sections
MORE

ഫ്ലാറ്റു വാങ്ങും മുമ്പ് പലവട്ടം ആലോചിക്കണം ഇക്കാര്യങ്ങൾ

HIGHLIGHTS
  • പദ്ധതി പരിസ്ഥിതി ലോലപ്രദേശത്താണോ എന്ന് ശ്രദ്ധിക്കണം
jain-from-water-level
കൊച്ചി മരടില്‍ ജെയിന്‍സ് കോറല്‍ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
SHARE

താമസിക്കാനൊരിടം സ്വന്തമാക്കാനൊരുങ്ങുന്നത് ഇനി കൂടുതൽ കരുതലോടെ വേണമെന്ന പാഠം നമ്മെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മരടിലെ അനധികൃത ഫ്ലാറ്റുകൾ നിലം പൊത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ എന്നത്തേക്കാളും ഗൗരവമേറുന്ന ഇക്കാലത്ത് കരുതലോടെ നീങ്ങിയില്ലെങ്കിൽ പണികിട്ടും. നിര്‍മാണരംഗത്തെ മാന്ദ്യം കാരണം വൻകിട പദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. അതേ സമയം പല ചെറിയ ഗ്രൂപ്പുകളും നിർമാണം പൂര്‍ത്തിയാക്കുന്നുമുണ്ട്. ഇതിനിടയിൽ കരുതലോടെയിരുന്നാലെ കബളിപ്പിക്കപ്പെടാതെ മനസിനിണങ്ങിയ പദ്ധതി സ്വന്തമാക്കാനാകു.

ഇതിനു പുറമെ തങ്ങളുടെ വീടു തന്നെ ഇല്ലാതായ സ്ഥിതിക്ക് അതിനായെടുത്ത വായ്പ അടയ്ക്കുന്നതെന്തിന് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ ഭവന വായ്പ തവണ മുടങ്ങിയാൽ ക്രെ‍ഡിറ്റ് സ്കോർ കുത്തനെ ഇടിയും, ഇതോടെ വായ്പാ യോഗ്യതയും ഇടിയും എന്നോർക്കുക. മറ്റ് വായ്പകളൊന്നും കിട്ടാത്ത സ്ഥിതിയാകും. ഇനി ഭർത്താവും ഭാര്യയും ചേർന്ന് എടുത്തിട്ടുള്ള ഭവന വായ്പയാണെങ്കിൽ രണ്ടാളുടെയും സ്കോര്‍ താഴെപോകുന്ന അവസ്ഥയുണ്ടാകും.ഇത്തരം സാഹചര്യങ്ങൾ ഭാവിയിലുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.അതുകൊണ്ട് ഫ്ലാറ്റ് വാങ്ങുന്ന വേളയിൽ കരുതലോടെ തന്നെ നീങ്ങണം. ഭൂമിയുടെ കിട്ടാവുന്ന പൂർവകാല രേഖകളെല്ലാം കൃത്യമായി പരിശോധിക്കുക. എല്ലാരേഖകളും ഉണ്ടെന്നുറപ്പാക്കുക.

1.വീടും ഫ്ലാറ്റുമൊക്കെ വാങ്ങുമ്പോൾ വഴി, വെള്ളം, അടുത്തുള്ള ആരാധനാലയങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ പദ്ധതി പരിസ്ഥിതി ലോലപ്രദേശത്താണോ എന്ന കാര്യം ശ്രദ്ധിക്കണം. മലിനീകരണ സംസ്കരണത്തിനും വെള്ളത്തിനുമൊക്കെയുള്ള സംവിധാനങ്ങൾ കുറ്റമറ്റതാണോ എന്നു പരിശോധിക്കുക. കാരണം വരും നാളുകളിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകാനിടയുള്ള കാര്യങ്ങളാണിവ.

2.ഫ്ലാറ്റു വാങ്ങാനായി ബിൽഡർമാരെ സമീപിക്കുമ്പോൾ അവർ പല അവകാശ വാദങ്ങളും പറയും പക്ഷെ അതിലൊന്നും വീഴാതെ അവരെ ക്കുറിച്ച് സ്വന്തം നിലയിൽ വിശദമായ അന്വേഷണം നടത്തണം. സംസ്ഥാന സർക്കാർ രൂപം നൽകിയ റിയൽ എസ്റ്ററ്റ് റെഗുലേറ്ററി അതോരിറ്റി (റെറ)യിൽ ബിൽഡർ റജിസ്ടർചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സുരക്ഷിതത്വവും സുതാര്യതയുമുറപ്പാക്കുന്നതിന് നിലവിൽ വന്നതാണ് സംസ്ഥാന സർക്കാരിന്റെ റെറ. നിശ്ചിത മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുന്ന ബിൽഡർക്കു മാത്രമേ റെറയിൽ റജിസ്ട്രേഷൻ ലഭിക്കുകയുള്ളു. 

ബില്‍ഡറെ അറിയുക

3. ബിൽഡറുടെ പ്രവർത്തന ചരിത്രം. സാമ്പത്തിക നില, പൂർത്തീകരിച്ച മറ്റു പദ്ധതികൾ എന്നിവയൊക്കെ വിശദമായി പരിശോധിക്കണം. എന്നു തന്നെയുമല്ല അവയുടെ പൂർത്തികരിച്ച പദ്ധതികൾ പോയി കണ്ട് വേണം വാങ്ങുന്നതിനെ കുറിച്ചു തീരുമാനമെടുക്കാൻ. അവിടെ താമസിക്കുന്നവരോടന്വേഷിക്കുന്നതും നല്ലതാണ്.

4.തകർക്കപ്പെട്ട ഫ്ലാറ്റിൽ നിന്നു വെറുംകൈയോടെ കുടിയിറങ്ങിവരിൽ നിന്ന് ഏതാണ്ട് 200 കോടിയാളം രൂപ ഭവന വായ്പയായി ഇനിയും ബാങ്കുകൾ ഈടാക്കാനുണ്ട്. അത് തിരിച്ചു പിടിക്കേണ്ട തുകയാണ് എന്നു പറയുമ്പോഴും എങ്ങനെ തിരിച്ചു പിടിക്കണമെന്നറിയാതെ ആശങ്കയിലാണ് ബാങ്കുകൾ. വായ്പയുടെ പ്രാഥമിക ഈടായ കെട്ടിടം തന്നെ ഇല്ലാതായ നിലയ്ക്ക് ബാങ്കുകൾ കേസുമായി മുന്നേറാനാണ് സാധ്യത. തുടർന്ന് രണ്ടുകൂട്ടർക്കും സ്വീകാര്യമായ തിരിച്ചടവ് ധാരണയിലെത്തുകയാണ് ഉദ്ദേശം. പൊളിച്ച് നീക്കപ്പെട്ട ഫ്ലാറ്റുകളുടെ കാര്യത്തിൽ ബാങ്കുകളും കൂടി കബളിപ്പിക്കപ്പെട്ട സ്ഥിതിവിശേഷമാണുള്ളത്.അതുകൊണ്ട് തന്നെ നടപടിക്രമങ്ങൾ കൂടുതൽ കടുത്തതാക്കാനാണ് സാധ്യത.

സാധാരണയായി ബാങ്കുകൾ 30 വർഷം വരെ പുറകിലേക്കുള്ള ആധാരം വരെ പരിശോധിച്ച ശേഷമേ വായ്പ നൽകൂ.കെട്ടിടത്തിന്റെ അനുമതി ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി തിരിച്ചടവ് ശേഷി തികച്ചും ബോധ്യമായതിനു ശേഷം മാത്രമേ ബിൽഡർക്കും ഫ്ലാറ്റു സ്വന്തമാക്കാനെത്തുന്നവർക്കും ബാങ്കുകൾ വായ്പ അനുവദിക്കൂ, അതുകൊണ്ടു തന്നെ പദ്ധതിക്ക് ബാങ്കുകൾ അംഗീകാരം നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കുക.

5. റെറ നിഷ്കർഷിക്കുന്ന എല്ലാ രേഖകളും ബിൽഡറുടെ പക്കലുണ്ടോ എന്ന് ഉറപ്പാക്കുക. അതിനു പുറമേ ഫ്ലാറ്റു വാങ്ങുന്ന ആളും ബിൽഡറും ചേർന്ന് തയാറാക്കിയിട്ടുള്ള കരാർ മുഴുവനും വായിച്ചു മനസിലാക്കിയിരിക്കണം. പദ്ധതി പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടാകുകയാണങ്കിൽ അതിനുള്ള നഷ്ട പരിഹാരവും അതു നൽകാൻ വൈകുന്നതനുസരിച്ചുള്ള പിഴയും നൽകുന്നുണ്ടോ എന്ന കാര്യവും ഉറപ്പാക്കണം. പകുതിയെങ്കിലും പണി പൂർത്തിയാക്കിയിട്ടുള്ള പദ്ധതിയാണു വാങ്ങുന്നതെങ്കിൽ പറഞ്ഞ പ്രകാരം തന്നെയാണോ നിർമാണം പുരോഗമിക്കുന്നതെന്നറിയാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA