ADVERTISEMENT

സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ലഭ്യമാക്കുന്ന സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാം. 2019-20 സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകളുടെ മൂന്നാം ഘട്ടത്തിന്റെ വിതരണമാണിപ്പോൾ നടക്കുന്നത്. ആഗസ്‌റ്റ്‌ 9 വരെ അപേക്ഷിക്കാം. 2019 ആഗസ്‌റ്റ്‌ 14 ന്‌ ബോണ്ടുകള്‍ അനുവദിക്കും. ആഭ്യന്തര സ്വര്‍ണ്ണവില റെക്കോഡ്‌ ഉയരത്തിലേക്ക്‌ എത്തിയതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ ഗോള്‍ഡ്‌ ബോണ്ടുമായി എത്തിയിരിക്കുന്നത്‌. 

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ 2019-20 മൂന്നാം ഘട്ടത്തിന്റെ ഇഷ്യു വില ഗ്രാമിന്‌ 3,499 രൂപയാണ്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക്‌ ഗ്രാമിന്‌ 50 രൂപ ഇളവ്‌ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്‌. 

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

ഇന്ത്യന്‍ പൗരന്‍മാര്‍, ട്രസ്റ്റുകള്‍, കാരുണ്യ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം നിക്ഷേപം നടത്താം. ഒറ്റക്കും കൂട്ടായും നിക്ഷേപം നടത്താം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ വേണ്ടി രക്ഷകര്‍ത്താക്കള്‍ക്ക്‌ നിക്ഷേപം നടത്താം. 

ലഭ്യത 

∙ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങാം. 

∙ബാങ്കുകള്‍, പോസ്‌റ്റ്‌ ഓഫീസുകള്‍, സ്‌റ്റോക്‌ ഹോള്‍ഡിങ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി നിക്ഷേപം നടത്താം. 

∙ആര്‍ബിഐയുടെ വെബ്‌സൈറ്റിലും ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. 

∙ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ്‌ സംവിധാനം ഉപയോഗിച്ച്‌ ബോണ്ടിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. 

പലിശ 

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വര്‍ഷം 2.50 ശതമാനം നിരക്കില്‍ പലിശ ലഭ്യമാക്കും. നിക്ഷേപകരുടെ അക്കൗണ്ടിലേക്ക്‌ വര്‍ഷത്തിന്റെ പകുതിയില്‍ പലിശ എത്തും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആ സമയത്തെ പലിശ കൂടി ചേര്‍ത്തായിരിക്കും തുക നല്‍കുക. 

 കാലാവധി

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിന്റെ കാലാവധി 8 വര്‍ഷമാണ്‌. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബോണ്ടിന്റെ മൂല്യം അപ്പോഴത്തെ സ്വര്‍ണ്ണ വിലക്ക്‌ അനുസൃതമായിരിക്കും. 

 കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്‌

കാലാവധി പൂര്‍ത്തിയാകും മുമ്പെ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ വിറ്റുമാറാന്‍ അനുവദിക്കും. അതിന്‌ ബോണ്ടില്‍ നിക്ഷേപം തുടങ്ങി അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകണം. കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി ആര്‍ബിഐ ആണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ പുറത്തിറക്കുന്നത്‌. ഗോള്‍ഡ്‌ ബോണ്ടുകളുടെ പ്രവര്‍ത്തനം വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെട്ടിരിക്കും. പ്രതിവര്‍ഷം ലഭിക്കുന്ന പലിശക്ക്‌ വിപണി വിലയുമായി ബന്ധമില്ല, പലിശക്ക്‌ ഉറപ്പുണ്ടായിരിക്കും. ബോണ്ടുകള്‍ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്താം. 

 നികുതി 

ഗോള്‍ഡ്‌ ബോണ്ടുകളില്‍ നിന്നും നേടുന്ന പലിശക്ക്‌ നികുതി ബാധകമാണ്‌ . നിക്ഷേപകന്റെ നികുതി സ്ലാബ്‌ അടിസ്ഥാനമാക്കിയായിരിക്കും ഇത്‌. അതേസമയം ഗോള്‍ഡ്‌ ബോണ്ടില്‍ നിന്നും ലഭിക്കുന്ന പലിശക്ക്‌ ടിഡിഎസ്‌ ബാധകമല്ല. 

എട്ട്‌ വര്‍ഷത്തിന്‌ ശേഷം കാലാവധി പൂര്‍ത്തിയാക്കി ബോണ്ടുകള്‍ വിറ്റുമാറുമ്പോള്‍ ലഭിക്കുന്ന തുകയെ മൂലധന നേട്ട നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. അതേസമയം കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടം എന്ന നിലയില്‍ നികുതി നല്‍കണം. മൂന്ന്‌ വര്‍ഷമോ അതില്‍ കൂടുതലോ വർഷം ബോണ്ടുകള്‍ കൈവശം വെച്ചതിന്‌ ശേഷമാണ്‌ വില്‍ക്കുന്നതെങ്കില്‍ 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം. മൂന്ന്‌ വര്‍ഷത്തിന്‌ മുമ്പാണ്‌ വില്‍ക്കുന്നതെങ്കില്‍ നിക്ഷേപകന്റെ നികുതി സ്ലാബ്‌ അനുസരിച്ച്‌ നികുതി നല്‍കണം. 

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വായ്‌പക്ക്‌ ഈടായി ഉപയോഗിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com