sections
MORE

സൗകര്യപൂർവം വാങ്ങാം ഇ–സ്വര്‍ണം, കള്ളനെ പേടിക്കുകയും വേണ്ട

HIGHLIGHTS
  • വില കുത്തനെ ഉയരുന്നുവെങ്കിലും ഇപ്പോൾ നിക്ഷേപിച്ചാലും നേട്ടമുണ്ടാക്കാം
gold-biscuits
SHARE

ഇന്ത്യക്കാരുടെ പ്രിയ നിക്ഷേപം ഇന്നും സ്വർണം തന്നെ.അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള രാജ്യം എന്ന പദവി ഇന്ത്യ കൈയാളുന്നത്.പണലഭ്യത കൂടുതലാണെന്നതും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ആണ്  സ്വർണത്തിന്റെ നിക്ഷേപമെന്ന ആകര്‍ഷണീയത വർധിപ്പിക്കുന്നത്. ആഗോളതലത്തിലെയും ഇന്ത്യയിലെയും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി അത്ര പെട്ടെന്ന് സാധ്യമല്ലാത്തതിനാൽ സ്വര്‍ണവിലയിൽ കാര്യമായ ഇടിവ് അടുത്തെങ്ങും പ്രതീക്ഷിക്കേണ്ട. 

ഏത്‌ നിക്ഷേപ പോര്‍ട്‌ഫോളിയോയുടെയും അവിഭാജ്യ ഘടകമാണ്‌ സ്വർണം. സാധാരണക്കാരന്റെ നിക്ഷേപ വിഹിതത്തിൽ പോലും 15 ശതമാനമെങ്കിലും സ്വർണമുണ്ടാകണമെന്നാണ് പറയുന്നത്.സ്വർണനാണയങ്ങള്‍, സ്വർണക്കട്ടികള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതാണ്‌ പരമ്പരാഗതമായുള്ള പ്രധാന സ്വർണനിക്ഷേപം. എന്നാൽ ഗോള്‍ഡ്‌ ഇടിഎഫ്‌ (എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍), ഗോള്‍ഡ്‌ ഫണ്ടുകള്‍, ഗോള്‍ഡ്‌ ഫ്യൂച്ചേഴ്‌സ്‌ തുടങ്ങി സ്വർണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി പുതിയ അവസരങ്ങള്‍ ഇന്നുണ്ട്‌. ഈ ആധുനിക നിക്ഷേപമാർഗങ്ങള്‍ ഇ-ഗോള്‍ഡായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. ഡീമാറ്റ്‌ (പേപ്പര്‍) രൂപത്തിലായതിനാല്‍ മോഷ്ടിക്കപ്പെടും എന്ന ഭയവും വേണ്ട.

സ്വർണക്കട്ടികളിലോ (ഗോള്‍ഡ്‌ ബുള്ള്യന്‍) സ്വർണ ഉൽപാദക കമ്പനികളിലോ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ട്‌ അല്ലെങ്കില്‍ ഇടിഎഫ്‌ ആണ്‌ ഗോള്‍ഡ്‌ ഫണ്ട്‌ എന്നറിയപ്പെടുന്നത്‌. ഈ ഫണ്ടുകളിലെ ഓഹരികളുടെ വിലയും സ്വർണവിലയും പരസ്‌പരം ബന്ധപ്പെട്ടിരിക്കും. 

ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ 

പണപ്പെരുപ്പത്തില്‍നിന്നും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളില്‍നിന്നും മൂലധനം സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്‌. ഗോള്‍ഡ്‌ ഇടിഎഫില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ്‌ ഗോള്‍ഡ്‌ ഫണ്ട്‌. നിക്ഷേപകര്‍ക്ക്‌ ഡീമാറ്റ്‌ അക്കൗണ്ട്‌ ആവശ്യമില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത. മറ്റ്‌ മ്യൂച്വല്‍ ഫണ്ടുകളിലേതുപോലെ നിക്ഷേപവും നടത്താം. ഗോള്‍ഡ്‌ ഫണ്ടുകള്‍ വഴി സ്വർണത്തില്‍ എസ്‌ഐപി നിക്ഷേപവും നടത്താവുന്നതാണ്. 

