ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നാം സാമ്പത്തിക പാക്കേജ് 1.7 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇത് അപര്യാപ്തമാണെന്ന വാദം പരക്കെ ഉണ്ടായി. ജി ഡി പിയുടെ കേവലം 0.8 ശതമാനം മാത്രമാണീ തുക. പല രാജ്യങ്ങളും ദേശീയ വരുമാനത്തിന്റെ 10 മുതൽ 20 ശതമാനം വരെ ചെലവഴിക്കുമ്പോൾ ഇന്ത്യയുടേത് ഇത്ര കുറഞ്ഞത് പരക്കെ വിമർശിക്കപ്പെട്ടു. എങ്കിലും തുടർ പാക്കേജുകൾ ഉണ്ടാകുമെന്നുള്ള  ധനമന്ത്രിയുടെ ഉറപ്പിന്മേൽ എല്ലാവരും ആശ്വാസം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യ മുഴുവനും ഉറ്റു നോക്കുന്നത് കേന്ദ്ര സർക്കാരിന്റെ രണ്ടാം സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തിലാണ്.എന്നാൽ അതൊട്ടു  നടക്കുന്നതുമില്ല. കാലതാമസം ന്യായീകരിക്കപ്പെടുന്നത് വിഭവ സമാഹരണത്തിന്റെ ബുദ്ധിമുട്ട് അഥവാ പണത്തിന്റെ കുറവ് ചൂണ്ടികാണിച്ചു കൊണ്ടാണ്.ശരിക്കു പറഞ്ഞാൽ ഇതൊരു കീറാമുട്ടിയാണ്. ഈ സാഹചര്യത്തിൽ സാധ്യമായ വിഭവ സമാഹരണത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പണം കണ്ടെത്താനുള്ള മാർഗങ്ങളെ പൊതുവിൽ രണ്ടായി തരം തിരിക്കാം.ആദ്യത്തേത് ‘സാധാരണ മാർഗങ്ങളെന്നും’ രണ്ടാമത്തേത് ‘അസാധാരണ മാർഗങ്ങളെന്നും’ വിശേഷിപ്പിക്കാം. എന്തൊക്കെയാണ് സാധാരണ മാർഗങ്ങളെന്നു പരിശോധിക്കാം.  

ബജറ്റ് നീക്കിയിരിപ്പ് തുകയുടെ പുന:ക്രമീകരണം  

പുതിയ സാഹചര്യത്തിൽ നമ്മുടെ മുൻഗണനാ ക്രമങ്ങൾ മാറിമറിയുന്നു.ഇത് സർക്കാർ തിരിച്ചറിഞ്ഞ് 2020-21 ലെ ബജറ്റിൽ  വ്യത്യസ്ത കാര്യങ്ങൾക്കായി  വകയിരുത്തിയ പണത്തെ  പുനർ വിന്യസിക്കേണ്ടതുണ്ട്.ഒരു നിർദ്ദേശമായി പരിഗണിക്കാവുന്ന ഒരു കാര്യം മൂലധന ചെലവിൽ ഈ വർഷം വകയിരുത്തിയ തുകയിൽ നിന്ന് കുറച്ചു വക മാറ്റാം എന്നതാണ്. ലോക്ക് ഡൗൺ കാരണം മൂലധന ചെലവ് മുടങ്ങുകയുണ്ടായല്ലോ? ഈ പണം മാത്രം പരിഗണിച്ചാലും ഭേദപ്പെട്ട തുക ലഭിക്കും.രണ്ട്, പ്രതിരോധ ചെലവ് എപ്പോഴും വളരെ ഉയർന്നതാണ്.ഈ വർഷത്തെ വർദ്ധനവ് ഒഴിവാക്കിയാൽ 28000 കോടി രൂപ കണ്ടെത്താം. മൂന്ന്, 20000കോടി രൂപ പാർലമെന്റ്  പുതുക്കിപ്പണിയാനായി  വകയിരുത്തിയ  തുകയും ഈ വർഷം വേണ്ടന്നു വെച്ച് മാറ്റി ചെലവഴിക്കാം. ഇത്തരത്തിൽ നീട്ടിവെക്കാൻ പറ്റുന്ന അനേക ചെലവുകൾ കണ്ടെത്തി പാക്കേജിന്റെ വിഭവ സ്രോതസായി  ഉപയോഗിക്കാം.

അനാവശ്യ ചെലവുകൾ ഒഴിവാക്കുക

വികസനേതരമായ അനാവശ്യ  ചെലവുകൾ ഒഴിവാക്കിയാൽ കിട്ടുന്ന  പണം വിഭവ സമാഹരണത്തിലെ മറ്റൊരു സ്രോതസാണ്. എല്ലാ സർക്കാരിന്റെ കാലത്തും കുറെ അനാവശ്യ ചെലവുകൾ ഉണ്ടാകാറുണ്ട്.പൊതുവിൽ വികസനേതര ചെലവുകൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും,എല്ലാ വികസനേതര ചെലവുകളും അനാവശ്യ ചെലവുകൾ അല്ല. ആഡംബര കാറുകൾ വാങ്ങൽ, അനാവശ്യ യാത്രകൾ,മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കൽ തുടങ്ങിയവ ഒഴിവാക്കിയാൽ ലഭിക്കുന്ന തുകയും വിഭവ സമാഹരണത്തിനു ആക്കം കൂട്ടും.

എണ്ണവിലയുടെ കുറവിൽ നിന്ന് കിട്ടുന്ന ആദായം

കഴിഞ്ഞ മൂന്ന് നാലു മാസങ്ങളായി അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തിൽ ക്രൂഡ് ഓയിലിന്റെ വില ഒരു ബാരലിന്  20 ഡോളറിനു താഴെ പോയി. 70  ഡോളറിൽ നിന്നാണ് ഈ താഴ്ചയെന്നു ഓർക്കണം. ഇതിന്റെ ഫലമായി ഇന്ത്യയുടെ ഇറക്കുമതി ബിൽ കുറയുകയുണ്ടായി. കൂടാതെ, ഡീസൽ, പെട്രോൾ തുടങ്ങിയവയുടെ നികുതി കൂട്ടുകയും ചെയ്തു. ഈ രണ്ടിനത്തിൽ നിന്നും കിട്ടുന്ന തുക അടിയന്തിര സാഹചര്യത്തെ നേരിടാനായി വിനിയോഗിക്കണം.
ഇതുവരെ  വിവരിച്ച  സാധാരണ  നടപടികൾക്കപ്പുറം എന്തൊക്കെ അസാധാരണ മാർഗങ്ങൾ സ്വീകരിക്കാമെന്നതാണ് അടുത്ത ചോദ്യം .ഇക്കാര്യത്തിലാണ് സർക്കാർ താല്പര്യം പ്രകടിപ്പിക്കാത്തത്. 1918-19 കാലത്തേ സ്പാനിഷ് ഫ്‌ളുവിന്റെ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും അസാധാരണ നടപടികൾ സ്വീകരിച്ചാണ് പല രാജ്യങ്ങളും  സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ട് വന്നത്.ഇവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ധനകമ്മി ഉയർത്തുക

ധനകാര്യ അച്ചടക്കത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ചട്ടുകമാണ് ധനകമ്മി.ഇത് ജി.ഡി.പി. യുടെ മൂന്ന് ശതമാനത്തിലെത്തണമെന്ന     വ്യവസ്ഥ നമുക്കിതുവരെ പാലിക്കാനായില്ല. ഏറ്റവും ഒടുവിൽ, ഇത് 3.3 ശമനത്തിലെത്തിക്കണമെന്ന ദൃഢപ്രതിജ്ഞയിൽ ആയിരുന്നു. പുതിയ വിവരങ്ങൾ അനുസരിച്ചു ധനകമ്മി  അഞ്ചു ശതമാനത്തിനു മുകളിൽ പോകുമെന്ന് കരുതുന്നു. ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യങ്ങളിൽ ധനകമ്മി ഉയർത്തി കാര്യങ്ങൾ പരിഹരിക്കണമെന്ന വാദമാണ് പല ധന ശാസ്ത്രജ്ഞന്മാരും മുന്നോട്ടുവെക്കുന്നത്. അനുഭവവും അത് തന്നെ പഠിപ്പിക്കുന്നു. ഒരു ശതമാനം ധനകമ്മി ഉയർന്നാൽ രണ്ടു ലക്ഷം കോടി രൂപ കിട്ടും.ഇക്കാര്യത്തിൽ മൂന്ന് ശതമാനത്തിന്റെ അധിക വർധനവ് ആകാമെന്ന് വാദിക്കുന്നവരുണ്ട്.എടുത്തു ചാട്ടം ആവശ്യമില്ല. കാരണം, പാക്കേജ് ഇനിയും വേണ്ടി വരും അതിനാൽ ഗഡുക്കളായി ഉയർത്തുന്ന ചിന്തയായിരിക്കും അഭികാമ്യം.     

