ADVERTISEMENT
ലോക്ഡൗൺ കാലത്ത് പതിവു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനു തന്നെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടല്ലോ. ആ സാഹചര്യത്തില്‍ നികുതി ആസൂത്രണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എങ്ങനെ നടത്തും എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? സാമൂഹിക അകലം പാലിക്കുന്നതിനിടയിലും വീട്ടിലിരുന്നു കൊണ്ടു തന്നെ നടത്താവുന്ന നിരവധി നികുതി ആസൂത്രണ പദ്ധതികള്‍ ഇന്നു ലഭ്യമാണ്. ഇത്തരത്തില്‍ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിച്ചു നടത്താവുന്ന അഞ്ചു പദ്ധതികളുടെ ഒരു പട്ടികയാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിക്കുന്നത്.

 1. പബ്ലിക് പ്രോവിഡന്റ് ഫണ്ട്

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള ജനപ്രിയ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. സുരക്ഷിതവും ആകര്‍ഷകവുമായ പലിശയാണ് ഇതിലൂടെ ലഭിക്കുക. ഇതു പൂര്‍ണമായി നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഐമൊബൈല്‍ ആപ്പോ ഇന്റര്‍നെറ്റ് ബാങ്കിങോ ഉപയോഗിച്ച് പിപിഎഫ് അക്കൗണ്ട് തല്‍സമയം ആരംഭിക്കാനാവും. 15 വര്‍ഷത്തേക്കുള്ള മികച്ചൊരു നിക്ഷേപമായിരിക്കും പിപിഎഫ്.  ഒരു സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1,50,000 രൂപ വരെ ഇതില്‍ നിക്ഷേപിക്കാം.

2. നികുതി ലാഭിക്കാനാവുന്ന സ്ഥിര നിക്ഷേപങ്ങള്‍

ആദായ നികുതി ആസൂത്രണത്തിന് ഏറെ പ്രയോജനകരമായ മറ്റൊന്നാണ് 80 സി വകുപ്പു പ്രകാരം ഇളവു ലഭിക്കുന്ന ടാക്‌സ് സേവിങ് സ്ഥിര നിക്ഷേപങ്ങള്‍. ഇവയും നെറ്റ്, മൊബൈല്‍ ആപ്പോ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലൂടെ എളുപ്പം ആരംഭിക്കാം. അഞ്ചു വര്‍ഷമാണ് ഇവയുടെ കാലാവധി. 10,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം. ഇവയുടെ പലിശ കാലാവധി കഴിയുമ്പോഴോ പ്രതിമാസ, ത്രൈമാസ കാലയളവുകളിലോ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാം. സ്വാഭാവികമായും ഇവ കാലാവധിക്കു മുന്‍പു പിന്‍വലിക്കാന്‍ അനുവാദമില്ല.

 3. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളെക്കുറിച്ചു ആളുകള്‍ കൂടുതലായി ചിന്തിക്കുന്ന കാലം കൂടിയാണിത്. 80 ഡി വകുപ്പു പ്രകാരം നികുതി ഇളവു ലഭിക്കുന്ന ഇന്‍ഷൂറന്‍സുകളും ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എടുക്കാനാവും. 50,000 രൂപ വരെയാണ് ഇളവു ലഭിക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 75,000 രൂപയും ഇളവു ലഭിക്കും. 46 വയസു വരെയുള്ളവര്‍ക്ക് വൈദ്യ പരിശോധനകള്‍ ഇല്ലാതെ തന്നെ  ഈ പോളിസികള്‍ എടുക്കാനാവും. പോളിസി എടുക്കാന്‍ പ്രായപരിധിയും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നതാണ് മറ്റൊരു സവിശേഷത.

 4. ഇഎല്‍എസ്എസ്

ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയില്‍ (ഇഎല്‍എസ്എസ്) നിക്ഷേപിക്കാനുള്ള സൗകര്യവും ബാങ്ക് സൈറ്റു വഴി ലഭ്യമാണ്. ഇതിനായി എസ്‌ഐപി രീതി തെരഞ്ഞെടുക്കാം. 80 സി വകുപ്പു പ്രകാരം ഇളവു ലഭിക്കുന്ന മറ്റു പദ്ധതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ കാലപരിധിയായ മൂന്നു വര്‍ഷം മാത്രമേ ഇതിനു പിന്‍വലിക്കല്‍ നിരോധനമുള്ളു എന്ന സവിശേഷതയും ഉണ്ട്.

 
5. നാഷണല്‍ പെന്‍ഷന്‍ പദ്ധതി

നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. മൊബൈല്‍ ആപ്പോ വെബ്‌സൈറ്റോ വഴി പൂര്‍ണമായും കടലാസു രഹിതമായി ഇതു സാധിക്കും. 18 വയസു മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് ഇതില്‍ നിക്ഷേപം നടത്താം. 80 സിസിഇ പ്രകാരമുള്ള 1,50,000 രൂപയ്ക്കു പുറമെ 80 സിസിഡി (1ബി) പ്രകാരമുള്ള അധിക 50,000 രൂപയുടെ ഇളവു കൂടി എന്‍പിഎസില്‍ സ്വമേധയാ നിക്ഷേപം നടത്തുന്നവര്‍ക്കു ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com