ADVERTISEMENT
കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്ക ഓഹരി വിപണികളിലും പ്രതിഫലിച്ചതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക്‌. ഇതിന്റെ ഫലമായി ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയരത്തില്‍ എത്തി. ഫെബ്രുവരിയില്‍ ഗോള്‍ഡ്‌ ഇടിഎഫിലേക്ക്‌ എത്തിയത്‌1,483 കോടി രൂപയുടെ നിക്ഷേപമാണ്‌. ഗോള്‍ഡ്‌ ഇടിഎഫിലേക്ക്‌ തുടര്‍ച്ചയായി നിക്ഷേപം എത്തുന്ന നാലാമത്തെ മാസമാണിത്‌. ഓഹരി വിപണികളില്‍ വിറ്റൊഴിയല്‍ ശക്തമാവുകയും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുകയും ചെയ്യുന്നതിന്‌ ഇടയിലാണ്‌ ഗോള്‍ഡ്‌ ഇടിഎഫിലേക്കുള്ള നിക്ഷേപം ശക്തമായിരിക്കുന്നത്‌. മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഫെബ്രുവരി മാസത്തില്‍ ഗോള്‍ഡ്‌ ഇടിഎഫിലേക്ക്‌ മൊത്തം 1,483 കോടി രൂപയുടെ നിക്ഷേപമാണ്‌ എത്തിയിരിക്കുന്നത്‌. മുന്‍ മാസം 202 കോടി രൂപയുടെ നിക്ഷേപമാണ്‌ ഉണ്ടായത്‌.ഒക്ടോബര്‍ മാസത്തില്‍ 31.45 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ച നിക്ഷേപകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഗോള്‍ഡ്‌ ഇടിഎഫിലെ നിക്ഷേപം ശക്തമാക്കി. ഡിസംബറില്‍ 27 കോടി രൂപയുടെയും നവംബറില്‍ 7.68 കോടി രൂപയുടെയും നിക്ഷേപമാണ്‌ ഗോള്‍ഡ്‌ ഇടിഎഫില്‍ എത്തിയത്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ്‌ നിക്ഷേപകര്‍ കണക്കാക്കുന്നത്‌. നിക്ഷേപം ഉയര്‍ന്നതോടെ ഗോള്‍ഡ്‌ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 7,926 കോടി രൂപയായി ഉയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com