ADVERTISEMENT

പണലഭ്യത കുറഞ്ഞത് മൂലം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മേലുണ്ടായ  സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50,000 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണ്  മ്യൂച്വല്‍ ഫണ്ട് വിപണിയെ  പ്രതിസന്ധിയിലാക്കിയത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ആര്‍ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ പണലഭ്യത ഉറപ്പ് വരുത്തുന്നതിനായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി സൗകര്യം ലഭ്യമാക്കും.പദ്ധതി പ്രാബല്യത്തില്‍ വന്നു.
മെയ് 11 വരെ അതല്ലെങ്കില്‍ അനുവദിച്ച തുക വിനിയോഗിക്കുന്നത് വരെ പദ്ധതി പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. വിപണിയിലെ സാഹചര്യം അനുസരിച്ച് സമയപരിധിയും തുകയും ആര്‍ബിഐ പിന്നീട് പുനപരിശോധിക്കും.
ആര്‍ബിഐയുടെ  പ്രത്യേക ലിക്വിഡിറ്റി പദ്ധതി പ്രകാരം ബാങ്കുകള്‍ക്കാണ് ഫണ്ട് അനുവദിക്കുന്നത്. ഫണ്ട് ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ഏത് ദിവസവും ബാങ്കുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാം. പദ്ധതി പ്രകാരം അനുവദിക്കുന്ന ഫണ്ട് ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പണലഭ്യത ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മാത്രം  ഉപയോഗിക്കണം. പണലഭ്യതയില്‍ കുറവുണ്ടാകുന്നതിന് അനുസരിച്ച്  ഫണ്ട് കമ്പനികള്‍ക്ക് ബാങ്കുകള്‍ പണം നല്‍കും. കോര്‍പ്പറേററ് ബോണ്ട്, കൊമേഴ്‌സ്യല്‍ പേപ്പര്‍, ഡിബഞ്ചറുകള്‍, കടപ്പത്രം എന്നിവയ്ക്ക്‌മേല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും.

ഡെറ്റ് ഫണ്ടുകൾ

പണലഭ്യതകുറവ് മൂലം ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് ഡെറ്റ് ഫണ്ടുകളാണ്. പണലഭ്യത കുറഞ്ഞതോടെ സമ്മര്‍ദ്ദത്തിലായ  ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്  ആറ് ഡെറ്റ് സ്‌കീമുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് ആര്‍ബിഐ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി രൂപയുടെ സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചത.  വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് സ്‌കീമുകള്‍ നിര്‍ത്തലാക്കിയത്.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഡൈനാമിക് അക്യുറല്‍ ഫണ്ട്,  ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍,  ഷോര്‍ട്ട് ബോണ്ട് ഫണ്ട്,  ഇൻകം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് നിര്‍ത്തലാക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ഫണ്ടുകള്‍ നിക്ഷേപം നടത്തിയിട്ടുള്ള കടപത്രങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതാണ് പ്രധാന കാരണം. ഈ ആറ് ഫണ്ടുകളും കൂടി കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി 25,000 കോടി രൂപയ്ക്ക് മുകളിലാണ്.

നടപടി നിക്ഷേപകരുടെ നഷ്ടം കുറയ്ക്കാൻ

നിലവില്‍ ഈ ഫണ്ടുകളില്‍ നിക്ഷേപം നടത്താനോ നിക്ഷേപം പിന്‍വലിക്കാനോ സാധിക്കില്ല. കുറഞ്ഞ വിലയ്ക്ക് വിറ്റുമാറുന്നതിലൂടെ നിക്ഷേപകര്‍ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് ഈ നടപടി സ്വീകരിച്ചെതെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവില്‍ നിക്ഷേപകര്‍ക്ക് ഈ ഫണ്ടുകളില്‍  ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല അതേസമയം കാലാവധി പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് പണം മടക്കി നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ആറ് സ്‌കീമുകള്‍ നിര്‍ത്തലാക്കി എന്നതു കൊണ്ട് നിക്ഷേപകര്‍ക്ക് പണം നഷ്ടമായി എന്നല്ല അര്‍ത്ഥമെന്നും നിക്ഷേപകര്‍ക്ക് എത്രയും വേഗത്തില്‍ അവരുടെ പണം മടക്കി നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com