sections
MORE

ലോക് ഡൗണിലെ രണ്ടാം സാമ്പത്തിക പാക്കേജിനൊരു അഞ്ചിന പരിപാടി

HIGHLIGHTS
  • ധനകമ്മി പാക്കേജിന് ഒരു മാർഗ തടസമാവരുത്
money 845
SHAREരണ്ടാം സാമ്പത്തിക പാക്കേജ് പ്രതീക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.എല്ലാ വിഭാഗം ജനങ്ങൾക്കും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ട്.ധനമന്ത്രിയാകട്ടെ കടുത്ത സമ്മർദ്ദത്തിലുമാണ്.ഉയരുന്ന ധന കമ്മി, ബാങ്കുകളുടെ ഉയർന്ന കിട്ടാകടം, ലോക്ക്ഡൗൺ  കൊണ്ട് നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളും വരുമാനവും,തന്മൂലം ഉണ്ടാകുന്ന വളർച്ചയിലെ ഇടിവ്തുടങ്ങിയവ. ഇതിനെല്ലാം മേലെയാണ്  കൊറോണ കാലത്തെ മനുഷ്യരുടെ ജീവൻ സംരക്ഷിക്കൽ. ആ തിരിച്ചറിവാണല്ലോ ലോക്ക് ഡൗണിലേക്കു എത്തിച്ചതും സാമ്പത്തിക പാക്കേജ് അനിവാരമായി വരുന്നതും.

ഒന്നാം സാമ്പത്തിക പാക്കേജ് ആശക്കൊത്തു ഉയർന്നില്ല

രാജ്യത്തിന്റെ  മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 0.9 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചത്.. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു ഇത് വളരെ തുച്ഛം. പ്രസ്തുത തുക ജി.ഡി.പി യുടെ അഞ്ചു മുതൽ പത്തു ശതമാനം വരെ ചെലവാക്കണമെന്ന നിർദ്ദേശമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം കോടി രൂപയുടെ പാക്കേജാണ്‌ രണ്ടാം ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.അങ്ങനെയാണെങ്കിൽ അതിന്റെ ഉള്ളടക്കത്തിൽ വരേണ്ടവ എന്തോക്കെയാണ്?

1.വേതന നഷ്ട പരിഹാര പാക്കേജ്

ആളുകളുടെയല്ലാം നഷ്ടപെട്ട തൊഴിൽ ദിനങ്ങളിലെ വേതനം നല്കാൻ സർക്കാരിന് കഴിയില്ല. ആരെയൊക്കെ ഒഴിവാക്കാം എന്ന ചിന്തയാണ് ആദ്യം കണക്കിലെടുക്കേണ്ടത്.എല്ലാ സർക്കാർ ജീവനക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കാം. സംഘടിത മേഖലയിൽ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഔപചാരിക ജീവനക്കാരെയും ഒഴിവാക്കാം. പ്രസ്തുത ഒഴിവാക്കൽ പ്രക്രിയയിലൂടെ യോഗ്യരായ ആളുകളെ കണ്ടുപിടിക്കണം. അങ്ങനെ വരുമ്പോൾ, 50 കോടി വരുന്ന തൊഴിൽ ശക്തിയിൽ  എന്തെങ്കിലും സഹായം കിട്ടേണ്ടവർ 40 കോടിയെങ്കിലും വരും.ഇവരെല്ലാം അനൗപചാരിക തൊഴിലാളികളാണ്.ഇതിൽ ഒരു മുൻഗണനാ ക്രമം നിശ്ചയിച്ചു നഷ്ട പരിഹാര തുകയുടെ തോത് നിശ്ചയിക്കണം.ജോലി സ്ഥലത്തു കുടുങ്ങി കിടക്കുന്ന ‘അതിഥി തൊഴിലാളികൾക്ക്’ മുഖ്യ പ്രാധാന്യം നൽകണം. നഷ്ടപെട്ട വേതനം പൂർണമായും നൽകുന്നതിനുള്ള പ്രഖ്യാപനവും ഉണ്ടാകണം. അനൗപചാരിക മേഖലയിലെ അസംഘടിതരായ തൊഴിലാളികളായിരിക്കണം അടുത്ത കൂട്ടർ. ഇവർക്ക് നഷ്ടപെട്ട വേതനത്തിന്റെ 75 ശതമാനം എങ്കിലും  നൽകണം.  തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. അവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതും ഉചിതമായിരിക്കും

മൂന്നാമതായി എല്ലാവരും അവഗണിക്കുന്ന ഒരു വിഭാഗമാണ് ഔപചാരിക മേഖലയിലെ അസംഘടിത തൊഴിലാളികൾ. ഐ.ടി. മേഖലയിൽ വരെ അത്തരം വിഭാഗങ്ങൾ ജോലി ചെയ്യുന്നു.ഇവർക്കും സമാനമായ വേതന നഷ്ട പരിഹാര തുക നൽകേണ്ടതാണ്. ഏതായാലും 5000 രൂപയിൽ കുറയാത്ത ഒരു തുക വേതന നഷ്ട പരിഹാര തുകയായി രണ്ടു മാസത്തെക്കെങ്കിലും ഈ വിഭാഗക്കാർക്കെല്ലാം നൽകുന്നതിൽ അമാന്തം കാണിക്കരുത്.

2. സൂക്ഷ്മ-ചെറുകിട സംരംഭകർക്കുള്ള സഹായപദ്ധതി

ഇക്കൂട്ടർ വ്യവസായ- സേവന മേഖലകളിൽ വ്യാപരിക്കുന്നു. ഇവരുടെ ഇന്നത്തെ പ്രധാന പ്രതിസന്ധി പ്രവർത്തന മൂലധനത്തിലെ കുറവാണ്.ഇത് പരിഹരിക്കുന്നതിന് ചില ശ്രമങ്ങൾ 'പണ നയത്തിൽ' പ്രഖ്യാപിക്കുകയുണ്ടായി.അതിൽ വരുന്ന കാലതാമസം പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉണ്ടാവണം. അതിനോടൊപ്പം,ഇപ്പോഴത്തെ വരുമാന നഷ്ടവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള സഹായ പാക്കേജും പ്രഖ്യാപിക്കണം. 40 ശതമാനം തൊഴിലാളികളും 45 ശതമാനം വ്യവസായിക ഉല്പാദനവും 40 ശതമാനം കയറ്റുമതിയും സംഭാവന ചെയ്യുന്ന ചെറുകിട വ്യവസായ മേഖല പ്രശ്ന രഹിതമായി ചലിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിലും മേഖലകൾ തിരിച്ചു വേണം തുക വകയിരുത്തേണ്ടത്. ടൂറിസം മേഖലക്കു മുന്തിയ പ്രാധാന്യം നൽകണം.വ്യാപാര മേഖലയിലെ ചെറു  കച്ചവടക്കാർക്കും, വ്യവസായ മേഖലയിലെ സൂക്ഷ്മ സംഭരംഭകർക്കും സഹായനിധി പ്രഖ്യാപിക്കുന്നതിൽ ഊന്നൽ നൽകണം.

3. കാർഷിക - മത്സ്യ മേഖല പാക്കേജ്

കാർഷിക മേഖലയുടെ പ്രശ്നങ്ങൾ നിരവധിയാണ്.കൊറോണ കാലഘട്ടത്തിൽ അവ സങ്കീർണമായി.അത് പോലെയോ അതിലും ഗുരുതരമോ ആണ് മത്സ്യ മേഖലയിലെ പ്രശ്നം. തികച്ചും സീസണൽ ആയ ജീവനോപാധിയാണ് മത്സ്യബന്ധനം. കൊറോണ കാലം അവരുടെ  സീസൺ ആയിരുന്നു.അതിനാൽ തന്നെ വരുമാന മാർഗം നിലച്ചു.ഈ രണ്ടു മേഖലക്കും ആവശ്യമായ പാക്കേജ് ഉൾപെടുത്തേണ്ടതാണ്.

