ADVERTISEMENT

പി2പി പ്ലാറ്റ്‌ഫോമിലൂടെ പണമിടപാട് നടത്തുന്നവരാണോ നിങ്ങള്‍? എങ്കില്‍ വായ്പ നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷിക്കാം.  ഇത്തരം ഇടപാടുകള്‍ക്കുള്ള നിലവിലെ പരിധി പത്ത് ലക്ഷം രൂപയില്‍ നിന്ന് ആര്‍ ബി ഐ ഉയര്‍ത്തുന്നു. പി 2പി സാമ്പത്തിക ഇടപാടുകള്‍ അടുത്ത ഘട്ടത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ഇത്.

പി 2 പി പ്ലാറ്റ്‌ഫോമിലൂടെ നടത്താവുന്ന ഇടപാടുകള്‍ക്കുള്ള പുതിയ പരിധി ഇനി അമ്പത് ലക്ഷം രൂപയാണ്. പരിധി ഉയര്‍ത്തുക വഴി കുറഞ്ഞ പലിശയ്ക്ക് ഇടപാടുകാര്‍ക്ക് കൂടിയ തുക ലഭ്യമാകും. വായ്പ നല്‍കുന്ന സ്ഥാപനത്തിനും ഇത് ഗുണം ചെയ്യും. 2017 ലാണ് ഇന്ത്യയില്‍  പി2പി ഇടപാടിന് അനുമതി നല്‍കുന്നത്. ആര്‍ ബി ഐ യുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ വായ്പ എടുക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും പരമാവധി പരിധി 10 ലക്ഷം രൂപയാണ്. അതേസമയം വ്യക്തിഗത വായ്പ അപേക്ഷകന് ഒരു പി2പി സ്ഥാപനത്തിന് 50,000 രൂപയാണ് നല്‍കാനാവുന്നത്.

ആര്‍ബി ഐ യുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച് ഇനി മുതല്‍ എല്ലാ പി2പി പ്ലാറ്റ് ഫോമുകളിലൂടെയും ഒരു സ്ഥാപനത്തിന് കൈമാറാവുന്ന മൊത്തം തുക 50 ലക്ഷമാക്കും. ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ വായ്പ ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്ല ഓപ്ഷനാണ് പി2പി. 

എന്താണ് പി2പിയ

പിയര്‍ ടു പിയര്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. സോഷ്യല്‍ ലെന്‍ഡിംഗ് എന്നും ക്രൗഡ് ലെന്‍ഡിംഗ് എന്നും ഇതിന് പേരുണ്ട്. വ്യക്തികള്‍ക്ക് മറ്റ് വ്യക്തികളില്‍ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മധ്യവര്‍ത്തിയില്ലാതെ നേരിട്ട് വായ്പ വാങ്ങാനുള്ള സംവിധാനമാണിത്. പിയര്‍ ടു പിയര്‍ വെബ്‌സൈറ്റുകളിലൂടെ ആവശ്യക്കാര്‍ക്ക് ഇവിടെ നേരിട്ട് പണം ലഭിക്കുന്നു. പി2പി വായ്പ വെബ്‌സൈറ്റുകള്‍ പണം ആവശ്യമുള്ള ആളെ നേരിട്ട് നിക്ഷേപകര്‍ക്ക് ബന്ധപ്പെടുത്തുന്നു. 

ആദായകരം

ഇവിടെ വായ്പ നല്‍കുന്നവര്‍ തങ്ങളുടെ പണത്തിന് നിലവിലുള്ള ബാങ്ക് ഡിപ്പോസിറ്റ് നിരക്കിനേക്കാളും ആദായം പ്രതീക്ഷിക്കുന്നു. വായ്പ എടുക്കാനാഗ്രഹിക്കുന്നവരാകട്ടെ നിലവിലുള്ള വ്യവസ്ഥാപിത രീതിയില്‍ നിന്ന് മാറി ചിന്തിക്കുന്നവരും ബാങ്ക് പലിശയെക്കാള്‍ കുറഞ്ഞ ചെലവില്‍ പണം വേണമെന്നാഗ്രഹിക്കുന്നവരുമായിരിക്കും. വെബ്‌സൈറ്റുകള്‍ പലിശ നിരക്കും മറ്റു നിബന്ധനകളും സംബന്ധിച്ച്  ധാരണയിലെത്തിക്കും. ഇത്തരത്തിലുള്ള പല സൈറ്റുകള്‍ക്കും വ്യത്യസ്ത പലിശനിരക്കായിരിക്കും. ഇടപാടുകാരന്റെ തിരിച്ചടവ് ശേഷി നോക്കി പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. 

വില പേശി ഉറപ്പിക്കാം

ആദ്യം വ്യക്തി/ സ്ഥാപനം വായ്പ നല്‍കാന്‍ ഉദേശിച്ച്  വൈബ്‌സൈറ്റുമായി ബന്ധിപ്പിച്ച് ഒരു അക്കൗണ്ട് തുടങ്ങുന്നു. വായ്പ നല്‍കാനായി നിശ്ചിത തുക ഇതില്‍ ഡിപ്പോസിറ്റ് ചെയ്യും. വായ്പ ആവശ്യവുമായി സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന അപേക്ഷകര്‍ വ്യത്യസ്തങ്ങളായ ഓഫറുകളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നു. പണം ആവശ്യക്കാര്‍ക്ക് കൈമാറുന്നു. മാസ തിരിച്ചടവും ഈ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും. വായ്പ അപേക്ഷകനും സ്ഥാപനവും തമ്മില്‍ കടുത്ത വിലപേശലിന് ശേഷമായിരിക്കും ഇവിടെ കച്ചവടമുറപ്പിക്കുക.ലെന്‍ഡ് ബോക്‌സ്, ഫെയര്‍സെന്റ് തുടങ്ങിയവ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ബി ഐ സര്‍ട്ടിഫിക്കറ്റുള്ള പി2പി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ ചിലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com