എഫ്ഡി ആണോ കൂടുതൽ നേട്ടം കിട്ടാൻ ട്രഷറിയിൽ നിക്ഷേപിക്കാം

Mail This Article
ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിനു പലിശ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മികച്ച പലിശ കിട്ടാൻ ട്രഷറിയിൽ നിക്ഷേപിക്കാം. മികച്ച പലിശ മാത്രമല്ല നിക്ഷേപം പൂർണമായും സുരക്ഷിതമായിരിക്കും. ഒരു വർഷത്തിലധികം കാലയളവിൽ നിക്ഷേപിച്ചാൽ 8.5 % പലിശ ലഭിക്കും. നിക്ഷേപങ്ങൾക്കു പൂർണമായും സർക്കാർ ഗ്യാരണ്ടി. എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസംതന്നെ പലിശ ലഭ്യമാകും.
വ്യക്തിഗത നിക്ഷേപമായതിനാൽ യാതൊരുവിധ ട്രഷറി നിയന്ത്രണവും ബാധകമല്ല. നിക്ഷേപിക്കുന്ന സമയത്തെ നിരക്കിൽത്തന്നെ കാലാവധി അവസാനിക്കുന്നതുവരെ പലിശ ലഭിക്കും. മാത്രമല്ല കേരളത്തിലെ ഏതു ട്രഷറിയിൽനിന്നു വേണമെങ്കിലും നിക്ഷേപകർക്കു പലിശ പിൻവലിക്കാം. ചെക്ക്, മൊബൈൽ ബാങ്കിങ് മുഖേന നിക്ഷേപകർക്കു പലിശ പിൻവലിക്കാൻ സൗകര്യമുണ്ട്. ട്രഷറിയിൽ വളരെ തിരക്കുള്ള സമയത്തും കാലാവധിയെത്തിയ തുക എത്രയായാലും പിൻവലിക്കാം. ഭാവിയിൽ ഓൺലൈൻ, എടിഎം സൗകര്യവും ലഭ്യമായേക്കാം.
ട്രഷറിയിൽ നിക്ഷേപിക്കേണ്ടതെങ്ങനെ?
സ്ഥിര നിക്ഷേപം നടത്തുന്നതിനായി ട്രഷറിയിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങണം. കെവൈസി പൂരിപ്പിച്ച ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ തുടങ്ങിയവും നൽകി പുതിയ അക്കൗണ്ട് തുറക്കാം.
സ്ഥിര നിക്ഷേപത്തിന് ഒരു വർഷത്തിനു മുകളിലാണ് നിക്ഷേപമെങ്കിൽ 8.5 ശതമാനമാണ് പലിശ നിരക്ക്. 181 ദിവസം മുതൽ 365 ദിവസം വരെയള്ള നിക്ഷേപത്തിന് 8 ശതമാനവും 91 ദിവസം മുതൽ 180 ദിവസം വരെയുള്ളതിന് 7.25 ശതമാനവും 46 ദിവസം മുതൽ 90 ദിവസം വരെയുള്ളതിന് 6.5 ശതമാനവുമാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471–2290262