ADVERTISEMENT
കോവിഡിനു ശേഷമുളള സാമ്പത്തിക ജീവിതം എങ്ങനെയായിരിക്കും? ലോക്‌ഡൗൺ കാലത്തും അതിനു ശേഷവും നടത്തുന്ന തയ്യാറെടുപ്പുകൾക്ക് ഇതിൽ വലിയ പങ്കു വഹിക്കാനുണ്ട്. കോവിഡ് ആധുനിക ലോകത്തെ എത്രത്തോളം പിന്നോട്ടടിക്കും എന്നാണല്ലോ നാമെല്ലാവരും ആശങ്കപ്പെടുന്നത്. എന്തായാലും ഭീതിയുടെ കാർമേഘങ്ങളൊഴിഞ്ഞു പ്രതീക്ഷയുടെ പുതിയ ലോകത്തേക്കു കാലെടുത്തു വെക്കുമ്പോൾ സാമ്പത്തികമായ നിരവധി തയ്യാറെടുപ്പുകൾ ഓരോ വ്യക്തിക്കും ആവശ്യമാണ്.
 
1. തയാറാക്കാം, കുടുംബ ബജറ്റ്
 
ഒന്നിനും സമയമില്ല എന്ന പരാതിക്ക് അവധി നൽകി പ്രിയപ്പെട്ടവർക്കൊപ്പം വീട്ടിനുള്ളിൽ അലസമായി ദിവസങ്ങൾ തള്ളി നീക്കുകയാവും നിങ്ങളിലേറെപ്പേരും. എന്നാൽ ഒട്ടും വൈകേണ്ട,  ഇപ്പോഴത്തെ വരവു ചെലവുകൾ കണക്കിലെടുത്താൽ നിങ്ങളുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനാകും. അതുകൊണ്ട് ഈ വേള തന്നെയാണ് കുടുംബ ബജറ്റ് തയാറാക്കാൻ ഏറ്റവും അനുയോജ്യം. ഒന്നാലോചിച്ചു നോക്കൂ, ഇപ്പോൾ അനാവശ്യ യാത്രകളില്ല, ആഘോഷങ്ങളില്ല, ഷോപ്പിങ്ങില്ല, എന്തിന് പലർക്കും ഒഴിച്ചു കൂടാനാകാത്ത മദ്യപാനം പോലുമില്ല. ഇപ്പോൾ സ്വയമൊന്നു വിലയിരുത്തി നോക്കുക, ഇതിൽ എന്തെല്ലാമാണ് നിങ്ങളുടെ ജീവിതത്തില്‍ അനിവാര്യമായിട്ടുള്ളതെന്ന്. അങ്ങനെ ഒഴിവാക്കാൻ കഴിയുന്നതെല്ലാം ഒഴിവാക്കി വേണ്ടതു മാത്രം ഉൾപ്പെടുത്തി കൃത്യതയുള്ള ഒരു കുടുംബ ബജറ്റ് തയാറാക്കുക.  അടച്ചിടൽ കാലം കഴിഞ്ഞുള്ള നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യാൻ അത് വലിയ അളവിൽ സഹായിക്കുമെന്നതിൽ സംശയം വേണ്ട.  നിങ്ങൾ കുടുംബ ബജറ്റ് തയാറാക്കി അതിനനുസരിച്ചു ജീവിക്കുന്ന ആളാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു അതിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയുമാകാം.

2. കാശ് കൈയിൽ കരുതണം

സാമ്പത്തിക ആസൂത്രണത്തിലെ ഒരു പ്രധാന നീക്കമാണ് നിങ്ങളുടെ മൂന്നു മാസത്തെ വരുമാനമെങ്കിലും അടിയന്തരാവശ്യങ്ങൾക്കായി കരുതണമെന്നത്. പെട്ടെന്ന് പണമാക്കാനാകുന്ന വിധത്തിൽ ആ തുക ബാങ്കിലോ മറ്റോ സൂക്ഷിക്കണമെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ  ഇങ്ങനെ അടിയന്തര ഫണ്ടായി കരുതുന്ന തുകയുടെ നാലിലൊന്ന് ഭാഗമെങ്കിലും കൈയിൽതന്നെ സൂക്ഷിക്കുകയാണ് ഇപ്പോൾ അഭികാമ്യം.  അതായത് നിങ്ങളുടെ പ്രതിമാസ വരുമാനം 30000 രൂപയാണെങ്കിൽ മൂന്നു മാസത്തെ വരുമാനം (അതായത് 90,000 രൂപ) സാധാരണ അടിയന്തര ഫണ്ടായി ബാങ്കിൽ സൂക്ഷിക്കണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന്റെ നാലിലൊന്നായ 22,500 രൂപ കൈയിൽ പണമായി തന്നെ സൂക്ഷിക്കണം. നിങ്ങൾക്ക ഒരു അത്യാവശ്യം നേരിട്ടാൽ പെട്ടെന്ന് പോയെടുക്കാൻ എറ്റിഎമ്മിൽ പണമുണ്ടായെന്ന് വരില്ല, അല്ലെങ്കിൽ പോലീസിന്റെ നിയന്ത്രണം ഉണ്ടായേക്കാം, ഓൺലൈൻ ഇടപാട് നടത്താമെന്ന് കരുതിയാൽ ചിലപ്പോൾ നെറ്റ് ഉണ്ടാകണമെന്നില്ല. അടുപ്പമുള്ള ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ അവരുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. ഇങ്ങനെ പല കാരണങ്ങളാൽ അക്കൗണ്ടിൽ പണുമണ്ടെങ്കിൽ പോലും അത് വേണ്ട സമയത്ത് ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് പണമായി തന്നെ കൈയിൽ കരുതൽ വേണം.

