sections
MORE

ഭൂമിയും ആധാറുമായി ബന്ധിപ്പിക്കും, അധിക ആസ്തിയ്ക്ക് നികുതി വന്നേക്കാം

HIGHLIGHTS
  • പദ്ധതി നടപ്പിലാവുന്നതോടെ സ്വന്തമായോ ബിനാമി പേരിലോ ഉള്ള ഭൂമി അഥവാ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെല്ലാം ആധാറുമായി ബന്ധപ്പെടുത്തേണ്ടി വരും
land
SHARE

വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ആലോച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ പൊടി തട്ടിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതി നടപ്പിലാവുന്നതോടെ സ്വന്തമായോ ബിനാമി പേരിലോ ഉള്ള ഭൂമി അഥവാ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെല്ലാം നിര്‍ബന്ധമായും ആധാറുമായി ബന്ധപ്പെടുത്തേണ്ടി വരും. ഇതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള കള്ളപ്പണ വ്യാപനം തടയാമെന്നാണ് സര്‍ക്കാര്‍ കരുതുന്നുത്.  ഭൂമിയില്‍ ബിനാമി പേരില്‍ വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് സര്‍ക്കാരിന്റ വിലയിരുത്തല്‍.

ഭൂമി ആധാറുമായി ബന്ധിപ്പിച്ചാല്‍

ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ ഈ രംഗത്ത് ബിനാമി ഇടപാടുകള്‍ക്ക് അറുതി വരും. ഇത് നടപ്പാവുന്നതോടെ ഒരാളുടെ ഉടമസ്ഥതിയിലുള്ള റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ കൃത്യമായ കണക്ക്  സര്‍ക്കാരിന് ലഭിക്കും. വന്‍തോതില്‍ കള്ളപ്പണം ഭൂമിയിലേക്ക് നിക്ഷേപിക്കപ്പെടുന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അനിയന്ത്രിതമായ കുതിച്ച് ചാട്ടത്തിനും പിന്നീട് പിന്നോട്ട് പോക്കിനും ഇടയാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഭൂമി ഇപ്പോള്‍ സാധാരണക്കാരന് അന്യമാക്കപ്പെട്ടതിന് പിന്നിലും ഭൂമാഫിയയുടെ കള്ളപ്പണമാണെന്നാണ് വിലയിരുത്തല്‍. 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രത്യേകിച്ചും.
 
പിഴയടച്ച് വെളുപ്പിക്കാം

ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിന് ശേഷം കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈയിടെ ഒരാള്‍ക്ക് കൈയ്യില്‍ സൂക്ഷക്കാവുന്ന സ്വര്‍ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത വന്നത്. രാജ്യത്ത് സ്വര്‍ണത്തില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന കണക്കുകൂട്ടലാണ് ഇതിനും പിന്നില്‍. കണക്കില്‍ കൂടുതല്‍ കൈയ്യിലുള്ള സ്വര്‍ണം ഗോള്‍ഡ് ആംനസ്റ്റി പദ്ധതി പ്രകാരം മാര്‍ക്കറ്റ് വിലയുടെ 33 ശതമാനം നികുതി അടച്ച് വെളുപ്പിച്ചെടുക്കാമെന്നായിരുന്നു വാര്‍ത്തകള്‍.മുമ്പ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികള്‍ എടുത്തപ്പോഴും ഇങ്ങനെ നികുതിയടച്ച് 'ഒളിപ്പിച്ച' പണത്തിന് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയിരുന്നു. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ കൈവശമുളള ഭൂമിയ്ക്ക് കണക്ക് ലഭിക്കും. ബിനാമി പേരിലോ മറ്റ് രഹസ്യ നിക്ഷേപമായിട്ടോ ഭൂമിയോ ബന്ധപ്പെട്ട ആസ്തിയോ ഉണ്ടെങ്കില്‍(പരമാവധി ഒരാള്‍ക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയ്ക്ക് ഇപ്പോള്‍ തന്നെ പരിധിയുണ്ട് .കൃഷി ഭൂമി/തോട്ടങ്ങള്‍ക്ക് പരിധിയില്‍ ആനുകൂല്യമുണ്ട്) അത്തരക്കാര്‍ക്ക് വന്‍ നികുതിയൊടുക്കി അതിനെ 'വെള്ള' നിക്ഷേപമാക്കി മാറ്റാം. നിലവിലുള്ള പരിധിയ്ക്ക് പുറത്താണെങ്കില്‍ അത് കൈയ്യൊഴിയാം. ഇതിന് സമയ പരിധി അനുവദിക്കും.

റിയല്‍ എസ്റ്റേറ്റ് രംഗം

ഭൂമി കൈമാറ്റങ്ങള്‍ ആധാര്‍ അധിഷ്ഠിതമാകുന്നതോടെ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തട്ടിപ്പിന് സാധ്യത കുറയും. വസ്തു ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തി മാത്രം പണം മുടക്കാനാവും. എന്നു മാത്രമല്ല എല്ലാ ഇടപാടുകള്‍ക്കും കണക്ക് കാണിക്കേണ്ടി വരുന്നതിനാല്‍ തട്ടിപ്പുകാര്‍ കളം മാറിക്കൊടുക്കും.

ആശങ്കയേറെ
 പക്ഷെ, ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി പ്രവര്‍ത്തിച്ചിരുന്ന കള്ളപ്പണത്തെ ഒരു പ്രത്യേക ദിവസം വരുതിയിലാക്കിയപ്പോള്‍ രാജ്യത്തെ സമസ്ത മേഖലയിലും പ്രത്യേകിച്ച കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി ഭൂമിയുടെ കാര്യത്തിലും സംഭവിച്ചു കൂടായ്കയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA