ADVERTISEMENT

മിക്കവരും വീടു വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ വേണ്ട തുകയുടെ നല്ലൊരു പങ്കും ഭവന വായ്‌പയിലൂടെയാണ്‌ ഉറപ്പുവരുത്തുന്നത്‌. പക്ഷേ വീടിനു ആവശ്യമായ മുഴുവന്‍ തുകയും വായ്‌പ ലഭിക്കില്ല. മൊത്തം തുകയുടെ 80 ശതമാനം മുതല്‍ 90 ശതമാനം വരെയേ വായ്‌പ കിട്ടൂ. രജിസ്‌ട്രേഷന്‍ സമയത്ത്‌ വീടിന് രേഖപ്പെടുത്തുന്ന വിലയുടെ നിശ്ചിത ശതമാനമേ ഇങ്ങനെ കിട്ടൂ. അതിനാല്‍ വീട് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നവര്‍ അതിനായി പത്ത്‌ ശതമാനം മുതല്‍ ഇരുപത്‌ ശതമാനം വരെ തുകയെങ്കിലും കരുതിവെച്ചിരിക്കണം.

സ്വപ്‌നസാക്ഷാല്‍ക്കാരത്തിലേക്കുള്ള വഴി എളുപ്പമാക്കാം

സ്വന്തം വീടെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അത്‌ എത്ര വര്‍ഷത്തിനുള്ളില്‍ എന്നതനുസരിച്ച്‌ നിക്ഷേപം ആസൂത്രണം ചെയ്‌താല്‍ ഈ തുകയോ അതില്‍ കൂടുതലോ കണ്ടെത്താനാകും. വായ്‌പ എടുക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്രയാണെന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പലിശനിരക്ക്‌ അനുസരിച്ചുള്ള ഇഎംഐ കണക്കാക്കാനാകും. അഞ്ച്‌ വര്‍ഷം കഴിഞ്ഞാണ്‌ നിങ്ങള്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നിരിക്കട്ടെ. ഇഎംഐ ആയി അടയ്‌ക്കേണ്ടി വരുന്ന തുക ഇപ്പോഴേ നിക്ഷേപിച്ചു തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് സ്വപ്‌നസാക്ഷാല്‍ക്കാരത്തിലേക്കുള്ള വഴി എളുപ്പമാക്കാം.

ഭവന വായ്‌പയുടെ ഇഎംഐ മാസ വരുമാനത്തിന്റെ 40 ശതമാനമേ ആകാൻ പാടുള്ളുവെന്നാണ് പൊതുവെ ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍ പറയുന്നത്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ 80,000 രൂപ മാസശമ്പളമുണ്ടെങ്കില്‍ പരമാവധി ഇഎംഐ 32,000 രൂപയായിരിക്കണം.

മികച്ച നേട്ടം

അഞ്ച്‌ വര്‍ഷത്തിനു ശേഷമാണ്‌ നിങ്ങള്‍ വീട് നിര്‍മിക്കുന്നതെങ്കില്‍ ഇപ്പോഴെ ഈ തുക ഒരു മ്യൂച്വല്‍ ഫണ്ടിന്റെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി എല്ലാ മാസവും നിക്ഷേപിച്ചു തുടങ്ങുക. 32,000 രൂപ എല്ലാ മാസവും നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ എത്ര തുക അഞ്ച്‌ വര്‍ഷത്തിനു ശേഷം കണ്ടെത്താനാകും? പ്രതിവര്‍ഷം 12 ശതമാനം നേട്ടം ലഭിക്കുകയാണെങ്കില്‍ അഞ്ച്‌ വര്‍ഷത്തിനു ശേഷം 26.4 ലക്ഷം രൂപയായി നിങ്ങളുടെ നിക്ഷേപ മൂല്യം ഉയരും. ആ സമയത്ത്‌ നിങ്ങളുടെ ശമ്പളത്തിലുണ്ടാകുന്ന വര്‍ധന അനുസരിച്ച്‌ കൂടുതല്‍ ഉയര്‍ന്ന തുക വായ്‌പയായി കണ്ടെത്താനുമാകും. അതേ സമയം ഈ തുക നിക്ഷേപിക്കാതിരുന്നാല്‍ അതു ചെലവായി പോകാന്‍ സാധ്യതയുണ്ട്‌. മാത്രവുമല്ല, ഫലപ്രദമായി ആ തുക നിക്ഷേപിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മികച്ച നേട്ടം കിട്ടാതെ പോകുകയും ചെയ്യും.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com