ഗോള്‍ഡ്‌ ഇടിഎഫ്‌

ഈ ഫണ്ടിന്റെ അടിസ്ഥാനം ഭൗതികരൂപത്തിലുള്ള സ്വർണമാണ്‌. അതിനാല്‍ ഇതിന്റെ മൂല്യം സ്വർണവിലയെ ആശ്രയിച്ചിരിക്കും. നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെയും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതെയും സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അുയോജ്യമാണ്‌ ഗോള്‍ഡ്‌ ഇടിഎഫ്‌. സ്വർണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകള്‍. ഈ മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമിന്റെ യൂണിറ്റുകള്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്‌തിരിക്കും. ഡീമാറ്റ്‌ അക്കൗണ്ടും ട്രേഡിങ്‌ അക്കൗണ്ടും തുടങ്ങിക്കൊണ്ട്‌ ഗോള്‍ഡ്‌ ഇടിഎഫുകള്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകളില്‍നിന്നു വാങ്ങാം. 

ഓഹരിയധിഷ്‌ഠിത ഗോള്‍ഡ്‌ ഫണ്ടുകള്‍

ഈ ഫണ്ടുകള്‍ നേരിട്ട്‌ സ്വർണത്തില്‍ നിക്ഷേപിക്കില്ല പകരം സ്വർണ ഖനനം, ഉൽപാദനം, വിൽപന എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കമ്പനികളിലായിരിക്കും നിക്ഷേപം നടത്തുക. ഈ ഫണ്ടുകളുടെ പ്രകടനം ഫണ്ട്ഹൗസുകളുടെയും നിക്ഷേപം നടത്തുന്ന ഓഹരികളുടെയും പ്രകടനത്തെ ആശ്രയിച്ചായിരിക്കും. ഫണ്ടുകളുടെ ആദായം നിക്ഷേപം നടത്തിയിരിക്കുന്ന സ്വർണ ഖനന കമ്പനികളുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും. 

ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ (ഇടിഎഫ്‌) 

ഇന്ത്യയില്‍ 2007 മാര്‍ച്ച്‌ മുതല്‍ ഗോള്‍ഡ്‌ ഇടിഎഫുകള്‍ വ്യാപാരം നടത്തുന്നുണ്ട്‌. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒട്ടേറെ സാമ്പത്തിക സ്ഥാപനങ്ങള്‍ ഗോള്‍ഡ്‌ ഇടിഎഫ്‌ സ്‌കീമുകള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്‌. 

ഗോള്‍ഡ്‌ ഫ്യൂച്ചേഴ്‌സ്‌

കമോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭ്യമാകുന്ന മറ്റൊരു ആധുനിക സ്വർണനിക്ഷേപ മാർഗമാണ്‌ ഗോള്‍ഡ്‌ ഫ്യൂച്ചേഴ്‌സ്‌. ഇലക്ട്രോണിക്‌ മാര്‍ഗത്തിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ഊഹക്കച്ചവടം നടത്താനും ഇതിലൂടെ കഴിയും. അപ്രതീക്ഷിതമായി വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടത്തെ പ്രതിരോധിക്കാന്‍ ഗോള്‍ഡ്‌ ഫ്യൂച്ചേഴ്‌സ്‌ മികച്ച മാര്‍ഗമാണ്‌. ഫ്യൂച്ചേഴ്‌സിന്റെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ നിക്ഷേപകര്‍ക്കു സ്വർണമായിട്ടോ പണമായിട്ടോ തിരിച്ചെടുക്കാം. ഉയര്‍ന്ന പണലഭ്യതയാണ്‌ ഈ നിക്ഷേപത്തിന്റെ മുഖ്യ ആകര്‍ഷണം.

കമോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭ്യമാകുന്ന പ്രധാന ഗോള്‍ഡ്‌ ഫ്യൂച്ചറുകള്‍

∙ഗോൾഡ്

ഈ കരാറില്‍ വിതരണം ചെയ്യുന്ന കുറഞ്ഞ അളവ്‌ 995 പരിശുദ്ധിയോടു കൂടിയ ഒരു കിലോ സ്വർണം ആണ്‌. ക്ലിയറിങ്‌ ഹൗസ്‌ സംവിധാനത്തോടു കൂടിയ പ്രധാന വിതരണ കേന്ദ്രം അഹമ്മദാബാദിലാണ്‌. കൊച്ചി, ചെന്നൈ, ഹൈദരാബാദ്‌, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങിളിലും വിതരണ കേന്ദ്രങ്ങള്‍ ഉണ്ട്‌.

