ADVERTISEMENT

ഓഹരി വിപണിയിൽ തുടർച്ചയായ നാലാമത്തെ വ്യാപാര ദിനത്തിലും മുന്നേറ്റം തുടർന്ന സെൻസെക്സ് തിങ്കളാഴ്ച വീണ്ടും 40,000 പോയിന്റ് കടന്ന് ഉയർന്ന നേട്ടം കുറിച്ചു. 220 പോയിന്റ് നേട്ടത്തോടെ 40,051 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി ആകട്ടെ 57 പോയിന്റ് ഉയർന്ന്11,844ലാണ് അവസാനിച്ചത്. സെൻസെക്സ് 260 പോയിന്റു കൂടി ഉയർന്നാൽ പുതിയ റെക്കോർഡിലെത്തും.സ്റ്റേറ്റ് ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷൻ തു‍ടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.ഒക്ടോബർ 9നു ശേഷം 11 വ്യാപാര ദിനങ്ങളിലായി സെൻസെക്സ് 2500 പോയിന്റുയർന്നു.ഇക്കാലയളവിൽ രാജ്യത്തെ നിക്ഷേപകർക്ക് 11 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ലഭിച്ചത്.

ദീപാവലി ദിനത്തിൽ പുതിയ സംവത്  2076 തുടക്കം കുറിച്ചത് ഓഹരി വിപണിക്കു നേട്ടത്തോടെയായിരുന്നു. രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് വെട്ടികുറച്ചതും ബാങ്കുകളിൽ പണലഭ്യത ഉയർത്തിയതും  വാഹന വിപണിയിൽ ചെറിയ മുന്നേറ്റം ഉണ്ടായതും വിപണിക്ക് കരുത്ത് പകർന്നു. ഇൻകം ടാക്സ് പരിധിയിൽ അനുകൂല നടപടി വരും എന്നാണ് വിപണിയിൽ ഉള്ളവർ കരുതുന്നത്. ഓഹരി നിക്ഷേപത്തിൽ നിന്നും കിട്ടുന്ന ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി എടുത്തു കളയുമെന്ന പ്രഖ്യാപനം വന്നാൽ ഓഹരി വിപണിയിൽ വൻകുതിപ്പുണ്ടാകും. ഇത് സംബന്ധിച്ച് സർക്കാരിൽ നിന്നും വ്യക്തമായ അറിയിപ്പ് ഇതു വരെ ഇല്ല എങ്കിലും വിപണിയിൽ ശുഭ പ്രതീക്ഷയാണുള്ളത്. 

വിവിധ ബ്രോക്കിങ് സ്ഥാപനങ്ങളും ഓഹരി വിപണിക്ക് ഇപ്പോൾ നല്ല സമയം ആണെന്ന്പ്രവചിക്കുന്നു.യുഎസും ചൈനയും തമ്മിലുള്ള  വ്യാപാര യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന വാർത്തയും അനുകൂലമാണ്.  കേന്ദ്രസർക്കാർ കോർപ്പറേറ്റ് മേഖലയ്ക്ക് കൂടുതൽ ഉത്തേജന പാക്കേജുകൾ കൊണ്ടുവരും എന്ന പ്രതീക്ഷയുണ്ട്. ഡിവിഡൻഡ് വിതരണത്തിലും വിപണിക്ക് അനുകൂലമായ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിൽ  പണപ്പെരുപ്പം കൂടിയാവുമ്പോൾ നിക്ഷേപകർക്ക്  ചില നിക്ഷേപങ്ങളിൽ ആകർഷണം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ  ദീർഘകാല ഓഹരി നിക്ഷേപത്തിനു പ്രിയമേറുന്നതായാണ് നിക്ഷേപകരുടെ  വർദ്ധിച്ചു വരുന്ന എണ്ണം കാണിക്കുന്നത്. ഓഹരി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പുതിയ നിക്ഷേപകർ ചെറിയരീതിയിൽ എസ് ഐ പി നിക്ഷേപം ദീർഘകാലത്തേക്ക് ആരംഭിക്കുന്നതായിരിക്കും നല്ലത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com