ADVERTISEMENT

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി മിച്ചം പിടിക്കലും നിക്ഷേപം നടത്തലും ഉത്സാഹത്തോടെ ചെയ്യാറുണ്ട്.പക്ഷെ, സ്വന്തം റിട്ടയര്‍മെന്റിനായി പണം സ്വരൂപിക്കുന്നതിന് ഇവർ അവസാനം മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളു. പ്രായം കൂടി വരുമ്പോൾ ഒരു സുപ്രഭാതത്തില്‍ റിട്ടയര്‍മെന്റിനായി സാമ്പത്തിക അച്ചടക്കം തുടങ്ങാമെന്ന് തീരുമാനമെടുക്കുന്നവരാണ് അധികവും. ഇങ്ങനെയുള്ളവരുടെ മുമ്പില്‍ തെളിഞ്ഞ് വരുന്ന ഒരേയൊരു മാര്‍ഗം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരുക എന്നുള്ളതാണ്. അപ്പോഴുള്ള  ചോദ്യം എത്ര വയസു വരെയുള്ളവര്‍ക്ക് എന്‍പിഎസില്‍ അംഗത്വമെടുക്കാം എന്നതാണ്. 

വിപണിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായ മൂലധന വളര്‍ച്ച നൽകുന്ന പെന്‍ഷന്‍ പദ്ധതിയാണ് എന്‍.പി.എസ്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ പൗരന് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗത്വമെടുക്കാം. പ്രവാസികള്‍ക്കും അംഗമാകാം. 70 വയസ്സുവരെയാണ് എന്‍പിഎസ് അക്കൗണ്ടിലേയ്ക്ക് പണം അടയ്ക്കാവുന്നത്. 

നികുതി ആനുകൂല്യം

60 വയസെത്തിയവര്‍ക്ക് അതുവരെയുള്ള നിക്ഷേപവും മൂലധനം വളര്‍ച്ചയും കൂടിയ തുക പിന്‍വലിക്കാമെങ്കിലും അതില്‍ നിന്നും 40 ശതമാനം പെന്‍ഷന്‍ ലഭിക്കത്തക്ക രീതിയില്‍ നിര്‍ബന്ധമായും ആനുവിറ്റികളിലേയ്ക്ക് നിക്ഷേപിക്കണം. 60 വയസ്സിന് മുമ്പ് നിക്ഷേപ തുകയുടെ 20 ശതമാനം പിന്‍വലിക്കാം. 70 വയസ്സുവരെ നിക്ഷേപം തുടരാവുന്നതും മൂന്ന് വര്‍ഷം കൂടി വിപണിയിലെ വളര്‍ച്ചാ നിരക്കുകള്‍ക്ക് അനുസൃതമായി മൂലധനം വളരുന്നതിനായി കാത്തിരിക്കാവുന്നതുമാണ്. 

എന്‍പിഎസില്‍ ഒന്നരലക്ഷം രൂപാ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ആനുകൂല്യം ലഭിക്കും. എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 50,000 രൂപയുടെ അധിക നികുതി ഇളവിനും അര്‍ഹതയുണ്ട്.കാലാവധി പൂർത്തിയാക്കുമ്പോഴോ പെന്‍ഷന്‍ നിക്ഷേപം വേണ്ടെന്ന് വയ്ക്കുമ്പോഴോ എന്‍പിഎസ് അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ പിന്‍വലിക്കാവുന്ന 40 ശതമാനം വരെ തുകയ്ക്ക് നികുതി ബാധകമല്ല. ദീര്‍ഘ കാലയളവില്‍ എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് രണ്ടക്ക മൂലധന വളര്‍ച്ചാ നിരക്ക് ഇതിനോടകം വ്യത്യസ്ത ഫണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

 

500 രൂപയുടെ ഗുണിതങ്ങളായി വര്‍ഷംതോറും ചുരുങ്ങിയത് 6000 രൂപയെങ്കിലും അക്കൗണ്ടില്‍ നിര്‍ബന്ധ നിക്ഷേപമായി അടച്ചിരിക്കണം. പിന്‍വലിക്കല്‍ നിയന്ത്രണങ്ങളില്ലാതെ കൂടിയ തുക ടയര്‍ ടു അക്കൗണ്ടുകളായി തുടങ്ങാവുന്നതുമാണ്. ടയര്‍ ടു അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുകള്‍ ലഭിക്കുന്നില്ല.

വിപണിയുടെ വളര്‍ച്ച മനസ്സിലാക്കി ഓഹരികള്‍ കടപ്പത്രങ്ങള്‍ തുടങ്ങിയ സാമ്പത്തിക ആസ്തികളില്‍ പെന്‍ഷന്‍ വരിക്കാര്‍ അടയ്ക്കുന്ന തുക വിദഗ്ധമായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.എട്ടോളം പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര ഏജന്‍സിയായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയിലൂടെ അക്കൗണ്ട് തുടങ്ങാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com