ADVERTISEMENT

നിങ്ങളുടെ പോർട്ഫോളിയോ ശക്തമായ പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ അതിന് എല്ലാ നിക്ഷേപ മേഖലകളിൽ നിന്നുമുള്ള ഊർജം ഉണ്ടാകണം.

കഴിഞ്ഞ അഞ്ചു വര്‍ഷം ഓട്ടമൊബൈല്‍ കമ്പനികളുടെ അടിസ്ഥാന സൂചികയായ ബിഎസ്ഇ ഓട്ടോഇൻഡക്സില്‍ ലഭിച്ച ലാഭം പൂജ്യം ശതമാനമാണ്. ബാങ്ക് ഓഹരി സൂചികയായ ബാങ്കെക്‌സ് ഇതേ അഞ്ചു വര്‍ഷത്തിൽ 12 ശതമാനത്തോളം നേട്ടം നൽകി. വിവിധ മേഖലകളില്‍ ഇങ്ങനെ തികച്ചും വ്യത്യസ്തമായ വരുമാനം ലഭിക്കുന്നത് ഓഹരിയില്‍നിന്നു മാത്രമല്ല.

കഴിഞ്ഞ 12 മാസം ഇന്ത്യയിലെ മറ്റേതൊരു നിക്ഷേപ മേഖലയുമായി താരതമ്യം ചെയ്താലും സ്വര്‍ണം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. എന്നാല്‍ 10 വര്‍ഷത്തെ കണക്കെടുത്താൽ സ്വര്‍ണത്തിന്റെ സ്ഥിതി മറിച്ചാണ്. കടപ്പത്രം, സ്ഥിരനിക്ഷേപ പദ്ധതികൾ എന്നിവയിലും സമാനമായ പ്രവണതകൾ കാണാം. നിലവിലെ ചടുലമായ നിക്ഷേപ സാഹചര്യത്തിൽ ഒരു മേഖലയില്‍ തന്നെ നിക്ഷേപം നടത്തുന്നത് തെറ്റാണെന്നാണ് ഇവയെല്ലാം നൽകുന്ന സൂചന.

തന്ത്രപരമായ ആസ്തി വിഭജനം

മികച്ചതും തന്ത്രപരവുമായ ആസ്തി വിഭജനമാണ് മൾട്ടി അസറ്റ് ഫണ്ട് നൽകുന്നത്. മൾട്ടി അസറ്റ് ഫണ്ട് ഏതു വ്യത്യസ്ത സാഹചര്യത്തിലും മികച്ച പ്രകടനം സാധ്യമാക്കുന്നു. ഓരോ നിക്ഷേപ മേഖലയുടെയും പ്രകടനങ്ങള്‍ മാറ്റമുള്ളതും പ്രവചനാതീതവുമാണ്. ഇക്കാര്യം മനസ്സിലാക്കുന്ന സ്മാര്‍ട് ഇൻവെസ്റ്റർ മികച്ച സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി സ്വന്തം പോർട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കണം.

വളർച്ചയും തളർ‌ച്ചയും ഉണ്ടാകാം

ഓഹരികള്‍ക്ക് സമ്പത്തു കെട്ടിപ്പടുക്കുന്ന റോളാണ്. ഇതിനിടയിൽ വളര്‍ച്ചയുടെയും തളർച്ചയുടെയും തിരുത്തലിന്റേതുമായ ഘട്ടങ്ങളിലൂടെയെല്ലാം അതു കടന്നുപോകുന്നു. കടപ്പത്രങ്ങളാകട്ടെ സ്ഥിരത പ്രദാനം ചെയ്യും. അതിനാൽ ദീര്‍ഘമായ കാലയളവിൽ സ്ഥിരമായ നേട്ടം നല്‍കാൻ പ്രാപ്തമാണ്. സ്വര്‍ണവും വളർച്ചയുടെയും തിരുത്തലിന്റെയും വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുകയും അതേ സമയം ഹെഡ്ജിങ് ടൂളായും പ്രവർത്തിക്കുകയും ചെയ്യും.

