ADVERTISEMENT

ചിട്ടികൾ നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ ഇതിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണ്? ശരിക്കും ചിട്ടി ലാഭമാണോ? എവിടെയാണു ചേരേണ്ടത്? തുടങ്ങിയ സംശയങ്ങൾ എപ്പോഴും നിലനിൽക്കുന്നു. അവയ്ക്കുള്ള മറുപടികൾ.

‘ഞാന്‍ എല്ലാ മാസവും ചെറിയൊരു തുക വീതം ചിട്ടിയിൽ നിക്ഷേപിക്കുന്നു. വട്ടമെത്തുമ്പോള്‍ കിട്ടുന്ന പണം കൊണ്ട് സ്വര്‍ണം വാങ്ങും.’ കൊച്ചിയില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന അഞ്ജലി പറയുന്നു. ഇവരെപ്പോലെ മറ്റേതൊരു നിക്ഷേപപദ്ധതിക്കും ഉപരിയായി ചിട്ടിയെ ആശ്രയിക്കുന്ന ഒട്ടേറെ പേര്‍ നമുക്കു ചുറ്റുമുണ്ട്.

ഉയര്‍ന്ന നേട്ടം, വേഗത്തില്‍ പണം ലഭിക്കാനുള്ള സാധ്യത, ലളിതമായ പ്രവര്‍ത്തനം തുടങ്ങിയവ ചിട്ടിയുടെ ഗുണമായി അഞ്ജലിയെപ്പോലുള്ളവർ കാണുന്നു. എന്നാൽ ശരിക്കും ഈ ചിട്ടികൾ മികച്ചതും സുരക്ഷിതവുമാണോ? ആര്‍ക്കൊക്കെയാണ് ഇതിൽ നിക്ഷേപം അഭികാമ്യമായിട്ടുള്ളത്? ഇതിലെ നഷ്ടസാധ്യതകള്‍ എന്തൊക്കെയാണ്? ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ചിട്ടിയുമായി ബന്ധപ്പെട്ട് നമ്മുടെ ഉള്ളിൽ ഉയരാം.

ചിട്ടിക്ക് പ്രായമേറെയുണ്ട്

രണ്ടു നൂറ്റാണ്ടിലേറെയായി കേരളത്തില്‍ ചിട്ടി ഫണ്ടുകള്‍ നിലവിലുണ്ട്. പഴയ കൊച്ചി രാജ്യത്തെ രാജാവ് 1800 കളില്‍ ഒരു സിറിയന്‍ ക്രിസ്ത്യന്‍ വ്യാപാരിക്കു വായ്പ കൊടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ചിട്ടി ഫണ്ടുകള്‍ എന്ന ആശയത്തിനു വഴിവച്ചതത്രെ. നടത്തിപ്പു ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു പങ്ക് മാറ്റിവച്ച ശേഷമായിരുന്നു വ്യാപാരിക്കു വായ്പ നല്‍കിയത്.

പിന്നീട് വായ്പ ആവശ്യമുള്ളവരുടെ എണ്ണം വര്‍ധിച്ചു വന്നപ്പോള്‍ നറുക്കിട്ട് പണം നല്‍കുന്നതിന് രാജാവ് ഉത്തരവും പുറപ്പെടുവിച്ചു. വ്യക്തികളിൽ നിന്നു ശേഖരിക്കപ്പെടുന്ന പണം തന്നെയാണ് ഇങ്ങനെ തുല്യ അവസരം നല്‍കി നറുക്കിട്ടു കൊടുത്തത്. പിന്നീട് ചില മതസ്ഥാപനങ്ങൾ സ്വന്തം പേരില്‍ കുറികള്‍ ആരംഭിക്കുകയും വരിക്കാര്‍ക്ക് തെളിവായി പാസ്ബുക്കുകള്‍ നല്‍കുകയുമെല്ലാം ചെയ്തതോടെയാണ് കുറികള്‍ ക്രമമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1830–35 കാലഘട്ടത്തിലായിരുന്നു ഇതെല്ലാം.

