നികുതി ഇളവുകളിലൂടെ ഉപഭോഗവും കാര്‍ഷിക വരുമാനവും വര്‍ധിപ്പിച്ചേക്കും

HIGHLIGHTS
  • വ്യക്തിഗത ആദായ നികുതി ഇളവുകളെ കുറിച്ചുള്ള പ്രതീക്ഷകളാണേറെ
union-budget-2019-agriculture
SHARE

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മൂന്നു മേഖലകളിലായി നടപടികളുണ്ടാകുമെന്നാണ് വിപണി  ചിന്തിക്കുന്നത്. നികുതി ഇളവുകളിലൂടെ ഉപഭോഗം വര്‍ധിപ്പിക്കാനും കാര്‍ഷിക വരുമാനം ഉയര്‍ത്താനും നടപടികളുണ്ടാകുമെന്നതാണ് ആദ്യത്തേത്. ചെറുകിട സംരംഭ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ഭവന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാനുമുള്ള നീക്കങ്ങളാണ് അടുത്തത്. സ്വകാര്യ, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള നടപടികളാണ് മൂന്നാമത്തേത്. ധനകമ്മി നിരക്കുകളില്‍ ശ്രദ്ധയൂന്നുന്ന വിപണി ദീര്‍ഘകാല മൂലധന ലാഭവുമായി ബന്ധപ്പെട്ട ഇളവുകളുടെ സൂചനകള്‍ക്കായും കാത്തിരിക്കുന്നുണ്ട്.

പ്രതീക്ഷകള്‍ ഏറെ, സാധ്യതകള്‍ പരിമിതം

വ്യക്തിഗത ആദായ നികുതി ഇളവുകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് എല്ലാവര്‍ക്കും കൂടുതലായുള്ളത്. നികുതി സ്ലാബുകള്‍ വിപുലമാക്കുന്നത് നഗരങ്ങളിലെ ചെലവഴിക്കലുകള്‍ വര്‍ധിപ്പിക്കുമെങ്കിലും ജിഡിപി വളര്‍ച്ചയെ ത്വരിതപ്പെടുത്തും വിധം അടിസ്ഥാന സൗകര്യ വികസനങ്ങളിലാവും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ടു മാസങ്ങളിലെ ചരക്കു സേവന നികുതി അത്ര മികച്ചതല്ലാത്തതും ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമിട്ട ഫലം നല്‍കാതിരുന്നതും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കും.

വരുമാന മാര്‍ഗ്ഗങ്ങള്‍ ആവശ്യം

പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം,  റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കൈമാറ്റം ചെയ്യല്‍ തുടങ്ങിയ നവീനമായ വരുമാന സ്രോതസുകളെ സര്‍ക്കാര്‍ ആശ്രയിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെയുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങളാവും സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ധന-കമ്മി ആസൂത്രണം അല്‍പം ലളിതമാക്കുമെന്നും പ്രതീക്ഷയുണ്ട്. ധന കമ്മിയിലെ വ്യതിയാനങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസനത്തിനു വഴി തെളിയിക്കുകയും ചെയ്യും.

മുഖ്യ ശ്രദ്ധ എവിടെയെല്ലാം

ഗ്രാമീണ, കാര്‍ഷിക മേഖലകളിലെ ഉത്തേജനത്തിനായുള്ള നീക്കങ്ങളാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. പ്രധാന്‍ മന്ത്രി കിസാന്‍ യോജന, ആയുഷ്മാന്‍ ‘ഭാരത് പദ്ധതികള്‍ വിപുലമാക്കിയേക്കും. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികളും നദീജല സംയോജന പദ്ധതികളും മുഖ്യ ശ്രദ്ധ പതിപ്പിക്കുന്ന മേഖലകളായിരിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കൂടുതല്‍ വിപുലമായി പരിഗണിക്കപ്പടും. 

ഭവന മേഖലയ്ക്കായി മെച്ചപ്പെട്ട വായ്പകള്‍ ലഭ്യമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചേക്കാം. ഇതിനായി റിയൽ എസ്റ്റേറ്റ് രംഗത്തിന്കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. നികുതി പിരിവു മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഏറെ പ്രതീക്ഷിക്കപ്പെടുന്ന മറ്റൊന്ന്. ചെറുകിട സംരംഭ മേഖലയ്ക്ക് മുന്‍ഗണനാ പദവി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളും ഗ്രാമീണ, ഉപഭോക്തൃ വായ്പകള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ടുകളെ പ്രയോജനപ്പെടുത്തുന്ന നീക്കങ്ങളും ഉണ്ടായേക്കാം.

പ്രതീക്ഷ നല്‍കുന്ന ഓഹരികൾ

ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ മഹാനഗര്‍ ഗ്യാസ്, പവ്വര്‍ ഗ്രിഡ് കോര്‍പറേഷന്‍, ധനകാര്യ മേഖലയില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്, അടിസ്ഥാന സൗകര്യ മേഖലയില്‍ അള്‍ട്രാ ടെക്ക് സിമന്റ്, പിഎന്‍സി ഇന്‍ഫ്രാടെക്ക്, രാസവസ്തു മേഖലയില്‍  സുദര്‍ശന്‍ കെമിക്കല്‍സ്, എസ്ആര്‍എഫ്, വാഹന മേഖലയില്‍ എം ആന്റ് എം, ഉപഭോക്തൃ മേഖലയില്‍ ബാറ്റ ഇന്ത്യ, ലോഹ-മൈനിങ് മേഖലയില്‍ ജെഎസ്ഡബ്ലിയു സ്റ്റീല്‍ തുടങ്ങിവ ബജറ്റിനു മുന്‍പ് പ്രതീക്ഷ നല്‍കുന്നവയാണ്.

ഷെയര്‍ഖാന്റെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി & ഇന്‍വെസ്റ്റ്മെന്റ് വിഭാഗം മേധാവിയാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA