ADVERTISEMENT

റിസർവ് ബാങ്ക് മറ്റു ബാങ്കുകളുടെ മേൽ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ മൂലം വായ്‌പ ലഭ്യത കുറഞ്ഞു. ഇത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി. കഴിഞ്ഞ ബജറ്റിന് ശേഷം വളർച്ച പുനരുജീവിപ്പിക്കുന്നതിനുള്ള നിരവധി നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. അത്തരം പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും സാധാരണയായി ബജറ്റ് പ്രസംഗത്തിനിടയിലാണ് ചെയ്യുന്നത്. ജിഡിപി വളർച്ചയിലെ മാന്ദ്യം പരിഹരിക്കുന്നതിന് എടുത്ത അടിയന്തര നടപടികളായി ഇവ കണക്കാക്കാമെങ്കിലും, ഉൽ‌പാദനം വർദ്ധിപ്പിക്കുക മാത്രമാണ് അവ ലക്ഷ്യമിട്ടത്.അതേ സമയം ഡിമാൻഡ് ഉയർത്താൻ കൂടുതൽ ഒന്നും ചെയ്തിട്ടില്ല. അതിനാൽ ഉപഭോഗം വർദ്ധിപ്പിക്കാനുള്ള നടപടികൾ എടുക്കാൻ സർക്കാരിനുമേൽ സമ്മർദ്ദമുണ്ട്. കൂടുതൽ പണം ജനങ്ങളുടെ കൈയിൽ എത്തിച്ചാൽ  മാത്രമേ ഉപഭോഗം വർദ്ധിപ്പിക്കാൻ കഴിയൂ. വ്യക്തിഗത നികുതി നിരക്കുകൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇത് വർദ്ധിപ്പിച്ചു.

വ്യക്തിഗത നികുതി നിരക്കുകളിൽ മാറ്റത്തിനു സാധ്യത

ആദായനികുതി നിയമത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ച അഖിലേഷ് രഞ്ജൻ ടാസ്‌ക്ഫോഴ്സ് നികുതി സ്ലാബുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. നേരിട്ടുള്ള നികുതി നിയമത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓഗസ്റ്റിൽ സർക്കാരിന് സമർപ്പിച്ചു. കോർപ്പറേറ്റ് വരുമാനനികുതി 2019 സെപ്റ്റംബറിൽ 25 ശതമാനമായി കുറച്ചത് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകൾക്ക് അനുസൃതമായിരുന്നു. നികുതിക്ക് വിധേയമായ വരുമാനം 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ആണെങ്കിൽ നികുതി 10% ആയി കുറയ്ക്കാൻ ടാസ്‌ക്ഫോഴ്സ് ശുപാർശ ചെയ്തതായി വാർത്തകൾ വന്നിരുന്നു. നികുതിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന വരുമാനത്തിന്റെ പരിധി ഇപ്പോഴത്തെ അഞ്ചുലക്ഷം രൂപയിൽ നിന്നും ഉയർത്താൻ സാദ്ധ്യത ഇല്ല. ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾ സർക്കാർ നടപ്പാക്കാൻ തുടങ്ങി എന്നത് കണക്കിലെടുക്കുമ്പോൾ, വ്യക്തിഗത നികുതി നിരക്കുകളിൽ മാറ്റം വരുമെന്ന് തന്നെയാണ് പ്രതീക്ഷ. 

വ്യക്തിഗത നികുതി ഘടനയിൽ  പ്രതീക്ഷിക്കുന്ന മാറ്റങ്ങൾക്ക് പുറമെ വ്യക്തികളെ ബാധിക്കാവുന്ന ചില  പ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 

വാഹന മേഖലക്കു കൈത്താങ്ങ്

ജിഡിപിയുടെ 7.5 ശതമാനത്തോളം സംഭാവന ചെയ്യുന്ന വാഹന മേഖലയിലെ തകർച്ച കഴിഞ്ഞ ഒരു വർഷത്തിനിടെ 25 ശതമാനത്തിലധികം ആയിരുന്നു. ഈ മേഖലയിലെ ഏകദേശം 4 കോടി ജീവനക്കാരിൽ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. വാഹന വിൽപ്പനയിലെ ഇടിവ് ജിഡിപി വളർച്ചയെ ഏകദേശം 1.8 ശതമാനം താഴേക്ക് വലിച്ചതായി കണക്കാക്കപ്പെടുന്നു. വാഹനങ്ങളുടെ ഡിമാൻഡ്  പുനരുജ്ജീവിപ്പിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുകയും അതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോൺ ഉപയോഗ നിരക്ക് ഉയർന്നേക്കും

ടെലികോം മേഖലയ്ക്ക് കടബാധ്യതയുണ്ട്, ഇപ്പോൾ സർക്കാരിന് കുടിശ്ശിക അടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് കൂടി വന്നപ്പോൾ അവരുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുന്നു. ആ മേഖലയ്ക്ക് ആശ്വാസം പകരുന്നതിനായി ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകാം. ഇത് ഫോൺ ഉപയോഗ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം.

കാർഷികമേഖലയ്ക്കും കരുതലുണ്ടാകും

സാമൂഹ്യമേഖലയ്ക്കുള്ള വിഹിതം സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യാം. പക്ഷെ കൂട്ടാനുള്ള സാധ്യത കുറവാണ്. വിപണികളിലേക്ക് നേരിട്ട് കാർഷിക ഉല്പന്നങ്ങൾ എത്തിച്ചു കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കാർഷിക ഉൽ‌പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും വില സ്ഥിരപ്പെടുത്തുകയും ചെയ്യും.

ലേഖകൻ കൊച്ചിയിലെ പ്രോഗ്നോ ഫിനാൻഷ്യൽ പ്ലാനിങ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രിന്‍സിപ്പൽ ഫിനാൻഷ്യൽ പ്ലാനറുമാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com