sections
MORE

ബജറ്റിനെ തുടര്‍ന്നുള്ള വിപണിയിലെ തിരുത്തലുകള്‍ പ്രയോജനപ്പെടുത്താം

HIGHLIGHTS
  • ഗുണമേന്‍മയുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ അവസരമാണിത്
Union Budget | Nirmala Sitharaman
SHARE

ബജറ്റിനെ തുടര്‍ന്നു വിപണിയിലുണ്ടായ പ്രതിഫലനങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രമാവും നീണ്ടു നില്‍ക്കുക. ഉടന്‍ തന്നെ വിപണി അടിസ്ഥാനപരമായ ഘടകങ്ങള്‍ക്കനുസരിച്ചു പ്രതികരിക്കാന്‍ തുടങ്ങും. ഇപ്പോള്‍ വിപണിയിലുണ്ടായിട്ടുള്ള തിരുത്തലുകള്‍ പ്രയോജനപ്പെടുത്തി സ്വകാര്യ ബാങ്കിങ് മേഖല പോലുള്ള ഗുണമേന്‍മയുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. മുലധനത്തിന്റെ ഒഴുക്ക് സമ്പദ്ഘടനയുടെ തിരിച്ചു വരവ്, കോര്‍പറേറ്റ് വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇടക്കാലത്തേക്കും ദീര്‍ഘകാലത്തേക്കും ഉള്ള വിപണിയുടെ പ്രകടനം. 

എല്‍ഐസിയും ഐഡിബിഐയും

വിപണിയുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ കമ്പനികള്‍ നല്‍കേണ്ട ലാഭവിഹിത വിതരണ നികുതി (ഡിഡിടി) എടുത്തു കളഞ്ഞത് തികച്ചും ക്രിയാത്മകമാണ്. അതേ സമയം നികുതിദായകരുടെ കയ്യിലെത്തുന്ന ലാഭ വിഹിതത്തിനു ബാധകമായ നിരക്കില്‍ നികുതി നല്‍കുകുയം വേണം. ഇതാകട്ടെ, നിക്ഷേപകരുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ തികച്ചും പ്രതികൂലവുമാണ്. എല്‍ഐസിയുടെ  ഐപിഒയും ലിസ്റ്റിങും നടത്താനുള്ള നിര്‍ദ്ദേശമാണ് ബജറ്റിലെ ഏറ്റവും പ്രധാന ഘടകം. ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം സാമ്പത്തിക മേഖലകളിലെ ഉദാരവല്‍ക്കരണത്തെ മുന്നോട്ടു കൊണ്ടു പോകും. അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപിക്കുന്ന സോവറിന്‍ വെല്‍ത്ത്  ഫണ്ടുകള്‍ക്ക് 10 ശതമാനം നികുതി ഇളവു നല്‍കുന്നത് വിപണിയുടെ കാഴ്ചപ്പാടില്‍ തികച്ചും ക്രിയാത്മകമായ ഒന്നാണ്. ചില വിഭാഗം സര്‍ക്കാര്‍ കടപത്രങ്ങള്‍ എന്‍ആര്‍ഐ നിക്ഷേപകര്‍ക്കു തുറന്നു കൊടുക്കുന്നതും കോര്‍പറേറ്റ് കടപത്രങ്ങളിലെ എഫ്പിഐ നിക്ഷേപ പരിധി ഉയര്‍ത്തുന്നതും കടപത്ര വിപണിക്ക് സഹായകമാകും. 

ഇതേ സമയം എല്‍ടിസിജി നികുതിയുമായി ബന്ധപ്പെട്ട് വിപണിയെ നിരാശപ്പെടുത്തുന്നതായിരുന്നു ബജറ്റ്. നികുതിയുടെ കാര്യത്തില്‍ വളരെ ചെറിയൊരു ത്യാഗം നടത്തി ദീര്‍ഘകാല ഫണ്ടുകളെ ആകര്‍ഷിക്കാനുള്ള അവസരമാണു സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. 

അടിസ്ഥാന സൗകര്യ വികസനം കരുത്താകും

ഗ്രാമീണ സമ്പദ് ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാഗര്‍മാല, കിസാന്‍ റെയില്‍, ഉഡാന്‍, സൗരോര്‍ജ്ജ പമ്പുകള്‍, ജല്‍ ജീവന്‍ യോജന തുടങ്ങിയ പദ്ധതികള്‍ ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കായി 2.83 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  99300 കോടി രൂപ വിദ്യാഭ്യാസത്തിനും 69000 കോടി രൂപ ആരോഗ്യ മേഖലയ്ക്കും 1.7 ലക്ഷം കോടി രൂപ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കും വകയിരുത്തിയിട്ടുണ്ട്. 2024-ഓടെ നൂറു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കും. ഇവ അടിസ്ഥാന സൗകര്യ വികസനത്തിനു വലിയ ഉണര്‍വ്വു നല്‍കും. 

ഓഹരികള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യം മുന്നോട്ടു വെച്ചിരിക്കുന്നത് പ്രതിബദ്ധതയെയാണു കാണിക്കുന്നത്. പ്രത്യേകിച്ച് 2020 സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍.

ആദായ നികുതി ദായകര്‍ക്ക്  പുതിയ കുറഞ്ഞ നിരക്കുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ഇളവുകള്‍ ഇല്ലാതെ നാമമാത്രമായ കുറവ് ലഭിക്കും. പുതിയ സംവിധാനവും പഴയ സംവിധാനവും ഒരുമിച്ചു പോകുന്നത് ആദായ നികുതി മേഖലയില്‍ അനാവശ്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. ഇളവുകള്‍ ഇല്ലാത്ത പുതിയ രീതികള്‍ ഇഎല്‍എസ്എസ് പോലുള്ള മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA