കെവൈസി പൂര്‍ത്തിയാക്കിയില്ലേ? മ്യൂച്വല്‍ ഫണ്ടില്‍ ഇനി ഇടപാട് നടത്താനാകില്ല
Mail This Article
കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ഇനി ഇടപാട് നടത്താനാകില്ല. ഫെബ്രുവരി 28 മുതല്‍ ഇതു പ്രബല്യത്തിൽ വന്നു. ഇനി മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്തണം എന്നുണ്ടെങ്കില്‍ നിക്ഷേപകര്‍ കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം എന്ന് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി വിജ്ഞാപനം ഇറക്കി. ഇതോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങുന്നതിന് കെവൈസി ഫോമിനൊപ്പം അപേക്ഷാ ഫോമും ചെക്കും സ്വീകരിക്കുന്ന രീതിക്ക് അവസാനമാകും. നിക്ഷേപം തുടങ്ങുന്നതിന് ഇനിമുതല്‍ നിക്ഷേപകര്‍ ആദ്യം കെവൈസി പൂര്‍ത്തിയാക്കണം. കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളില്‍ നിക്ഷേപകരുടെ സ്റ്റാറ്റസ് വെരിഫൈയ്ഡ് എന്ന് പ്രത്യക്ഷപ്പെടുകയും വേണം.
ആനുകൂല്യങ്ങൾ മുടങ്ങില്ല
കെവൈസി പൂര്‍ത്തിയാക്കാത്ത മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ആംഫിയുടെ നിര്‍ദ്ദേശം. കെവൈസി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ പിന്നീട് ഇടപാടുകള്‍ നടത്താന്‍ അനുവദിക്കു.
അതേസമയം ഫോളിയോ മരവിപ്പിച്ചാലും നിക്ഷേപകരുടെ അക്കൗണ്ടുകള്‍ക്ക് സാധാരണ രീതിയില്‍ റിട്ടേണുകളും / ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും ആംഫി അറിയിച്ചു.
നിക്ഷേപകര്‍ ആദ്യം കൈവൈസി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ പുതിയ നിക്ഷേപം നടത്താനോ, നിക്ഷേപം പിന്‍വലിക്കാനോ,നിക്ഷേപം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റോനോ സാധിക്കില്ല എന്നാണ് ആംഫിയുടെ വിജ്ഞാപനത്തില്‍ പറയുന്നത്. അതുപോലെ പുതിയ നിക്ഷേപകര്‍ ആദ്യം കെവൈസി പൂര്‍ത്തിയാക്കി വെരിഫൈയ്ഡ് പദവി നേടണം.അതിന് ശേഷം മാത്രമെ നിക്ഷേപം നടത്താനാവു.