വിവിധ ആസ്തികൾ ‍വ്യത്യസ്തമായാണു പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ ആസ്തികൾ മികച്ച നേട്ടം നൽകുമ്പോൾ മൂന്നാമത്തേത് തികച്ചും വ്യത്യസ്തമായ പ്രകടനമായിരിക്കും കാഴ്ച വയ്ക്കുക. അതുപോലെ രണ്ട് ആസ്തികൾ മോശമായാൽ മൂന്നാമത്തേത് മികച്ച നേട്ടം നൽകാം.

2008 ല്‍ സെന്‍സെക്‌സ് 52% ഇടിഞ്ഞപ്പോൾ കടപ്പത്രങ്ങളും സ്വര്‍ണവും നേട്ടമാണു നല്‍കിയത്. 2015 ല്‍ സെന്‍സെക്‌സും സ്വര്‍ണവും 5-10% ഇടിഞ്ഞപ്പോള്‍ കടപ്പത്രങ്ങളും സ്ഥിരനിക്ഷേപങ്ങളും 8-9% നേട്ടം നല്‍കി. 2017 ‍ല്‍ കടപ്പത്രങ്ങളുടെ വരുമാനം കുറഞ്ഞപ്പോൾ ഓഹരികള്‍ 28% നേട്ടമാണ് കൈവരിച്ചത്. ഓരോ ആസ്തിയിലും നിക്ഷേപം വകയിരുത്തുന്നതിന്റെ പ്രാധാന്യം തന്നെയാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.

ഐസിഐസിഐ മൾട്ടി അസറ്റ് ഫണ്ട്

17 വര്‍ഷം പൂര്‍ത്തിയാക്കിയ ഐസിഐസിഐ പ്രുഡൻഷ്യൽ മള്‍ട്ടി അസറ്റ് ഫണ്ട് ഈ വിഭാഗത്തിലെ മികച്ച പദ്ധതികളില്‍ ഒന്നാണ്. ദീര്‍ഘകാലത്തില്‍ സ്ഥായിയായതും മികച്ചതുമായ പ്രകടന ചരിത്രം ഇതിനുണ്ട്. പദ്ധതി തുടങ്ങിയപ്പോൾ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോള്‍ 26 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ 15 വര്‍ഷത്തെ പ്രതിദിന റോളിങ് നേട്ടം 12 ശതമാനത്തില്‍ അധികമാണ്. ഫലത്തില്‍ ഈ മള്‍ട്ടി അസറ്റ് നിക്ഷേപരീതികൊണ്ട് മോശം സമയത്ത് പിടിച്ചു നിൽക്കാനും ഉയർച്ചയുടെ സമയത്ത് നേട്ടം ഉണ്ടാക്കാനും കഴിഞ്ഞു.

മൾട്ടി അസറ്റ് ഫണ്ടുകളിൽ ‌നിക്ഷേപിക്കുമ്പോൾ

∙ പദ്ധതിയുടെ നിക്ഷേപതന്ത്രങ്ങള്‍ നിങ്ങളുടെ വ്യക്തിഗത സവിശേഷതകൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക.

∙ വിപണിയുടെ മൂല്യങ്ങള്‍ക്കനുസരിച്ച് വിവിധ ആസ്തികളിലെ നിക്ഷേപങ്ങളില്‍ മാറ്റം വരുത്തുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണം.

∙ സ്ഥിര നിക്ഷേപ, കടപ്പത്ര മേഖലയില്‍ അതു നടത്തുന്ന നിക്ഷേപത്തിന്റെ രീതിയെക്കുറിച്ചു മനസ്സിലാക്കലും പ്രധാനമാണ്.

∙ പലിശനിരക്ക് മാറുമ്പോഴുള്ള മാറ്റങ്ങളെക്കുറിച്ചും മുന്‍കാല രീതികളെക്കുറിച്ചും മനസ്സിലാക്കണം.

∙ വിപണിയില്‍ വര്‍ഷങ്ങളുടെ പ്രവർത്തന പരിചയമുള്ളതായിരിക്കണം തിരഞ്ഞെടുക്കുന്ന മള്‍ട്ടി അെസറ്റ് ഫണ്ട്.

ട്രസ്റ്റ് ഇൻ വെസ്റ്റ് അഡ്വൈസറീസിന്റെ സെയ്ൽസ് മേധാവിയാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com