4. ഇൻപുട് ടാക്സ്   ക്രെഡിറ്റിന്റെയും സബ്സിഡിയുടെയും  വിതരണം

ഇൻപുട് ടാക്സ്  ക്രെഡിന്റെ വിതരണം ജി.സ്.ടി യുമായി ബന്ധപ്പെട്ടതാണ്.ഇത് സ്വാഭാവികമായി നടക്കേണ്ടതാണ്. പലപ്പോഴും ഇതിനു വളരെയധികം കാലതാമസം ഉണ്ടാകാറുണ്ട്. അടിയന്തര  സാഹചര്യം കണക്കിലെടുത്തു ഇൻപുട് ടാക്സ് ക്രെഡിറ്റ് യുദ്ധകാല അടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള തീരുമാനം എടുക്കണം. അതുപോലെ, കൃഷിക്കാർ, ചെറുകിട വ്യവസായികൾ, ഗ്യാസ് സിലിണ്ടറിന്റെ ഗാർഹിക ഉപഭോക്താക്കൾ എന്നിവരുടെ കിട്ടാനുള്ള സബ്സിഡി കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുന്നതും പ്രഖ്യാപനത്തിൽ വരേണ്ടതാണ്. ഇവ രണ്ടും പാക്കേജിൽ ഉൾകൊള്ളിച്ചു പ്രഖ്യാപനം ഉണ്ടാകണം.പ്രസ്തുത കാര്യങ്ങൾക്കു പ്രത്യേക തുക വകയിരുത്തേണ്ടതില്ല. അതെ സമയം അടിയന്തര സാഹചര്യം കണക്കിലെടുത്തു അവ നേരത്തെ അല്ലെങ്കിൽ യഥാസമയം വിതരണം ചെയ്യാൻ തീരുമാനിക്കണം.

5. ഉല്‍പാദന മേഖലകൾ തിരിച്ചുള്ള  ഉത്തേജന പാക്കേജ്

ലോക്ക് ഡൗൺ കഴിയുമ്പോൾ ഉല്‍പാദന മേഖലകൾ സാമ്പത്തിക പ്രക്രിയയിൽ തിരിച്ചു വരേണ്ടതുണ്ട്. അതിനാവശ്യമായ പാക്കേജ് പിന്നീട് പ്രഖ്യാപിച്ചാൽ മതിയാകും. എന്നാൽ അടിയന്തിര സഹായം ആവശ്യപ്പെടുന്ന ചില മേഖലകൾ ഉണ്ട്. കൊറോണയുടെ പ്രത്യാഘാതം ആരംഭം മുതൽ തന്നെ നേരിട്ടവർ. ടൂറിസം, റിയൽ എസ്റ്റേറ്റ്- നിർമാണ  മേഖലകൾ വളരെ വലിയ പ്രതിസന്ധിയിലാണ്.ഇവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള ഉത്തേജക പാക്കേജുകളുടെ തുടക്കത്തിന് രണ്ടാം പാക്കേജ് അരങ്ങ് ഒരുക്കണം. കുറഞ്ഞ പലിശക്ക് ‘മിത വായ്പ’ നൽകുന്ന സാഹചര്യം ഒരുക്കുമെന്ന പ്രഖ്യാപനം ഈ മേഖലക്ക് വളരെ ആശ്വാസകരമാകും. റിസർവ് ബാങ്കിന്റെ സഹായം ഇക്കാര്യത്തിൽ അഭിലഷണീയമാണ്.
   മറ്റു പല  രാജ്യങ്ങളും ആഭ്യന്തര ഉല്പാദനത്തിന്റെ 10 മുതൽ 20 ശതമാനം വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മളിനിയും അമാന്തം കാണിക്കരുത്. ആഭ്യന്തര ഉല്പാദനത്തിന്റെ  അഞ്ചു ശതമാനമെങ്കിലും അടിയന്തരമായി ചെലവഴിക്കേണ്ട ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനോട് മുഖം തിരിച്ചാൽ സർക്കാരിന് വലിയ വില കൊടുക്കേണ്ടി വരും. ധന കമ്മി പാക്കേജിന് ഒരു മാർഗ തടസമാവരുത്.ധീരമായ, ചങ്കുറപ്പുള്ള  നടപടികളും തീരുമാനങ്ങളുമാണ്  ഈ സാഹചര്യത്തിൽ കരണീയമായിട്ടുള്ളത്.സർക്കാർ അതിനുള്ള ആർജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.  അല്ലെങ്കിൽ ‘മഹാ മാന്ദ്യ’മെന്നോ ‘മഹാ വിപത്തെ’ന്നോ വിളിക്കേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധിയെ നാം ക്ഷണിച്ചു വരുത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA