ADVERTISEMENT
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള നിക്ഷേപം ഉയര്‍ന്നു. ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന മാസ എസ്‌ഐപി നിക്ഷേപമാണ്‌ ഡിസംബറില്‍ പ്രകടമായത്‌. മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച്‌ ഡിസംബറില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി വഴിയുള്ള നിക്ഷേപം 8,518 കോടി രൂപയാണ്‌. മുന്‍ മാസത്തെ അപേക്ഷിച്ച്‌ 3 ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 6 ശതമാനവും വളര്‍ച്ചയാണ്‌ ഡിസംബറില്‍ ഉണ്ടായത്‌. നവംബറില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ എത്തിയത്‌ 8,273 കോടി രൂപയുടെ നിക്ഷേപമായിരുന്നു. 2019 ല്‍ എസ്‌ഐപി വഴി മൊത്തം 98,612 കോടി രൂപയുടെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളില്‍ എത്തി. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ 2.98 കോടി എസ്‌ഐപി അക്കൗണ്ടുകള്‍ ആണ്‌ ഉള്ളത്‌. എസ്‌ഐപി കൈകാര്യം ചെയ്യുന്ന ആസ്‌തി മുന്‍ മാസത്തെ 3.12 ലക്ഷം കോടിയില്‍ നിന്നും 3.17 ലക്ഷം കോടിയായി ഡിസംബറില്‍ ഉയര്‍ന്നു. ഓരോ മാസവും ശരാശരി 9.55 ലക്ഷം എസ്‌ഐപി അക്കൗണ്ടുകള്‍ കൂട്ടിചേര്‍ക്കുന്നതായാണ്‌ ആംഫിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

അതേസമയം ഡിസംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയില്‍ കുറവുണ്ടായി. ഡെറ്റ്‌ സ്‌കീമുകളില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചതാണ്‌ പ്രധാന കാരണം. ഡിസംബര്‍ അവസാനത്തോടെ മൊത്തം മ്യൂച്വല്‍ ഫണ്ട്‌ ആസ്‌തി 2 ശതമാനം കുറഞ്ഞ്‌ 26.54 ലക്ഷം കോടി രൂപയായി. നവംബര്‍ അവസാനം മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി റെക്കോഡ്‌ ഉയരമായ 27.04 ലക്ഷം കോടി രൂപയിലേക്ക്‌ എത്തിയിരുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും നവംബറില്‍ 54,419 കോടി രൂപ പിന്‍വലിച്ച സ്ഥാനത്ത്‌ ഡിസംബറില്‍ പിന്‍വലിച്ചത്‌ 61,810 കോടി രൂപയാണന്ന്‌ ആംഫി പറഞ്ഞു.
ഡെറ്റ്‌ അധിഷ്‌ഠിത സ്‌കീമുകളിലെ ഹ്രസ്വകാല നിക്ഷേപമായ ലിക്വിഡ്‌ ഫണ്ടുകളില്‍ നിന്നും 71,000 കോടി രൂ നിക്ഷേപകര്‍ പിന്‍വലിച്ചു . ഓവര്‍ നൈറ്റ്‌ ഫണ്ടുകളില്‍ നിന്നും കഴിഞ്ഞ മാസം 8,800 കോടി രൂപയാണ്‌ നിക്ഷേപകര്‍ പിന്‍വലിച്ചത്‌. അതേസമയം ബാങ്കിങ്‌ & പിഎസ്‌യു ഫണ്ടുകളിലേക്ക്‌ 4,770 കോട്‌ രൂപയുടെ നിക്ഷേപം കഴിഞ്ഞ മാസം എത്തി. ഇതിന്‌ പുറമെ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളിലേക്ക് ഡിസംബറില്‍ 27 കോടി രൂപയുടെ നിക്ഷേപം എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com