ADVERTISEMENT

ഓഹരിയുൾപ്പടെയുള്ള ധനകാര്യ ഉൽപ്പന്നങ്ങളെ കുറിച്ച് മുംബൈയിലെ ഇംപെറ്റസ് വെൽത്ത് മാനേജ്മെന്റിന്റെ പ്രിൻസിപ്പൽ ഓഫീസര്‍ പി ആർ ദിലീപ് സംസാരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും സജീവമായ സാമ്പത്തിക വിപണികളിലൊന്നാണ് ഇന്ത്യയുടേത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ അത് വളരെ വളർച്ച പ്രാപിച്ചിട്ടുണ്ട്. സുതാര്യത,കാര്യക്ഷമത, ചലനാത്മകത ഇവയൊക്കെ ഇന്ത്യൻ വിപണിയുടെ പ്രത്യേകതകളാണ്. വളരെ സങ്കീർണമായൊരു സംവിധാനമാണതെന്ന് നിസംശയം പറയാം. നിക്ഷേപകർ,നിക്ഷേപമേഖലകൾ, വിവിധങ്ങളായ നിക്ഷേപ അവസരങ്ങൾ, വിവിധ നിക്ഷേപമധ്യവർത്തികൾ, നിയന്ത്രണ ഏജൻസികൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഓഹരി വിപണിയുടെ നിയന്ത്രണത്തിനായി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), ബാങ്കിങ് സംവിധാനത്തിന്റെ നിയന്ത്രണത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്‍ഷുറൻസിന്റെ നിയന്ത്രണത്തിനായി ഇൻഷുറൻസ് റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎ) എന്നിവരാണ് ഇന്ത്യൻ വിപണിയിലെ പ്രധാന വിപണി നിയന്ത്രണക്കാർ. ഇവരുടെ എല്ലാം പ്രവർത്തനങ്ങൾ സുതാര്യത അടിസ്ഥാനമാക്കിയാണ്. പരമ്പരാഗത നിക്ഷേപമാർഗങ്ങളായ സ്വർണം,ഭൂമി,ചിട്ടി എന്നിവയെക്കാളും സുതാര്യവും സുരക്ഷിതവുമാണ് ഈ ധനകാര്യ വിപണിയുടെ പ്രവർത്തനങ്ങൾ.

dileep1
ഇംപെറ്റസ് വെൽത്ത് മാനേജ്മെന്റിന്റെ പ്രിൻസിപ്പൽ ഓഫീസര്‍ പി ആർ ദിലീപ്

ഇൻഷുറൻസിൽ നിക്ഷേപിച്ചാൽ എന്താണ് കുഴപ്പം? 

കേരളത്തിൽ ബാങ്ക് നിക്ഷേപം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ നിക്ഷേപമായി കരുതുന്നത് ഇന്‍‍ഷുറൻസ് ആണ്. ഇത് തെറ്റായ രീതിയാണ്.അത് റിസ്ക് കുറയ്ക്കാനുള്ള ഉപകരണമാണ്.അടുത്തത് ഓഹരിയാണ്, എന്നാൽ കേരളത്തിലെ നിക്ഷേപകർക്ക് ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഓഹരി എത്രത്തോളം സ്വീകാര്യമാണ് എന്നെനിക്ക് അറിയില്ല.ഇവിടെ കൂടുതലും ഓഹരിയിലെ ട്രേ‍ഡർമാരും ഊഹക്കച്ചവടക്കാരുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ദീർഘകാല നിക്ഷേപകർ  അവരുടെ നിക്ഷേപശൈലി മ്യൂച്ച്വൽ ഫണ്ടിലൂടെ ആക്കി മാറ്റിയിട്ടുണ്ട്. എന്നാലും ഈ രീതി കേരളത്തിൽ ഇന്ത്യയുടെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിപ്പോഴും.

മ്യൂച്ച്വൽ ഫണ്ട് എങ്ങനെയാണ്  പ്രവർത്തിക്കുന്നത്?

മ്യൂച്ച്വൽ ഫണ്ട് എന്നു പറഞ്ഞാൽ കടുത്ത നിയന്ത്രണങ്ങളുള്ള സെബിയുടെ കീഴിൽ വരുന്ന ഒരു നിക്ഷേപ സംവിധാനമാണ്.43  മ്യൂച്ച്വൽ ഫണ്ടു കമ്പനികൾ ഇന്ത്യയിലുണ്ട്. അവ പല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രൊഫഷണലായിട്ടുള്ള ഫണ്ടു മാനേജർമാർ പല രീതിയിലുള്ള സ്കീമുകൾ മാനേജ് ചെയ്യുന്നുണ്ട്. ഇതിൽ ഇക്വിറ്റി സ്കീമാണെങ്കിൽ 100 ശതമാനം ഓഹരിയിലും ഡെറ്റ് സ്കീമാണെങ്കിൽ മുഴുവനും കടപ്പത്രങ്ങളിലുമായിരിക്കും നിക്ഷേപം കൈകാര്യം ചെയ്യുക.ഹൈബ്രിഡ് സ്കീമാണെങ്കിൽ ഇതിന്റെ രണ്ടിന്റേയും സംയുക്തമായിരിക്കും നിക്ഷേപം .ഫണ്ട് മാനേജർക്ക് ആരുടെ പണമാണ് കൈകാര്യം ചെയ്യുന്നത് എന്നതിൽ ധാരണയുണ്ടാകില്ല. ആ ഉത്തരവാദിത്തം നിക്ഷേപകനാണ്. അതായത് താൻ ഏതു തരത്തിലുള്ള പദ്ധതിയിലാണ് നിക്ഷേപിക്കുന്നത് എന്നതിനെ കുറിച്ച് നിക്ഷേപകന്‍ മനസിലാക്കിയിരിക്കണം.താൻ നിക്ഷേപിക്കാനുദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിച്ചതിനുശേഷമേ പദ്ധതി തിരഞ്ഞെടുക്കാവു.അങ്ങനെയെങ്കിൽ മികച്ചൊരു നിക്ഷേപരീതിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com