ADVERTISEMENT

ഡെറ്റ്‌ ഫണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്‌ ഇത്തവണത്തെ ബജറ്റില്‍ ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ക്ക്‌ നികുതി ആനുകൂല്യം പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാണ്‌.

ഡെറ്റ്‌ ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീം അഥവ ഡിഎല്‍എസ്‌എസ്‌ അവതരിപ്പിക്കുന്നതിനുള്ള അനുവാദം ഇത്തവണത്തെ ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി മുമ്പോട്ട്‌ വെച്ചിട്ടുണ്ട്‌.

ഡിഎല്‍എസ്‌എസ്‌ സംബന്ധിച്ച്‌ ഇത്തവണത്തെ ബജറ്റില്‍ അനുകൂല നിര്‍ദ്ദേശം ഉണ്ടാവുകയാണെങ്കില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക്‌ നികുതി ലാഭിക്കാന്‍ മറ്റൊരു മാര്‍ഗം കൂടി തുറന്നു കിട്ടും. മാത്രമല്ല കോര്‍പറേറ്റ്‌ ബോണ്ട്‌ വിപണിയില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ റീട്ടെയില്‍ നിക്ഷേപകരെ ഇത്‌ സഹായിക്കുകയും ചെയ്യും. രാജ്യത്തെ ബോണ്ട്‌ വിപണിയുടെ വളര്‍ച്ചയ്‌ക്കും ഇത്‌ വഴിയൊരുക്കുമെന്നാണ്‌ ധനമന്ത്രാലയത്തിനുള്ള ആംഫിയുടെ ബജറ്റ്‌ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌.

പുതിയൊരു നിക്ഷേപമാർഗം കൂടി

ഓഹരികളില്‍ നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീം അഥവ ഇഎല്‍എസ്‌എസിന്‌ സമാനമായി നികുതി ഇളവോടെ ഡെറ്റ്‌ വിപണിയില്‍ നിക്ഷേപിക്കുന്നതിനായി ഡെറ്റ്‌ ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീം അഥവ ഡിഎല്‍എസ്‌എസ്‌ അവതരിപ്പിക്കുന്നതിന്‌ അനുമതി നല്‍കണമെന്നാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ആവശ്യം. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക്‌ ഡെറ്റ്‌ വിപണിയില്‍ കൂടുതല്‍ നിക്ഷേപ അവസരം ലഭിക്കും. മാത്രമല്ല നികുതിയ ഇളവ്‌ നേടാനും കഴിയും.

ആംഫിയുടെ കണക്കുകള്‍ പ്രകാരം ഇക്വിറ്റി ഫണ്ടുകളില്‍ ആവശ്യക്കാരുള്ള മൂന്നാമത്തെ വലിയ സ്‌കീമാണ്‌ ഇഎല്‍എസ്‌എസ്‌. ഏകദേശം 1 ലക്ഷം കോടി രൂപയ്‌ക്ക്‌ അടുത്താണ്‌ ഇഎല്‍എസ്‌എസ്‌ കൈകാര്യം ചെയ്യുന്ന ആസ്‌തി (എയുഎം).

മൊത്തം ഇക്വിറ്റി ഫണ്ട്‌ കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 15 ശതമാനം ഇഎല്‍എസ്‌എസ്‌ ആണ്‌ സംഭാവന ചെയ്യുന്നത്‌ മൂന്ന്‌ വര്‍ഷത്തെ ലോക്‌ ഇന്‍ കാലയളവോടെ എത്തുന്ന ഈ ഫണ്ടുകള്‍ നികുതി ഒഴിവും ലഭ്യമാക്കുന്നുണ്ട്‌. അതിനാല്‍ മറ്റ്‌ ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടുകളേക്കാള്‍ ദീര്‍ഘകാല നിക്ഷേപമായിട്ടാണ്‌ ഇഎല്‍എസ്‌എസ്‌ തിരഞ്ഞെടുക്കുന്നത്‌.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com