∙ഗോള്‍ഡ്‌ മിനി

ഈ കരാറിലെ കുറഞ്ഞ വിതരണ അളവ്‌ 995 പരിശുദ്ധിയോടു കൂടിയ 100 ഗ്രാം സ്വർണമാണ്‌. ക്ലിയറിങ്‌ ഹൗസ്‌ സംവിധാനത്തോടു കൂടിയ പ്രധാന വിതരണ കേന്ദ്രം അഹമ്മദാബാദിലാണ്‌.കൊച്ചി, ചെന്നൈ,ഹൈദരാബാദ്‌,ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ്‌ മറ്റു വിതരണ കേന്ദ്രങ്ങള്‍. 

ഗോള്‍ഡ്‌ ഗിനിയ 

ഈ കരാറിലെ കുറഞ്ഞ വിതരണ അളവ്‌ 999 പരിശുദ്ധിയോടു കൂടിയ 8 ഗ്രാം സ്വർണമാണ്‌. പ്രധാന വിതരണ കേന്ദ്രം മുംബൈയും മറ്റുള്ളവ അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ്‌. 

ഗോള്‍ഡ്‌ പെറ്റല്‍

നറുക്കിന്റെ (ലോട്ട്‌) അളവ്‌ ഒരു ഗ്രാം ആണെങ്കിലും ഈ കരാറിന്റെ കുറഞ്ഞ വിതരണ അളവ്‌ 999 പരിശുദ്ധിയോടു കൂടിയ 8 ഗ്രാം സ്വർണമാണ്‌. പ്രധാന വിതരണ കേന്ദ്രം മുംബൈയും മറ്റുള്ളവ അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ്‌ 

11മികച്ച ഗോള്‍ഡ്‌ ഫണ്ടുകള്‍

∙ ആക്‌സിസ്‌ ഗോള്‍ഡ്‌ ഫണ്ട്‌

∙ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ ഗോള്‍ഡ്‌ ഫണ്ട്

∙ കാനറ റൊബേക്കോ ഗോള്‍ഡ്‌ സേവിങ്‌സ്‌ ഫണ്ട്‌

∙ എച്ച്‌ഡിഎഫ്‌സി ഗോള്‍ഡ്‌ ഫണ്ട്‌

∙ ഐസിഐസിഐ പ്രു റെഗുലര്‍ ഗോള്‍ഡ്‌ സേവിങ്‌സ്‌ ഫണ്ട്‌

∙ ഐഡിബിഐ ഗോള്‍ഡ്‌ ഫണ്ട്‌

∙ ഇന്‍വെസ്‌കോ ഇന്ത്യ ഗോള്‍ഡ്‌ ഫണ്ട്‌

∙ കൊട്ടക്‌ ഗോള്‍ഡ്‌ ഫണ്ട്‌

∙ ക്വാണ്ടം ഗോള്‍ഡ്‌ സേവിങ്‌ ഫണ്ട്‌

∙ റിലയന്‍സ്‌ ഗോള്‍ഡ്‌ സേവിങ്‌സ്‌ ഫണ്ട്‌

∙ എസ്‌ബിഐ ഗോള്‍ഡ്‌ ഫണ്ട്‌

12 മികച്ച ഗോള്‍ഡ്‌ ഇടിഎഫുകള്‍

∙ ആക്‌സിസ്‌ ഗോള്‍ഡ്‌ ∙ ബിര്‍ള സണ്‍ലൈഫ്‌ ഗോള്‍ഡ്‌ ഇടിഎഫ്‌ ∙ കാനറ റെബേക്കോ ഗോള്‍ഡ്‌ ഇടിഎഫ്‌ ∙ എച്ച്‌ഡിഎഫ്‌സി ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ ഐഡിബിഐ ഗോള്‍ഡ്‌ ഇടിഎഫ്‌ ∙ കോട്ടക്‌ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ക്വാണ്ടം ഗോള്‍ഡ്‌ ഫണ്ട്‌ (ഇടിഎഫ്‌) ∙ റിലയന്‍സ്‌ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ റെലിഗെയര്‍ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ എസ്‌ബിഐ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ ∙ യുടിഐ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌.

ലേഖകൻ കൊച്ചിയിലെ അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡിന്റെ ഓൺലൈൻ ബിസിനസ് ഡയറക്ടറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA