ADVERTISEMENT

വിപണിയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ കൂടുതല്‍ നഷ്ടമൊഴിവാക്കാനായി കയ്യിലുള്ള ഓഹരികളെല്ലാം വിറ്റു മാറുന്നതിനെ കുറിച്ചു പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇടിവിനെ തുടര്‍ന്നുള്ള വന്‍ കുതിപ്പും വിപണിയിലുണ്ടാകാറുണ്ട്. ധനമന്ത്രി നിർമല സീതാരാമന്റെ  സെപ്റ്റംബര്‍ 19 -ലെ പ്രഖ്യാപനങ്ങളുടെ സമയത്ത് ഇത്തരത്തിലൊരു പ്രവണതയാണല്ലോ വിപണിയില്‍ ഉണ്ടായിരുന്നത്. പക്ഷേ, ആര്‍ക്കാണിതൊക്കെ പ്രവചിക്കാനാവുക? ആസ്തികള്‍ ശാസ്ത്രീയമായി വകയിരുത്തുക എന്നതാണ് ഇവിടെ നിക്ഷേപകര്‍ക്കു മുന്നിലുള്ള മാര്‍ഗം. 

എല്ലാ മുട്ടയും ഒരേ കുട്ടയിലിടരുത്

ഓഹരി വിപണിയെക്കുറിച്ചുള്ള ഭീതി മൂലം നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും കടപത്ര അനുബന്ധ മേഖലയിലേക്കു മാറ്റണോ? ഒരു പഴഞ്ചൊല്ലാണ് ഇതിനു മറുപടിയായി പറയാനാവുക. എല്ലാ മുട്ടയും ഒരേ കുട്ടയിലിടരുത്. ആസ്തികള്‍ വകയിരുത്തുമ്പോഴും ഇതു മനസിലുണ്ടാകണം. അതായത് എല്ലാ പണവും ഒരിടത്തു തന്നെ നിക്ഷേപിക്കരുത്. ഒരൊറ്റ മേഖലയില്‍ തന്നെ എല്ലാ പണവും നിക്ഷേപിക്കുകയാണെങ്കില്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ വളരെ വലുതും ഏറ്റവും ഉയര്‍ന്നതുമായ നേട്ടം കൈവരിക്കാനാവുമെന്നതു വസ്തുതയാണ്. പക്ഷേ, നഷ്ടസാധ്യതകളാണ് അതിലേറെ കൂടുതല്‍. എന്നാല്‍ വിവിധ മേഖലകളിലായി നിക്ഷേപം വകയിരുത്തുകയാണെങ്കില്‍ അവയെല്ലാം ഒരേ സമയം ഇടിയുവാന്‍ സാധ്യതയില്ലല്ലോ. ഒരേ സംഭവത്തോടു തന്നെ വിവിധ നിക്ഷേപ മേഖലകള്‍ വ്യത്യസ്ത രീതികളിലാവും പ്രതികരിക്കുക എന്നതിനാലാണിത്. 

ഒരു നിക്ഷേപ മേഖലയില്‍ നഷ്ടമുണ്ടാകുമ്പോള്‍ അതിനെ പരിഹരിക്കുന്ന രീതിയിലുള്ള പ്രകടനമാകും അടുത്ത മേഖലയില്‍ ഉണ്ടാകുക. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഓഹരികള്‍ 51 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ കടപത്രങ്ങള്‍ 28 ശതമാനത്തോളം വരുമാനം നല്‍കിയത് ഇവിടെ നല്ലൊരു ഉദാഹരണമാണ്. 

ആസ്തികളുടെ കൃത്യമായ വകയിരുത്തൽ പ്രധാനം

ഇത്തരത്തില്‍ ആസ്തികള്‍ വകയിരുത്തുന്നതിനുള്ള പ്രാധാന്യം തെളിയിക്കുന്ന നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. ആസ്തികളുടെ കൃത്യമായ വകയിരുത്തലാണ് നിക്ഷേപത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലെ പ്രകടനത്തില്‍ 91 ശതമാനത്തോളം സ്വാധീനം ചെലുത്തുന്നത്. ഓഹരികളുടെ തിരഞ്ഞെടുപ്പും വിപണിയിലെ സമയക്രമവുമെല്ലാം അഞ്ചും രണ്ടും ശതമാനം വീതം സംഭാവനകളേ നല്‍കുന്നുള്ളു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 

വൈവിധ്യവൽക്കരണം അനിവാര്യം

നിങ്ങളുടെ നിക്ഷേപ രീതിക്കു മേലുള്ള വൈകാരിക ഘടകങ്ങളുടെ സ്വാധീനമാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ഓഹരി വിപണി മുകളിലേക്കു കുതിക്കുമ്പോള്‍ അവിടെ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള ആഗ്രഹം ഉടലെടുക്കുന്നതു സ്വാഭാവികമാണ്. കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള അത്യാഗ്രഹവും ഉണ്ടാകും. നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് എതിരാകും. കാരണം നിങ്ങളുടെ നിക്ഷേപങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതു നേരിട്ടു കാണുമ്പോൾ വൈവിധ്യവല്‍ക്കരണം ആവശ്യമില്ല എന്ന തോന്നൽ ശക്തമാകും. 

ഇനി അതിന്റെ മറുവശം കണക്കിലെടുക്കാം. ഓഹരി വിപണി താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ നിക്ഷേപം നടത്തുകയും അത് ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ പുറത്തു കടക്കുകയും ചെയ്യുക എന്നതില്‍ വിശ്വസിക്കുന്നയാളാണ് നിങ്ങള്‍ എന്നു കരുതുക. പക്ഷേ, എപ്പോഴാണ്  വിപണി അതിന്റെ ഉയര്‍ന്ന നിലയിലേക്കോ  താഴ്ന്ന നിലയിലേക്കോ എത്തുന്നതെന്ന് എങ്ങനെ പ്രവചിക്കും?   അല്ലെങ്കില്‍ എങ്ങനെ കണക്കു കൂട്ടും.?  രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വിപണി ഉയരുകയും താഴുകയും ചെയ്യുകയെന്നത് ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും വെല്ലുവിളികളും വര്‍ധിപ്പിക്കും. നികുതിയും മറ്റ് നടപടിക്രമങ്ങളും അടക്കമുള്ള കാര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇതിനു പുറമെയാണ്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ നിങ്ങളുടെ ആസ്തി വകയിരുത്തല്‍ ഈ രംഗത്തെ വിദഗ്ദ്ധരെ ചുമതലപ്പെടുത്തുന്നതാണ് ഏറ്റവും നല്ല ആശയം. 

തുടർച്ചയായ വിലയിരുത്തൽ

നിക്ഷേപകര്‍ക്ക് സുഗമമായി ആസ്തി വകയിരുത്തല്‍ നടത്താന്‍ സാധിക്കുന്ന രീതിയില്‍ ഡൈനാമിക് അസറ്റ് അലോക്കേഷന്‍ അല്ലെങ്കില്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികള്‍ ലഭ്യമാക്കാന്‍ സെബി മ്യൂചല്‍ ഫണ്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും വലുതും ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ച വെക്കുന്നതുമായ പദ്ധതിയാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടിന്റെ അസറ്റ് അലോക്കേറ്റര്‍ ഫണ്ട്. ഫണ്ട് ഹൗസിലെ വിദഗ്ധരായ ഫണ്ട് മാനേജര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. 

തങ്ങളുടേതായ വികാരങ്ങള്‍ തീരുമാനങ്ങളെ ബാധിക്കാതിരിക്കാനായി സ്ഥാപനത്തിനകത്തു നിന്നുള്ള സംഘത്തിന്റെ വിലയിരുത്തലുകളേയും ഇതിനായി ആശ്രയിക്കുന്ന രീതിയുണ്ട്. വിപണിയുടെ നീക്കങ്ങള്‍ ഈ സംഘം തുടര്‍ച്ചയായി വിലയിരുത്തുകയും കൈക്കൊള്ളേണ്ട നീക്കങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. ഓഹരി വിപണിയിലെ മൂല്യനിര്‍ണയം ഉയര്‍ന്ന തോതിലാണെങ്കില്‍ അവിടെയുള്ള നിക്ഷേപങ്ങള്‍ കുറക്കാന്‍ ഈ പ്രക്രിയയിലൂടെ നിര്‍ദേശം നല്‍കും. 

ഇതേ സമയം മൂല്യനിര്‍ണയം കുറഞ്ഞ നിലയിലാണെങ്കില്‍ ഓഹരി നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഫണ്ട് മാനേജര്‍മാരെ പ്രോല്‍സാഹിപ്പിക്കും. നിക്ഷേപകരെന്ന നിലയില്‍ ഇത്തരം മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും. ഏറ്റവും മികച്ച രീതിയിലെ ആസ്തി വകയിരുത്തല്‍ മാത്രമല്ല, ഏറ്റവും കുറഞ്ഞ നഷ്ട സാധ്യതയോടെ മികച്ച വരുമാനമുണ്ടാക്കാനും ഇതു സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com