ADVERTISEMENT

ആരോഗ്യം, കുടുംബം, ജോലി സ്ഥിരത, പ്രൊഫഷന്‍, ബിസിനസ്, സമ്പാദ്യം... കോവിഡിനു ശേഷമുള്ള കാലത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെയെല്ലാം മനസിലേക്കു കടന്നു വരുന്നത് ഇതൊക്കെയാകാം. സുരക്ഷിതത്വത്തിലേക്കു നീങ്ങുകയെന്നതും തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് അല്‍പം കരുതലോടെ നീങ്ങുകയെന്നതും ഇതിനിടയില്‍ സ്വീകരിക്കുന്ന രീതിയാവുന്നത് സ്വാഭാവികം മാത്രം.

സുരക്ഷിത നിക്ഷേപങ്ങളിലേക്ക്

സുരക്ഷിതത്വം തേടുന്നതിന്റെ ഫലമായി തങ്ങളുടെ കയ്യിലുള്ള അധിക പണം അനുയോജ്യമായ മേഖലകളില്‍ നിക്ഷേപിക്കുന്നതിനാവുമല്ലോ താല്‍പ്പര്യം കാട്ടുക. സ്ഥിര നിക്ഷേപങ്ങള്‍, ബോണ്ടുകള്‍. ഇന്‍ഷൂറന്‍സ് പദ്ധതികള്‍, സര്‍ക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികള്‍ പോലെ മൂലധനത്തിന് ഉറപ്പുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവയായിരിക്കും ഇങ്ങനെ പരിഗണിക്കപ്പെടുക. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന അഞ്ചു ലക്ഷമാക്കി അടുത്തിടെ ഉയര്‍ത്തിയത് നിക്ഷേപകര്‍ക്കു ഗുണമാകുകയും ചെയ്യും. പിഎംസി ബാങ്കിലും യെസ് ബാങ്കിലും അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നടപടിക്ക് ഏറെ പ്രസക്തിയുമുണ്ട്.
മൊത്തത്തില്‍ അനിശ്ചിതത്വത്തിന്റേതായ ഈ സാഹചര്യത്തില്‍ മൂലധന പരിരക്ഷ ഉറപ്പു നല്‍കുന്ന പദ്ധതികളല്ലാത മറ്റൊന്നും ജനങ്ങള്‍ സമീപ ഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയില്ല. അതേ സമയം അല്‍പ കാലം കഴിയുമ്പോള്‍ ജനങ്ങളുടെ  ഈ മനോഭാവം മാറുകയും ചെയ്യും. മൂലധന ലാഭം ഉറപ്പു നല്‍കുന്ന പദ്ധതികളില്‍ നിന്നുള്ള വരുമാനം വളരെ കുറവും പണപ്പെരുപ്പത്തെ മറികടക്കാന്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിയാത്തവയുമാണ് അത്തരം പദ്ധതികളെന്നതാണിതിനു കാരണമാകുക.
സ്വര്‍ണ ബോണ്ടുകളും സ്വര്‍ണ ഇടിഎഫുകളും സ്വര്‍ണമായി തന്നെ വാങ്ങുന്ന രീതിയുമെല്ലാം നിക്ഷേപകര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതായി മാറും. ഇതേ സമയം റിയല്‍ എസ്റ്റേറ്റ് അതിന്റെ ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ മൂലം പഴയ ആ പ്രതാപത്തിലേക്കു പോകാനിടയില്ല. വസ്തുവില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആവശ്യം വന്നപ്പോള്‍ വില്‍ക്കാനായിട്ടില്ല എന്നതും മികച്ച വാടക വരുമാനം ലഭിക്കുന്നില്ലെന്നതും റിയല്‍ എസ്‌റ്റേറ്റ് നിക്ഷപങ്ങള്‍ക്ക് തിരിച്ചടിയാകും.

ഓഹരി നിക്ഷേപം എങ്ങോട്ട്

ഇതിനകം അടിത്തറ ഉറപ്പിച്ചിട്ടുള്ള വലിയ കമ്പനികളിലേക്കാവും ഓഹരി നിക്ഷേപങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വലിയ കമ്പനികള്‍ക്ക് പ്രശ്‌നങ്ങളെ അതി ജീവിക്കാനാവും. ഇതിനിടെ മ്യൂചല്‍ ഫണ്ടുകളാവും കൂടുതല്‍ പ്രിയപ്പെട്ട നിക്ഷേപ മേഖല. കൃത്യമായ നിയന്ത്രണങ്ങള്‍ക്കു കീഴെ പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് മ്യൂചല്‍ ഫണ്ടുകളുടേതെന്നതും ഇവിടെ ഗുണകരമാകും.

വരാനിരിക്കുന്നത് കാഴ്ചപ്പാടുകളിലെ മാറ്റം

വസ്തുവും വീടും പോലുള്ള സ്ഥാവര സ്വത്തുക്കള്‍ക്കായി കുറച്ചു മാത്രം ചെലവാക്കുക എന്ന രീതിയാവും കടന്നു വരുന്നത്. ഇതേ സമയം യാത്രയ്ക്കും ആഡംബര കാറുകള്‍ക്കും വിനോദത്തിനുമെല്ലാം കൂടുതല്‍ ചെലവു ചെയ്‌തേക്കാം. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ ആഗ്രഹിക്കും. ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങാനുള്ള താല്‍പ്പര്യവും കൂടുതലായി ഉയര്‍ന്നു വരാനും സാധ്യയുണ്ട്. വാഹനങ്ങള്‍ പൂള്‍ ചെയ്യുന്ന രീതി വന്‍ നഗരങ്ങളില്‍ കൂടുതല്‍ വ്യാപകമാണല്ലോ. എന്നാല്‍ അപരിചിതരുമായി അടുത്തു കഴിയുന്നതിലെ ഭീതി കൂടുതല്‍ വ്യക്തിഗത വാഹനങ്ങള്‍ വാങ്ങുന്നതു പോലുള്ള സാഹചര്യത്തിലേക്കു നയിച്ചേക്കാം.

അവസരങ്ങളുടെ പുതിയ ലോകം

നിരവധി പുതിയ ബിസിനസ് അവസരങ്ങള്‍ കൂടി കാട്ടിത്തരുന്നതാണ് ഇപ്പോഴത്തെ ലോക്ക് ഡൗണ്‍. ബിസിനസ്, വിദ്യാഭ്യാസം എന്നിവ മുതല്‍ എന്തിനേറെ ആരോഗ്യ കണ്‍സള്‍ട്ടിങ് വരെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നടത്താനാവും എന്നാണ് ലോക്‌ഡൗണ്‍ നമ്മെ പഠിപ്പിച്ചത്. ഓഹരി നിക്ഷേപകര്‍ക്കും ഒട്ടനവധി അവസരങ്ങളാണ് ഇപ്പോഴത്തെ സാഹചര്യം തുറന്നു തരുന്നത്. ആരോഗ്യ സേവനം, കണ്‍സ്യൂമര്‍ വസ്തുക്കള്‍,സാങ്കേതികവിദ്യാധിഷ്ഠിത കമ്പനികള്‍, പ്രത്യേക കെമിക്കലുകള്‍ തുടങ്ങി ഇത്തരത്തില്‍ നിരവധി മേഖലകള്‍ മുന്നിലുണ്ട്.

ലേഖകൻ സെബി റജിസ്റ്റേർഡ് പോർട്ഫോളിയോ മാനേജരും മുംബൈയിലെ ഇംപെക്ടസ് വെൽത്ത് മാനേജ്മെന്റിന്റെ മാനേജിങ് ഡയറക്ടറുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com