ഉത്സവ കാലമായി ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം

HIGHLIGHTS
  • ഒക്ടോബര്‍ 7 ന് വിതരണം തുടങ്ങും
  • വില ഗ്രാമിന് 3,788 രൂപ
  • ഗോള്‍ഡ് ബോണ്ടുകള്‍ ഈ മാസം രണ്ട് തവണ വിതരണം ചെയ്യും
gold-coin
SHARE

ദസറ, ദീപാവലി തുടങ്ങി വിവിധ ഉത്സവങ്ങള്‍ വരുന്നതിനാല്‍ ഈ മാസം സ്വര്‍ണ്ണത്തിന്റെ ആവശ്യകത ഉയരുമെന്നാണ് പ്രതീക്ഷ. ഇത് മുന്‍ നിര്‍ത്തി ഈ മാസം രണ്ട് ഘട്ടങ്ങളിലായി ഗോള്‍ഡ് ബോണ്ടുകളുടെ വിതരണം നടത്താനാണ് ആര്‍ബിഐയുടെ തീരുമാനം. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഈ മാസം രണ്ട് തവണ വിതരണം ചെയ്യുമെന്ന് ആര്‍ബിഐ അറിയിച്ചു . സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ 2019-20 സീരീസ് 5ന്റെ വിതരണം ഒക്ടോബര്‍ 7 ന് തുടങ്ങി 11 ന് അവസാനിക്കും. ഗ്രാമിന് 3,788 രൂപയാണ് ഗോള്‍ഡ് ബോണ്ടിന് നിശ്ചയിച്ചിരിക്കുന്ന പുതിയ നിരക്ക്.

രണ്ടാംഘട്ട വിതരണം ആരംഭിക്കുന്നത് ഒക്ടോബര്‍ 15 ന് ആണ്. 2019-20 സീരീസ് 6 ഗോള്‍ഡ് ബോണ്ടുകള്‍ ഒക്ടോബര്‍ 30 വരെ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ആണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത്.

സോവറിന്‍ ഗോള്‍ഡ് ബോണ്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

∙ ഗോള്‍ഡ് ബോണ്ടിലെ കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ് . വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല് കിലോ ഗ്രാമാണ്. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം നിക്ഷേപം നടത്താം.

∙ ഗോള്‍ഡ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നത് വിതരണം ചെയ്യുന്ന കാലയളവിന് മുമ്പുള്ള മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ്.

∙ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ പേമെന്റ് നടത്തുന്നവര്‍ക്കും ഇഷ്യൂ നിരക്കില്‍ 50 രൂപയുടെ ഇളവ് ആര്‍ബിഐ ലഭ്യമാക്കും.

∙ ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്.

∙ വര്‍ഷം 2.5 ശതമാനം നിരക്കില്‍ പലിശ ലഭ്യമാക്കും. അര്‍ധ വാര്‍ഷികമായി പലിശ നല്‍കും.

∙ ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി 8 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വില തൊട്ട് മുമ്പുള്ള മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ് നിരക്കായിരിക്കും.

∙ കാലാവധി തീരും മുമ്പെ ആവശ്യമെങ്കില്‍ ഗോള്‍ഡ് ബോണ്ട് വിറ്റുമാറാം. എന്നാല്‍ അതിന് നിക്ഷേപം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണം.

∙ ഗോള്‍ഡ് ബോണ്ടുകള്‍ വായ്പകള്‍ക്ക് ഈടായി നല്‍കാം.

∙ ഗോള്‍ഡ് ബോണ്ടിന് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണ്.

∙ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മൂലധന നേട്ട നികുതി ബാധകമാകില്ല. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍, ഭൗതിക സ്വര്‍ണ്ണ തുടങ്ങിയ മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മാത്രമായി ലഭിക്കുന്ന നികുതി ആനുകൂല്യമാണ് ഇത്

∙ നേരത്തെ എക്‌സിറ്റ് ഓപ്ഷന്‍ നല്‍കികൊണ്ടാണ് ഗോള്‍ഡ് ബോണ്ടുകള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തുന്നത്. വിപണിയിലെ സ്വര്‍ണ്ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം. വിപണിയിലെ ബോണ്ടുകളുടെ വില, സ്വര്‍ണ്ണ വില, ബോണ്ടുകളുടെ ലഭ്യത, വിതരണം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും.

∙ ഇന്ത്യന്‍ പൗരന്‍മാര്‍, ട്രസ്റ്റുകള്‍ , കാരുണ്യ സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം.

∙ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം.

∙ ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും , ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA