ആധാർ നമ്പര്‍ തെറ്റിക്കരുതേ, 10,000 രൂപ പിഴയീടാക്കും

HIGHLIGHTS
  • പിഴ ഈടാക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും
fm-nirmala-sitharaman
SHARE

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിവരങ്ങള്‍ നല്‍കുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ ഇനി മുതല്‍  10,000 രൂപ പിഴ നല്‍കേണ്ടി വരും. ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ ഈടാക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

ആദായ നികുതി നിയമവുമായി ബന്ധപ്പെട്ട് സുപ്രധാന നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റിച്ചാല്‍ ഓരോ തവണയും  10,000 രൂപ പിഴ നല്‍കേണ്ടി വരും. ഐടി നിയമത്തിന്റെ 272ബി വകുപ്പിന് താഴെയാണ് ഈ ഭേദഗതി വരുന്നത്. 

പിഴ നല്‍കേണ്ടത് ആരെല്ലാം?

പുതിയ വ്യവസ്ഥ അനുസരിച്ച് ആധാര്‍ നമ്പര്‍ തെറ്റിച്ച് നല്‍കുന്ന വ്യക്തി മാത്രമല്ല അതിന്റെ ആധികാരികത ഉറപ്പ് വരുത്താതിരുന്ന വ്യക്തിയും പിഴ നല്‍കേണ്ടി വരും.

10,000 രൂപ പിഴ എന്തുകൊണ്ട് ? 

2019 സെപ്റ്റംബര്‍ 1 മുതല്‍  ആദായ നികുതി  റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും ഉയര്‍ന്ന തുകയിലുള്ള പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാം എന്ന് ധനമന്ത്രി  ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം എന്ന പ്രഖ്യാപനം ഇതുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതാണ്.

നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാകുന്നതിനായി ആളുകള്‍ തെറ്റായ ആധാര്‍ നമ്പര്‍ ഉപയോഗിക്കില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഇത്രയും ഉയര്‍ന്ന തുക പിഴയായി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ എന്നാണ് സൂചന.പിഴ ഈടാക്കും മുമ്പ് ആധാര്‍ നമ്പര്‍ തെറ്റിച്ച് നല്‍കിയതിന്റെ കാരണം ബോധിപ്പിക്കാനും  വിശദീകരണം നല്‍കാനും അവസരം നല്‍കും. 

നിലവില്‍ രാജ്യത്തെ പാന്‍കാര്‍ഡ് ഉടമകളുടെ എണ്ണം 42 കോടി  ആണെങ്കില്‍ ആധാര്‍ കാര്‍ഡ് ഉടമകളുടെ എണ്ണം 120 കോടി  ആണ്. ഇതില്‍ 22 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. അതിനാല്‍  പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനുള്ള തീരുമാനം  കൂടുതല്‍ പേര്‍ക്ക്  സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കും എന്നാണ് പ്രതീക്ഷ. ഇനിമുതല്‍ ബാങ്കിലെ പണമിടപാടുകള്‍ക്കും  നികുതി അടക്കാനും പാനിന് പകരം ആധാര്‍  നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍,  ശരിയായ ആധാര്‍ നമ്പറാണ് ഇതിനെല്ലാം ആളുകള്‍ ലഭ്യമാക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്, എങ്കില്‍ മാത്രമെ ആദായ നികുതി വകുപ്പിന്  ഇടപാടുകള്‍ കൃത്യമായി പിന്തുടരാനും കൃത്യമായി നികുതി പിരിച്ചെടുക്കാനും കഴിയു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA