ADVERTISEMENT

നിക്ഷേപിക്കുവാന്‍ ശരിയായ മേഖല കണ്ടെത്തുകയെന്നത് എന്നും വലിയൊരു വെല്ലുവിളിയാണ്. ഓഹരി വിപണികളില്‍ ആഗോള തലത്തിലുള്ള ബുള്‍ തരംഗത്തിന്റേയും പലിശ നിരക്കുകളുടെ ഇടിവും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു. എങ്കില്‍ തന്നെയും കൃത്യമായ ചിന്തകളുടെ അടിസ്ഥാനത്തില്‍ ആസ്തികള്‍ വകയിരുത്തുന്ന പരമ്പരാഗത തന്ത്രം 2020ലും നേട്ടം നൽകും.

ഓരോ വ്യക്തിയുടേയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് നേരിടാനുളള കഴിവും കണക്കിലെടുത്ത്  നിക്ഷേപയോഗ്യമായ  ആസ്തികളിലേക്ക് പണം വകയിരുത്തുന്നതോടെ മികച്ച നിക്ഷേപത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഓരോ നിക്ഷേപകന്റേ കാര്യത്തിലും ഇതു തികച്ചും വ്യത്യസ്തമായിരിക്കും. അതു കൊണ്ടു തന്നെ ഓരോ നിക്ഷേപകനേയും കേന്ദ്രീകരിച്ചാവണം അവര്‍ക്കായുള്ള നിക്ഷേപ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടത്. ഇവയെല്ലാം പ്രസക്തമായിരിക്കുമ്പോഴും 2020-ല്‍ നിക്ഷേപ രംഗത്തു കൈക്കൊള്ളേണ്ട പൊതുവായ ചില സമീപനങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാം.

ഓഹരികള്‍

ദീര്‍ഘകാലത്തില്‍ മറ്റ് മേഖലകളെയെല്ലാം അപേക്ഷിച്ചു കൂടുതല്‍ നേട്ടം നല്‍കുന്നത് ഓഹരികളായിരിക്കും അതു കൊണ്ടു നിക്ഷേപങ്ങള്‍ക്കിടയിലെ അവിഭാജ്യ ഘടകമാണ് ഓഹരി. പക്ഷേ, അവ തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാവണം. ഓഹരി മൂല്യത്തിന്റെ (valiation) കാര്യത്തില്‍ വന്‍ തോതിലുള്ള ധ്രുവീകരണമാണല്ലോ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലുള്ളത്. നിഫ്റ്റി അതിന്റെ റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയപ്പോഴും അത് നയിച്ചത് പത്തോ പതിനഞ്ചോ ഓഹരികള്‍ ചേര്‍ന്നായിരുന്നു. ഈ സാഹചര്യത്തില്‍ നിഫ്റ്റിയിലെ മികച്ച പ്രകടനം നടത്തിയ 15 ഓഹരികളും മോശം പ്രകടനം നടത്തിയ 35 ഓഹരികളും പ്രത്യേകമായി വിലയിരുത്തിയാല്‍ ചിത്രം മാറുന്നതു നമുക്കു കാണാനാവും. മുകളിലുള്ള 15 ഓഹരികള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 40 ശതമാനം നേട്ടം നല്‍കിയപ്പോള്‍ താഴെയുള്ള മറ്റ് 35 ഓഹരികള്‍ 19 ശതമാനം നഷ്ടമാണു സമ്മാനിച്ചത്. ഇപ്പോഴത്തെ വിപണിയുടെ ഈ കുതിപ്പ് ഉയര്‍ന്ന ഗുണനിലവാരമുള്ള വൻകിട ഓഹരികളുടെ മൂല്യം വളരെ ഉയര്‍ന്ന നിലയിലേക്കു കൊണ്ടു പോയിട്ടുണ്ട്. ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യമാണിതു ചൂണ്ടിക്കാട്ടുന്നത്. മികച്ച നിലവാരമുള്ള വൻകിട ഓഹരികളില്‍ നിക്ഷേപം തുടരുന്നത് അര്‍ത്ഥവത്താണെങ്കിലും ഇപ്പോഴത്തെ വിലകളില്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നത് അപകട സാധ്യതയും ഉയര്‍ത്തുന്നു.

ഉയര്‍ന്ന ഗുണനിലവാരമുള്ള ഇടത്തരം ഓഹരികളും കുറഞ്ഞ വിലയുള്ള വൻകിട ഓഹരികളും ഇപ്പോൾ ആകര്‍ഷകമാണ്. ഈ ഓഹരികളിലേക്ക് മ്യൂചല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കുന്നതു പരിഗണിക്കാവുന്നതാണ്.

മ്യൂചല്‍ ഫണ്ടുകള്‍

വിപണി 2019നെ അപേക്ഷിച്ചു കൂടുതല്‍ ചാഞ്ചാട്ടസ്വഭാവമായിരിക്കും 2020-ല്‍ പ്രദര്‍ശിപ്പിച്ചേക്കുക.  അതു കൊണ്ടു മ്യൂചല്‍ ഫണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍, പ്രത്യേകിച്ചും എസ്‌ഐപി വഴിയുള്ളവായിരിക്കും മികച്ചത്. മ്യൂചല്‍ ഫണ്ടുകളിലെ എസ്‌ഐപി എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാം. മള്‍ട്ടി കാപ് പദ്ധതികള്‍, ലാര്‍ജ്-മിഡ്കാപ് പദ്ധതികള്‍, മിഡ്കാപ് പദ്ധതികള്‍ തുടങ്ങിയവയില്‍ എസ്‌ഐപി ആരംഭിക്കാന്‍ മികച്ച സമയമാണിത്. താഴെ സൂചിപ്പിക്കുന്ന പദ്ധതികള്‍ നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്.

ലാര്‍ജ് മിഡ്കാപ് പദ്ധതികള്‍

∙ മിറേ അസറ്റ് എമര്‍ജിങ് ബ്ലൂചിപ് ഫണ്ട്

∙സുന്ദരം ലാര്ജ് ആന്റ് മിഡികാപ് ഫണ്ട്

മള്‍ട്ടി കാപ്

∙ കോട്ടക് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടികാപ് ഫണ്ട്

∙എസ്ബിഐ മാഗ്നം മള്‍ട്ടികാപ് ഫണ്ട്

മിഡ്കാപ്

∙കോട്ടക് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടികാഫ് ഫണ്ട്

∙എസ്ബിഐ മാഗ്നം മള്‍ട്ടികാപ് ഫണ്ട്

വന്‍ തോതില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പദ്ധതി എന്ന എസ്ടിപികളാണ് ഉത്തമം. നികുതി സമ്പാദ്യ പദ്ധതികളില്‍ സാമ്പത്തിക വര്‍ഷാവസാനത്തില്‍ മൊത്തത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപമായിരിക്കും ഉചിതം. ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടും ആദിത്യ ബിര്‍ള സണ്‍ലൈഫ് ടാക്‌സ് റിലീഫ് 96-ഉം ഈ വിഭാഗത്തില്‍ മികച്ച പദ്ധതികളാണ്.

നിശ്ചിത വരുമാന നിക്ഷേപം

സ്ഥിര നിക്ഷേപങ്ങളെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത്. ബാങ്ക് പലിശ നിരക്കുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ സ്ഥിര നിക്ഷേപത്തിനായി ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമെയുള്ള മാര്‍ഗങ്ങളും നിക്ഷേപകര്‍ പരിഗണിക്കണം. 7.9 ശതമാനം വരുമാനം നല്‍കുന്ന പിപിഎഫ് ആകര്‍ഷകവും നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നവയുമാണ്. മികച്ച ഡെറ്റ് പദ്ധതികളും നേട്ടം നല്‍കും. കേരളത്തില്‍ നിന്നുള്ള മികച്ച സ്വര്‍ണ പണയ കമ്പനികളുടെ എന്‍സിഡികളും ആകര്‍ഷകമാണ്.

സ്വര്‍ണം

ഓഹരി വിപണികള്‍ ഇടിയുമ്പോള്‍ സ്വര്‍ണം മുന്നേറും. 2008-ല്‍ സെന്‍സെക്‌സ് 52 പോയിന്റ് ഇടിഞ്ഞപ്പോള്‍ സ്വര്‍ണം 25 ശതമാനം മെച്ചപ്പെട്ടു. വീണ്ടും 2011-ല്‍ സെന്‍സെക്‌സ് 25 പോയിന്റ് ഇടിഞ്ഞപ്പോള്‍ സ്വര്‍ണം 32 പോയിന്റ് നേട്ടമുണ്ടാക്കി. അതു കൊണ്ടു തന്നെ 2020-ലും ചെറിയൊരു പങ്ക് സ്വര്‍ണത്തിലേക്കും മാറ്റി വെക്കണം. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും സ്വര്‍ണ ഇടിഎഫുകളുമായിരിക്കും ഇവിടെ മികച്ച തെരഞ്ഞെടുപ്പ്. രൂപയിലുള്ള സ്വര്‍ണത്തിന്റെ വില പിന്തുടരുന്ന മികച്ച നിയന്ത്രണങ്ങള്‍ ഉള്ളവയാണ് ഈ രണ്ടു പദ്ധതികളും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ 2.5 ശതമാനം നേട്ടമുണ്ടാക്കുന്നതിനാല്‍ ആ രീതിയില്‍ മികച്ചതാണെങ്കിലും ലിക്വിഡിറ്റിയുടെ കാര്യത്തില്‍ മെച്ചമല്ല. ഇവയ്ക്ക് അഞ്ചു വര്‍ഷ കാലാവധിയുണ്ട്. ദ്വിതീയ വിപണിയാണെങ്കില്‍ അത്ര വിപുലവുമല്ല. ഇതേ സമയം സ്വര്‍ണ ഇടിഎഫുകള്‍ മികച്ച ലിക്വിഡിറ്റി നല്‍കുന്നുണ്ട്.

ലേഖകൻ കൊച്ചിയിലെ ജിയോജിത് ഫിനാന്‍ഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com