ADVERTISEMENT

പുതിയ വര്‍ഷത്തില്‍ എവിടെ നിക്ഷേപിക്കണം എന്നതിനോളം തന്നെ പ്രധാനപ്പെട്ടതാണ് എങ്ങനെ നിക്ഷേപിക്കണം എന്നതും. സാധാരണ ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് അവരുടെ നിക്ഷേപങ്ങള്‍ മ്യൂചല്‍ ഫണ്ടുകള്‍ വഴിയാകുന്നതാണ് അഭികാമ്യം. ഓഹരി നിക്ഷേപം മാത്രമല്ല, സ്വര്‍ണത്തിലും കടപത്രത്തിലുമെല്ലാം നിക്ഷേപിക്കാന്‍ മ്യൂചല്‍ ഫണ്ടുകളെ ആശ്രയിക്കാം. ഏതെങ്കിലും ഒരു ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇതിന് കൂടുതൽ പ്രസക്തിയുമുണ്ട്. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കെ നിക്ഷേപിച്ചിട്ടുളള മേഖലയുടെ പ്രകടനം കൃത്യവും തുടര്‍ച്ചയുമായി വിലയിരുത്തിക്കൊണ്ടിരിക്കാനാവില്ലല്ലോ. അതു കൊണ്ടു തന്നെ മ്യൂചല്‍ ഫണ്ടാവും ഗുണകരം.

ചെറുകിട-ഇടത്തരം ഓഹരികള്‍ തല്‍ക്കാലം ഒഴിവാക്കാം

ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സ് 13.6 ശതമാനം നേട്ടം നല്‍കിയത് വന്‍കിട കമ്പനികളിലാണെന്നത് ഓഹരി നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തെ തന്നെയാണു സൂചിപ്പിക്കുന്നത്. 16.5 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെങ്കിലും 32.5 ശതമാനത്തോളം നഷ്ട സാധ്യതയുമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളും ഉല്‍പന്നങ്ങളുടെ ആവശ്യക്കുറവും മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചെറുകിട-ഇടത്തരം ഓഹരികള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.

എന്‍സിഡികള്‍ പരിഗണിക്കാം

ബാങ്കുകളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന എന്‍സിഡികള്‍ സാധ്യതയുള്ളൊരു നിക്ഷേപ മേഖലയാണ്. ബാങ്കുകളില്‍ നിന്നുള്ള ധനലഭ്യത കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ കടപത്രങ്ങള്‍ ഇറക്കിയേക്കാം. പത്തു ശതമാനം വരെ ഇതില്‍ നിന്നു പലിശ ലഭിക്കാം. കമ്പനികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വലിയ ശ്രദ്ധ ചെലുത്തണമെന്നതിന് ഇവിടെ പ്രാധാന്യമുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയുന്നതാണ് പലരേയും എന്‍സിഡികളിലേക്കു നയിക്കുന്നത്. ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വരുമാനം നല്‍കുന്ന മറ്റൊന്നാണ് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട്. ഇപിഎഫിന്റെ അതേ പലിശ നിരക്കു തന്നെ വിപിഎഫിനും ലഭിക്കും.

സ്വര്‍ണമോ ഓഹരിയോ

ഓഹരി സൂചികയുടെ വിപരീത ദിശയിലാണ് സ്വര്‍ണ വില നീങ്ങുന്നതെന്നു കണക്കിലെടുത്താവാം അടുത്ത വര്‍ഷത്തേക്കുള്ള നിക്ഷേപം. നിങ്ങളുടെ നിക്ഷേപത്തില്‍ ഓഹരിയും സ്വര്‍ണവും ഉണ്ടെങ്കില്‍ നഷ്ടസാധ്യത വളരെ കുറക്കാനാവും. 12.5 ശതമാനത്തോളം നേട്ടം സ്വര്‍ണത്തില്‍ നിന്ന് ഒരു വര്‍ഷം പ്രതീക്ഷിക്കാമെങ്കിലും 12.8 ശതമാനത്തോളം നഷ്ട സാധ്യത ഉണ്ടെന്നതും കണക്കിലെടുത്താവണം അടുത്ത വര്‍ഷത്തേക്കുള്ള നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.

ഇവയെല്ലാം കണക്കിലെടുത്തു നിക്ഷേപിക്കുമ്പോഴും അതിനൊരു ലക്ഷ്യമുണ്ടാവണം. കാറോ വീടോ സ്വന്തമാക്കുന്നതോ മക്കളുടെ ഉന്നത വിദ്യാഭ്യാസമോ എന്തുമാവാം ആ ലക്ഷ്യം.  ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള കാലയളവും അതു വരെ നിക്ഷേപകനു നേരിടാനാവുന്ന നഷ്ട സാധ്യതയും കണക്കിലെടുത്താവണം എവിടെ നിക്ഷേപിക്കണം എന്നു തീരുമാനിക്കുവാന്‍. ഇടത്തരം നഷ്ട സാധ്യത നേരിടാനാവുന്ന വ്യക്തിയാണ് അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതെങ്കില്‍ ഓഹരിയില്‍ 30 ശതമാനവും കടപത്രത്തില്‍ 35 ശതമാനവും സ്ഥിര നിക്ഷേപങ്ങളില്‍ 15 ശതമാനവും സ്വര്‍ണത്തില്‍ 20 ശതമാനവും വകയിരുത്താം. ഇതനുസരിച്ചു മ്യൂചല്‍ ഫണ്ടുകളോ ഓഹരികളോ കടപത്രങ്ങളോ എല്ലാം തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ അസറ്റ് അലോക്കേഷന്‍ എന്ന ആസ്തി വകയിരുത്തല്‍ നടത്തുമ്പോഴും അത് ഓരോ വ്യക്തിയുടേയും സവിശേഷതകള്‍ കൂടി കണക്കിലെടുത്ത ശേഷമായിരിക്കണം.

ലേഖകൻ സർട്ടിഫൈഡ് ഫിനാന്‍ഷ്യൽ പ്ലാനറും PrognoAdvisor.com ന്റെ സ്ഥാപകനുമാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com