഹനവായ്പയിലുമാണ് ആ ഇളവുകള്‍. വാങ്ങുന്ന ആല്ലെങ്കില്‍ നിര്‍മിക്കുന്ന വീടിന്റെ വില 45 ലക്ഷം രൂപയില്‍ താഴെയാണ് എങ്കില്‍ ഭവന വായ്പാ പലിശയിനത്തില്‍ മുടക്കുന്ന 3.5 ലക്ഷം രൂപയ്ക്കുവരെ ഇളവ് ലഭിക്കും. നേരത്തെ രണ്ട് ലക്ഷം രൂപയ്ക്കുവരെ ഇളവ് ലഭിക്കും. അതാണ് ഇപ്പോള്‍ 3.5 ലക്ഷം രൂപയാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയുടെ 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്കും ഈ സാമ്പത്തിക വര്‍ഷം ആദായ നികുതി ഇളവ് ലഭിക്കും. 

 

പക്ഷേ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പുതുതായി പ്രഖ്യാപിച്ച രണ്ട് അധിക ഇളവുകളും ഇടത്തരക്കാര്‍ പണം ചിലവഴിച്ചാല്‍ മാത്രം കിട്ടുന്നതാണ്. അതായത് വീട് നിര്‍മിക്കാനും വാഹനം വാങ്ങാനും തയ്യാറാകുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. പകരം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചാലോ സമ്പാദിച്ചാലോ അത് നിക്ഷേപിച്ചാലോ ഒരു അധിക ഇളവുമില്ല.  യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സമ്പാദ്യമാണ് രാജ്യപുനര്‍നിര്‍മിതിയുടെ അടിത്തറ എന്ന് ഭരണകര്‍ത്താക്കള്‍ കൂടെക്കുടെ പറയുമെങ്കിലും ഇടത്തരക്കാരുടെ വെല്‍ത്ത് ക്രിയേഷനുവേണ്ട സമീപനങ്ങള്‍ പൊതുവേ ഉണ്ടാകാറില്ല. ഇക്കുറിയും അങ്ങനെ തന്നെ സംഭവിച്ചു എന്നതാണ്  ദൗര്‍ഭാഗ്യകരം. ഇപ്പോള്‍ രണ്ട് വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് ഇടത്തരക്കാരെ മനസില്‍ കണ്ടല്ല. മറിച്ച് ഭവന നിര്‍മ്മാണ, ഇലക്ട്രിക് വാഹന നിര്‍മാണ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാനാണ്. കൂടുതല്‍ പേര്‍ ഈ ഇളവുകള്‍ കൂടി പരിഗണിച്ച് ഈ വായ്പകള്‍ എടുത്താല്‍ ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് അതു ഗുണകരമാകും. 

 

കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഇളവ് നല്‍കുകയോ നിക്ഷേപ ഇളവ് പരിധിയായ സെക്ഷന്‍ 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപവര്‍ധിപ്പിക്കുകയോ ഇക്കുറിയും ചെയ്തിട്ടില്ല. എത്രയോ വര്‍ഷങ്ങളായുള്ള ഇടത്തരക്കാരുടെ ആവലാതിയാണ് 80 സി പരിധി വര്‍ധിപ്പിക്കണം എന്നത്. മന്ത്രമാരും ഭരണകൂടങ്ങളും മാറിമാറി വന്നിട്ടും അതില്‍ കാര്യമായ മാറ്റത്തിന് കളമൊരുങ്ങുന്നില്ല. പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങളുടെ ഓഹരി അടങ്ങുന്ന ഇ.റ്റി.എഫ് നിക്ഷേപത്തിന് നികുതി ആനുകൂല്യം നല്‍കുന്നകാര്യം മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചതായി കണ്ടു. എന്നാല്‍ അതും 80 സിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് സാധ്യത. എന്‍.പി.എസില്‍ അധികമായി നിക്ഷേപിക്കുന്ന 50,000 രൂപയുടെ നിക്ഷേപത്തിന് 80 സിക്ക് പുറത്ത് നേരത്തെ ഇളവ് ലഭിക്കുമായിരുന്നു. അതേക്കുറിച്ച് പ്രസംഗത്തില്‍ എന്തെങ്കിലും പരാമര്‍ശിച്ചതായി കാണുന്നില്ല. ബജറ്റിന്റെ കുടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നാലേ അത് തുടരുമോ എന്നറിയാന്‍ കഴിയൂ. സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ കൂട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വിലക്കയറ്റവും നാണ്യപ്പെരുപ്പവും വര്‍ധിക്കുന്നത്  മന്ത്രി കണക്കിലെടുത്ത്  അത് കൂട്ടുമെന്നുമായിരുന്നു ഇടത്തരക്കാരുടെ പ്രതീക്ഷ. രണ്ടാമതെ നിര്‍മിക്കുന്ന വീടിന് എടുക്കുന്ന വായ്പയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന അധിക ആദായ നികുതി ഇളവ് വീണ്ടും കൊണ്ടുവരുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.ഒരു വീട് പണിത് വാടകയ്ക്ക് നല്‍കി  അല്‍പ്പം അധിക വരുമാനം നേടാന്‍ ഈ ഇളവ്   ഇടത്താരക്കാര്‍ക്ക് വലിയ കരുത്തായിരുന്നു. ഇത്തരത്തിലുള്ള ഇടത്തരം വരുമനക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ പലതും പതിവുപോലെ ഇക്കുറിയും അവഗണിക്കപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com