ചൈനയില്‍നിന്നുള്ള പോര്‍ച്ചുഗീസ് മിഷനറിമാര്‍ കൊടുങ്ങല്ലൂരിലെത്തിയതുമായി (മുസിരീസ്) ബന്ധപ്പെട്ടും ചിട്ടിയുടെ ഉദ്ഭവത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടുണ്ട്. വൈപ്പിന്‍കോട്ടയില്‍ 1577ല്‍ സെമിനാരി സ്ഥാപിച്ച ഇവര്‍ കൊടുങ്ങല്ലൂരില്‍ ചിട്ടി പ്രോല്‍സാഹിപ്പിച്ചതായും പറയപ്പെടുന്നു. 1930 ആയപ്പോള്‍ 166 സ്ഥാപനങ്ങളാണ് കേരളത്തില്‍ ചിട്ടി നടത്തിക്കൊണ്ടിരുന്നത്. കേരളത്തിലെ ആദ്യ പൊതുമേഖലാ ചിട്ടി ഫണ്ടായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസിനു (കെഎസ്എഫ്ഇ) കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്നത് 1969 ൽ ആണ്.

ഇപ്പോഴത്തെ അവസ്ഥ

സാധാരണക്കാര്‍, ചെറുകിട ഇടത്തരം ബിസിനസുകാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, താഴ്ന്ന-ഇടത്തരം വരുമാനക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ വളരെ ജനകീയമാണ് ചിട്ടി ഫണ്ടുകള്‍. 4,50,000 റജിസ്‌റ്റേർഡ് ചിട്ടി ഫണ്ടുകളും 60,000 കോടി രൂപയുടെ ബിസിനസും നടക്കുന്ന വളരെ സംഘടിതമായൊരു മേഖലയാണിത്. അംഗീകൃത സ്ഥാപനങ്ങളുടെ മുപ്പതോ നാൽപതോ ഇരട്ടി വരും പുറത്തുള്ളത്.

കറന്‍സി പിന്‍വലിക്കലിനുശേഷം ചിട്ടി ഫണ്ടുകള്‍ വലിയ വളര്‍ച്ച കൈവരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നതിൽ വിമുഖത കാട്ടിയപ്പോള്‍ പല ചെറുകിട സംരംഭകരും ചിട്ടി ഫണ്ടുകളിലേക്കു നീങ്ങി.

ചിട്ടിയുടെ പ്രവർത്തനം

ചിട്ടികള്‍ക്ക് ഒരു മുൻ നിശ്ചിത മൂല്യവും കാലാവധിയുമുണ്ടാകും. സാധാരണയായി കാലാവധിക്കു തുല്യമായ അംഗങ്ങളാവും ഉണ്ടാകുക. ഇതില്‍ ഓരോ മാസവും അല്ലെങ്കില്‍ നിശ്ചിത കാലാവധിക്ക് വീതമടച്ച വരിക്കാര്‍ ലേലം നടത്തുകയും ഏറ്റവും ഉയര്‍ന്ന കിഴിവു സംഖ്യ വാഗ്ദാനം ചെയ്യുന്ന വ്യക്തിക്ക് ചിട്ടി ഉറപ്പിക്കുകയും ചെയ്യും. ഇങ്ങനെ ചിട്ടി പിടിക്കുന്നയാൾക്ക് ചിട്ടിത്തുകയില്‍നിന്ന് കിഴിവു സംഖ്യയും ഫോര്‍മാൻ കമ്മിഷനും കുറച്ച ശേഷമുള്ള തുക നല്‍കുന്നു. കിഴിവു സംഖ്യ ശേഷിക്കുന്ന വരിക്കാര്‍ക്കു ഡിവിഡൻഡായി വീതിച്ചു നൽകുന്നതാണു പതിവ്. അതായത് അടുത്ത മാസം നല്‍കേണ്ട വരിസംഖ്യ ഡിവിഡൻഡ് തുകയ്ക്കനുസരിച്ച് താഴേക്കു വരും.

നമുക്കൊരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമായി മനസിലാക്കാം. അഞ്ചു ലക്ഷം രൂപയുടെ ഒരു ചിട്ടി. അതിന് 50 വരിക്കാരും 50 മാസ തവണകളും എങ്കില്‍ പ്രാഥമിക വിഹിതം 10,000 രൂപയായിരിക്കുമല്ലോ. 10,000x50= 5,00,000 രൂപ.

ആദ്യ മാസത്തിലെ ലേലക്കിഴിവ് ഒരു ലക്ഷം രൂപയാണെന്ന് അനുമാനിക്കാം. ലേലം വിളിച്ച വരിക്കാരന് ചിട്ടിത്തുകയില്‍നിന്ന് ഈ കിഴിവും ഫോര്‍മാനുള്ള 5 ശതമാനം കമ്മിഷനും കുറച്ച് 3,75,000 രൂപ ലഭിക്കും. ഈ ഡിവിഡൻഡ് തുക 50 വരിക്കാര്‍ക്കും തുല്യമായി വീതിക്കുമ്പോള്‍ ഏകദേശം 2,000 രൂപ വീതം വരും. ഇത് അടുത്ത തവണത്തെ ചിട്ടി വരിസംഖ്യയിലെ കുറവായി നല്‍കും. അതായത് അടുത്ത മാസത്തെ ചിട്ടിത്തുക 8,000 രൂപയായിരിക്കും.

ഈ പ്രക്രിയ ചിട്ടിയുടെ അവസാനം വരെ എല്ലാ മാസവും ആവര്‍ത്തിക്കും. ഓരോ വരിക്കാരന്റെയും വരിസംഖ്യ ഒന്നു തന്നെയാണെങ്കിലും ഓരോ മാസവും ലേലത്തുക മാറിക്കൊണ്ടിരിക്കും. ഇനി പണമടയ്ക്കാന്‍ മുടങ്ങുകയോ വൈകുകയോ ചെയ്യുകയാണെങ്കില്‍ ചിട്ടി ഫണ്ട് നടത്തിപ്പുകാര്‍ മുടക്കം വരുത്തിയ വരിക്കാര്‍ക്കു പകരം പണം കണ്ടെത്തി ചിട്ടി പിടിക്കുന്ന ആളിനു നൽകേണ്ടതുണ്ട്.

ചിട്ടി ഫണ്ടുകളുടെ നിയന്ത്രണം

ഇന്ത്യയിലെ ചിട്ടി ഫണ്ടുകള്‍ 1982 ലെ ചിട്ടി ഫണ്ട്‌സ് നിയമം അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. 2019 നവംബറില്‍ പാര്‍ലമെന്റ് ചിട്ടി ഫണ്ട്സ് (ഭേദഗതി) നിയമം പാസാക്കുകയുണ്ടായി. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കു മാത്രമേ ചിട്ടി ഫണ്ടുകള്‍ റജിസ്റ്റര്‍ ചെയ്യുവാനും നിയന്ത്രിക്കുവാനും സാധിക്കൂ.

ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമിക്കുന്ന ചിട്ടി റജിസ്റ്റാറിനാണ് ചിട്ടി ഫണ്ടുകളുടെ നിയന്ത്രണം. റജിസ്റ്റാറുടെ തീരുമാനങ്ങള്‍ക്കു മേലുള്ള അപ്പീല്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിനാണ്. ഏതെങ്കിലും ചിട്ടിഫണ്ട് ബിസിനസ് പരാജയപ്പെടുകയാണെങ്കില്‍ അതു നിര്‍ത്തലാക്കുവാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്.

ചിട്ടി എത്രത്തോളം ആദായകരമാണ്?