3. പെട്ടെന്ന് കാശുണ്ടാക്കാൻ നോക്കേണ്ട

ഇപ്പോൾ തൽക്കാലത്തേക്ക് നിക്ഷേപത്തിന് ലോക്‌ഡൗൺ നൽകി വീട്ടിൽ സേഫായിരിക്കുന്നതാണ് നല്ലത്. കാരണം കൈയിലുള്ള പണം കരുതലോടെ സൂക്ഷിച്ചു വെക്കേണ്ട സമയമാണിത്. ഓഹരി വിപണി കുത്തനെ ഇടിയുന്നതു കാണുമ്പോൾ കൈയിൽ കാശുണ്ടെങ്കിൽ നല്ല ഓഹരികൾ അൽപം വാങ്ങി സൂക്ഷിച്ചാലോ എന്ന തോന്നലുണ്ടാകുക സ്വാഭാവികമാണ്. ഉൽപ്പാദനമോ ഉപഭോഗമോ ഒന്നുമില്ലാത്ത ഇക്കാലത്ത് ഏതു കമ്പനിയുടെ ഓഹരി തിളങ്ങാനാണ്? ഏതു റേറ്റിങ് നോക്കി ബോണ്ടും എൻസിഡിയുമൊക്കെ വാങ്ങാനാണ്? മികച്ച നേട്ടം ഒരു മേഖലയ്ക്കും നൽകാനാകില്ല. അതു കൊണ്ട് തൽക്കാലമിപ്പോൾ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം എന്ന റിസ്ക് എടുക്കാതിരിക്കുകയാണ് നല്ലത്. അതു പോലെ അമിത നേട്ടം വാഗ്ദാനം ചെയ്ത് പല വ്യാജന്മാരും ഇപ്പോൾ വന്നേക്കാം. അത്തരക്കാരുടെ വലയിൽ പെടാതെ നോക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കെട്ട കാലത്ത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ മടി വിചാരിക്കരുത്. നിങ്ങൾക്ക് തൊഴിൽ സ്ഥാപനത്തിലെ ആരോഗ്യ ഇൻഷുറൻസ് മാത്രമേയുള്ളുവെങ്കിൽ സ്വന്തം നിലയിൽ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യ പരിരക്ഷയുറപ്പാക്കാം. ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഓൺലൈനായി ലഭ്യമായതിനാൽ വീട്ടിലിരുന്നും ഇത് സാധിക്കാവുന്നതേയുള്ളു.

4. വലിയ ഇടപാടുകൾ ഇപ്പോൾ മാറ്റിവെക്കാം

സ്ഥിതിഗതികൾ പഴയ നിലയിലാകുന്നതു വരെ നടത്താനിരുന്ന വലിയ ഇടപാടുകൾക്ക്  അവധി നല്‍കാം. കോവി‍ഡിനു ശേഷം വലിയ മാറ്റങ്ങൾ സംഭവിച്ചേക്കാം. ഇപ്പോൾ തിരക്കിട്ട് നടത്തിയ ഇടപാട് അപ്പോൾ അബദ്ധമായെന്നും വരാം ആ സാഹചര്യമൊഴിവാക്കുന്നതിന് വീട്/സ്ഥലത്തിന്റെ വാങ്ങൽ അല്ലെങ്കിൽ വിൽപന ഇതൊക്കെ അവധിക്കു വെയ്ക്കാം. ഈ വേനൽക്കാലത്ത് വീട്ടിലേക്കൊരു  ഏ സി വാങ്ങണമെന്നു തീരുമാനിച്ചിരുന്നുവെങ്കിൽ അതും പിന്നീടേയ്ക്കു നീട്ടി വെക്കുകയാണ് ബുദ്ധി. വലിയ അല്ലലില്ലാതെ വീടിന്റെ സുരക്ഷിതത്വത്തിൽ ഒതുങ്ങുകയാണ് ഏറ്റവും നല്ലത്.

5.സ്വർണം ഇപ്പോൾ വിൽക്കരുത്

സ്വർണത്തിന് ഇപ്പോൾ വില ഉയർന്നു നിൽക്കുകയല്ലേ, പണം കൈയിൽ കരുതാനായി സ്വർണത്തിൽ കുറച്ചങ്ങു വിറ്റാലോ എന്നു തോന്നുക സ്വാഭാവികമാണ്. പക്ഷെ സ്വർണം ഇപ്പോൾ വിൽക്കാതിരിക്കുകയാണ് ബുദ്ധിപൂർവമായ തീരുമാനം. കാരണം ലോക്‌ഡൗൺ മാറിയാലും  അടുത്ത ആറു മാസമെങ്കിലും കഷ്ടപ്പാടിന്റെ നാളുകളാകും. ആ നാളുകളിൽ കൈവശമുള്ള സ്വർണം വിൽക്കുന്നത് കൂടുതൽ പ്രയോജനം ചെയ്തേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com