നോട്ടടിച്ചിറക്കൽ

ധനകമ്മിയുടെ ഒരു ഭാഗം റിസർവ് ബാങ്കിന്റെ സഹായമാണ്.കമ്പോളത്തിൽ നിന്ന് പൂർണമായും കടം വാങ്ങി കമ്മി നികത്താനാവില്ല . ചെറിയ തോതിൽ റിസർവ് ബാങ്ക് പുതിയ നോട്ടടിച്ച് ധനകമ്മിയെ സഹായിക്കും.  ഒരവസാന ആശ്രയമെന്ന നിലയിൽ ഇതിന്റെ അളവ് കൂട്ടേണ്ടി വരും. മുൻ റിസർവ് ബാങ്ക് ഗവർണർ രംഗരാജൻ വരെ കൂടുതൽ നോട്ടടിച്ചു സർക്കാരിന്റെ ധനകമ്മിയെ സഹായിക്കണമെന്ന് ആവശ്യപെടുന്നു. തീർച്ചയായും ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കും. എന്നാൽ, ഇന്ത്യയുടെ വിലക്കയറ്റ തോത് നാലു ശതമാനത്തിനു താഴെയാണ്. തത്കാലം പുതിയ നോട്ടടിച്ചിറക്കുന്നതു കൊണ്ട് ഭീഷണിയാവില്ല. ഇത്തരം സഹചര്യങ്ങളെ നേരിടുന്നതിന് വേണ്ടിയാണല്ലോ.കടുത്ത മാർഗങ്ങളിലേക്കു പോകേണ്ടത്. കൈയിൽ പണവും വച്ച് പട്ടിണി കിടന്നു മരിക്കുന്ന പിശുക്കന്റെ കഥ പോലെയാവരുത് സർക്കാരിന്റെ പ്രവർത്തനം. വൈറസ് ബാധ തീഷ്‌ണമായാൽ സർക്കാർ ഇത്തരം നടപടികളിലേക്ക് പോയില്ലെങ്കിൽ രാജ്യത്ത് ഭക്ഷ്യ ക്ഷാമവും  പട്ടിണി മരണവും സാധാരണമാവും .  23 ലക്ഷം കോടിയിലധികം രൂപ സമ്പദ് വ്യവസ്ഥയിൽ റിസർവ് ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്. അത് ഒരു ലക്ഷം കോടി കൂടി കൂടിയതുകൊണ്ടു കാര്യങ്ങൾ വഷളാകില്ലെന്നു മാത്രമല്ല തിരിച്ചുവരവ് എളുപ്പമാകുകയും ചെയ്യും.

വിഭവ സമാഹരണ നടപടികൾ ശ്രദ്ധാപൂർവം

രണ്ടാം സാമ്പത്തിക പാക്കേജ് അഞ്ചു ലക്ഷം കോടിയെങ്കിലും ആയാലേ സാധാരണക്കാരന്റെയും ചെറുകിട സംരംഭകരുടെയും   പ്രശ്നങ്ങൾ  പരിഹരിക്കാനാവൂ. സാധാരണ വിഭവ സമാഹരണ നടപടികൾ ശ്രദ്ധാപൂർവം നടപ്പിലാക്കിയാൽ തന്നെ അഞ്ചു ലക്ഷം കോടി രൂപ   സ്വരൂപിക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ല. ദേശീയ വരുമാനത്തിന്റെ 10 ശതമാനം എങ്കിലും പാക്കേജിൽ വരണമെന്ന അഭിപ്രായമാണ് പൊതുവിൽ ഉള്ളത്.അങ്ങനെ വരുമ്പോൾ, 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിക്കേണ്ടത്.ഇപ്പോൾ അഞ്ചു ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചാലും നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കൂട്ടിയാലും മൊത്തം തുക  6.7  ലക്ഷം കോടി രൂപയെ ആകുന്നുള്ളു.അഞ്ചു ശതമാനത്തിനു തന്നെ 10 ലക്ഷം കോടി ചെലവാക്കേണ്ടതുണ്ട്.ഘട്ടം ഘട്ടമായി, പ്രശ്നങ്ങൾ പഠിച്ചു തുടർപാക്കേജ് പ്രഖ്യാപിക്കുന്ന രീതി സഹായകരമാണെങ്കിലും, ഓരോ സാഹചര്യത്തിനും പര്യാപ്തമായ തുക അനുവദിക്കുന്നില്ലെങ്കിൽ ഈ നടപടികളൊക്കെ വെള്ളത്തിൽ വരച്ച രേഖ പോലെയാകും.

കോവിഡ് ബജറ്റ്

ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്  പകരം, ‘കോവിഡ് ബജറ്റ്’ അവതരിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണയിലുണ്ടെന്നു കേൾക്കുന്നു  സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള കാലതാമസവും അതായിരിക്കാം. സാമ്പത്തിക വർഷത്തിന്റെ ബാക്കിയുള്ള കാലത്തേക്കായി കോവിഡ് ബജറ്റെന്ന ആശയം എത്ര കണ്ടു നല്ലതാണെന്ന വിശകലനത്തിന് ശേഷമായിരിക്കണം തീരുമാനിക്കേണ്ടത്.വൈറസിന്റെ പ്രത്യാഘാതം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബജറ്റെന്നു ആശയം അത്ര അഭികാമ്യം ആയിരിക്കുമെന്ന് തോന്നുന്നില്ല. ഓരോ സാഹചര്യവും വിലയിരുത്തി ഘട്ടങ്ങളായുള്ള ‘പര്യാപ്ത’ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതായിരിക്കും ഉചിതം. അതായിരിക്കും പ്രശ്‍നങ്ങളിൽ നിന്ന് കരകയറാൻ എളുപ്പം സഹായിക്കുക.

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com