ചിട്ടിയിൽ ചേരുന്ന വ്യക്തിയുടെ പണത്തിനുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതില്‍ നിന്നുള്ള യഥാർഥ വരുമാനം കണക്കാക്കാനാകുക. ഓരോ മാസത്തെയും ലേലത്തുക വ്യത്യസ്തമായിരിക്കുമല്ലോ. നടത്തിപ്പുകാർ ഈടാക്കുന്ന കമ്മിഷനാണ് മറ്റൊരു ഘടകം.അതുകൊണ്ട് ചിട്ടി കാലാവധി പൂര്‍ത്തിയായ ശേഷമേ അതിലെ യഥാർഥ വരുമാനം എത്രയെന്നു തിട്ടപ്പെടുത്താനാകൂ.

ദീര്‍ഘകാല സമ്പത്തു കെട്ടിപ്പടുക്കലാണു ലക്ഷ്യമെങ്കില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി മെച്ചപ്പെട്ടതും പണപ്പെരുപ്പത്തെ മറികടക്കുന്നതുമായ വരുമാനം നല്‍കും. ഇതേ സമയം വായ്പയ്ക്കു പകരമുള്ള വഴിയായി കാണുമ്പോള്‍ ചിട്ടികള്‍ ക്രെഡിറ്റ് കാര്‍ഡുകളെയും വട്ടപ്പലിശയെയും അപേക്ഷിച്ച് മെച്ചമാണ്.

∙ സമ്പാദ്യത്തിന്റെയും വായ്പയുടെയും നേട്ടങ്ങള്‍ ഒരുപോലെ അടങ്ങിയ സവിശേഷ പദ്ധതിക
ളാണ് ചിട്ടി ഫണ്ടുകള്‍. കാലാവധിക്കുള്ളില്‍ നിങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അതൊരു സമ്പാദ്യ പദ്ധതിയായി മാറും.

∙ നിങ്ങള്‍ക്ക് എന്തെങ്കിലും അടിയന്തര വായ്പാ ആവശ്യം ഉണ്ടെങ്കില്‍ മറ്റ് സാധ്യതകള്‍ പരിഗണിച്ച് അതിനുണ്ടാകുന്ന ചെലവും മറ്റും കണക്കാക്കിയ ശേഷമാകണം ചിട്ടിയോ മറ്റു മാർഗങ്ങളോ, ഏതു വേണമെന്നു തീരുമാനിക്കാൻ.

∙ ക്രെഡിറ്റ് സ്‌കോറുകള്‍ തീരെ കുറവുള്ള വ്യക്തിയാണെങ്കില്‍ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നിന്നു വായ്പ ലഭിക്കുവാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ.

ഇത്തരക്കാർക്ക് ഏറെ സഹായകരമാണ് ചിട്ടികള്‍. ചേർന്ന ഉടൻ തന്നെ വിളിച്ചെടുക്കാനായാൽ ആവശ്യം തടസ്സം കൂടാതെ നിർവഹിക്കാം.

∙ ചിട്ടി വിളിച്ച തുക നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ആവശ്യമായ ജാമ്യം വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യം, സ്ഥലം, സ്വര്‍ണം, സ്ഥിര നിക്ഷേപം തുടങ്ങിയവയെല്ലാം ഇതിനായി നല്‍കാം.

∙ ചില ചിട്ടി ഫണ്ടുകൾ ലേലം കിട്ടാത്തവർക്ക് അടിയന്തര ആവശ്യങ്ങൾക്ക് ചിട്ടിയിൽ നിന്നു തന്നെ വായ്പ ലഭ്യമാക്കാറുണ്ട്. പക്ഷേ, ഉയർന്ന പലിശയാകും ഇതിന് ഈടാക്കുക.

∙ ചിട്ടികളുടെ പ്രതിമാസ ലേലത്തില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിക്കണം

∙ രാജ്യത്തെ സാമ്പത്തികാവസ്ഥ മെച്ചമല്ലാത്തപ്പോള്‍ ബാങ്കുകളില്‍നിന്നും മറ്റുമുള്ള പണലഭ്യത കുറയുമ്പോൾ ചിട്ടികൾക്കു ലേലക്കാര്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

∙ പ്രതിമാസ കുറികളാണ് ഏറെ ജനകീയം. ഇതോടൊപ്പം പ്രതിവാര, പ്രതിദിന കുറികളും നടത്തുന്ന കമ്പനികളുണ്ട്.

∙ ആരോഗ്യ സംരക്ഷണ, ചികില്‍സാ ചെലവുകള്‍ക്കായി ചിട്ടികളെ ആശ്രയിക്കരുത്. ഇതിനായി ആരോഗ്യ ഇൻഷുറന്‍സ് പോളിസി തന്നെ എടുക്കുന്നതാണു നല്ലത്.ചിട്ടിയെ കുടുതൽ അറിയുന്നതിന്

വിവിധതരം ചിട്ടി ഫണ്ടുകള്‍

സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ചിട്ടി ഫണ്ടുകൾ– സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചിട്ടി ഫണ്ടുകളാണ് ഈ വിഭാഗത്തില്‍ പെടുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്നവയും ഇതിലുണ്ട്. ഇവ താരതമ്യേന സുരക്ഷിതവും നഷ്ടസാധ്യത പരിമിതവുമാണ്. നടത്തിപ്പ് സുതാര്യവും വ്യക്തവുമാണെന്നതാണ് മറ്റൊരു സവിശേഷത. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) ഇതിനൊരു ഉദാഹരണമാണ്.

സ്വകാര്യ റജിസ്റ്റേർഡ് ചിട്ടി ഫണ്ടുകള്‍– പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളുമാണ് മുഖ്യമായും ഇത്തരം ചിട്ടിഫണ്ടുകൾക്ക് പിന്നിലുണ്ടാകുക. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളോളം സുരക്ഷിതത്വം ഇവയ്ക്കുണ്ടാകില്ല. വിപണിയിലെ നഷ്ടസാധ്യതകള്‍ക്കും സാഹചര്യങ്ങളും വിധേയമായിരിക്കും ഇവയിലെ നിക്ഷേപങ്ങള്‍. ഒട്ടേറെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളും ചിട്ടിഫണ്ടുകള്‍ നടത്തുന്നുണ്ട്. ചിലയിടത്തെല്ലാം ചിട്ടി എന്നതിനു പകരം ‘മന്ത് ലി ഡിപ്പോസിറ്റ് സ്കീം’(എംഡിഎസ്) എന്ന വാക്കാണ് ഉപയോഗിക്കുക.

റജിസ്റ്റര്‍ ചെയ്യാത്ത ചിട്ടികള്‍– റജിസ്റ്റര്‍ ചെയ്യാത്ത ചിട്ടികള്‍ക്ക് നിയമസാധുതയില്ലെന്നു മാത്രമല്ല, അവയില്‍ ചേരുന്നവര്‍ തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ നഷ്ടസാധ്യത ഏറ്റെടുക്കുക കൂടിയാണ്. ചെറിയ കൂട്ടുകെട്ടുകള്‍ക്കിടയിലോ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലോ ഇത്തരം ചിട്ടിഫണ്ടുകള്‍ നടത്തുന്നതു വളരെ വ്യാപകവുമാണ്. വിശ്വാസത്തിന്റെ പേരില്‍ മാത്രമാണിവ രൂപീകരിക്കുന്നതും മുന്നോട്ടു പോകുന്നതും.

ലേഖകന്‍ കൊച്ചിയിലെ ഇ ഐ വെൽത്ത് ഇൻവെസ്റ്റ്മെന്റ് കൺസൾറ്റന്റ്സിലാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com