sections
MORE

നിങ്ങളുടെ ഡെറ്റ് മ്യൂച്ചൽ ഫണ്ടുകൾ സുരക്ഷിതമാണോ?

HIGHLIGHTS
  • ഫ്രാങ്ക്ളിൻ ടെമ്പിൾടണ്ണിലെ പ്രതിസന്ധി മ്യൂച്ചൽ ഫണ്ട് നിക്ഷേപകരുടെ വിശ്വാസം കെടുത്തി
bond-mutual-fund
SHARE

ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡെറ്റ് ഫണ്ടുകൾ കൂടുതൽ സുരക്ഷിതം എന്നാണ് വിശ്വാസം. ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവയേക്കാൾ  ഉയർന്ന പലിശയും, എപ്പോൾ വേണം എങ്കിലും
പിൻവലിക്കാം എന്നതും  ഡെറ്റ്ഫണ്ടുകളെ  റിട്ടയേർഡ് ജീവിതം നയിക്കുന്നവരുടെയും, ഓഹരിയുടെ വലിയ റിസ്‌ക് എടുക്കാൻ താല്‍പര്യം ഇല്ലാത്തവരുടെയും പ്രിയപ്പെട്ട നിക്ഷേപം ആക്കുന്നു. പക്ഷേ ഏപ്രിൽ 23നു ഫ്രാങ്ക്ളിൻ ടെമ്പിള്‍ടൺ എന്ന മ്യൂച്ചൽ ഫണ്ട് സ്ഥാപനം അവരുടെ 6 ഡെറ്റ് ഫണ്ടുകൾ സെബി ചട്ടപ്രകാരം നിർത്തലാക്കിയതോടെ മേൽ പറഞ്ഞ വിശ്വാസങ്ങളാണ് തകർന്നടിഞ്ഞത്.

എന്താണ് ഡെറ്റ് ഫണ്ടുകൾ?

പ്രധാനമായി ഗവൺമെന്റ് ബോണ്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ-പ്രൈവറ്റ് കമ്പനികളുടെ ബോണ്ടുകൾ - കടപ്പത്രങ്ങള്‍ ഇവയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകൾ . വ്യക്തികൾക്ക് സിബിൽ സ്‌കോർ ഉള്ളത് പോലെ, കോർപ്പറേറ്റ് നിക്ഷേപങ്ങൾക്ക് റേറ്റിങ് ഏജൻസികൾ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റിങ് കൊടുക്കും, AAA  ആണ് ഏറ്റവും നല്ല റേറ്റിങ്.  സാധരണയായി BBB- റേറ്റിങിന് താഴെ ഉള്ളവ നിക്ഷേപ സൗഹൃദമായി കണക്കാക്കാറില്ല.

AAA റേറ്റിങ് ഉള്ളവയിൽ പൊതുവേ നിക്ഷേപ പലിശ വളരെ കുറവായിരിക്കും. ബാങ്ക് പലിശ  നിരക്കിന് സമാനമായിരിക്കും. അതേ സമയം AA മുതൽ താഴേക്കു BBB- വരെ ഉള്ളവ കൂടുതൽ പലിശ വാഗ്ദാനം ചെയ്യും. സ്വാഭാവികമായും റിസ്‌ക് കൂടുതലായിരിക്കും. ഉയർന്ന റേറ്റിങ് ഉള്ളവ അനായാസം എപ്പോൾ വേണമെങ്കിലും വിൽക്കാനും-വാങ്ങാനും കഴിയും. പക്ഷെ റേറ്റിങ് കുറവാണെങ്കിൽ, ലിക്വിഡിറ്റിയും കുറവായിരിക്കും. അതായത് മോശം വിപണി സാഹചര്യത്തിൽ വിൽക്കുവാൻ ശ്രമിച്ചാൽ  ഉയർന്ന റിസ്‌ക് മൂലം വാങ്ങാൻ ആരും തയ്യാറാകില്ല.


 ഫ്രാങ്ക്ളിൻ ടെമ്പിൾടണ്ണിൽ സംഭവിച്ചത്് എന്ത്?

1) AA റേറ്റിംഗിൽ താഴെയുള്ള കോർപ്പറേറ്റ് ബോണ്ടുകളിൽ കൂടുതൽ  നിക്ഷേപിച്ചു.

2) ഈ നിക്ഷേപങ്ങളുടെ കാലാവധി ഒന്നു മുതൽ അഞ്ചോ പത്തോ വർഷം  വരെയാണ്.

3) ദിവാൻ ഹൗസിങ് ഫിനാൻസ്, എസ്സെൽ ഗ്രൂപ്പ്, റിലൈൻസ് അനിൽ ധിരുഭായ്
അംബാനി ഗ്രൂപ്പ്, യെസ് ബാങ്ക്, വൊഡാഫോൺ-ഐഡിയ എന്നിവയിലും  നിക്ഷേപമുണ്ട്. അവ നിഷ്‌ക്രിയാസ്തിയായി.

4) പ്രശ്‌നത്തിലായ  IL&;FSൽ ഇവർക്ക് നിക്ഷേപം ഇല്ല.  പക്ഷേ  IL&FS കാരണം വിപണിയിൽ ഉണ്ടായ ലിക്വിഡിറ്റി പ്രശ്‌നം  ഇവരുടെ പോർട്ട്ഫോളിയയിൽ ഉള്ള മറ്റു നിക്ഷേപങ്ങളുടെ തിരിച്ചടവിനെ ബാധിച്ചു.

5) 31 ഓഗസ്റ്റ് 2018ൽ (IL&;FS പ്രശ്നം തുടങ്ങും മുന്നേ) മേൽ പറഞ്ഞ 6 ഫണ്ടുകളുടെ മൊത്തം ആസ്തി 47,658 കോടി രൂപ ആയിരുന്നു, നിക്ഷേപകർക്ക് കാലക്രമേണ നിക്ഷേപങ്ങൾ പിൻവലിച്ചു തുടങ്ങിയതിനാൽ 31 മാർച്ച് 2020 ആയപ്പോൾ അത് 30,854 കോടി ആയി.

6) 2019 നവംബർ കണക്കു പ്രകാരം വൊഡാഫോൺ-ഐഡിയയുടെ മൊത്തം 3376 കോടിയുടെ കടപ്പത്രങ്ങളിൽ 2058 കോടി രൂപയുടെ നിക്ഷേപം ഫ്രാങ്ക്ളിൻ ടെമ്പിള്‍ടൺ മാത്രം ആണ്.

7) ഈ സന്ദർഭത്തിൽ ലോക്ക് ഡൗൺ പ്രഖാപിക്കുകയും ഓഹരി വിപണി ഇടിയുകയും ചെയ്തതോടെ  ഭയന്ന  നിക്ഷേപകർ അവരുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങി.  20 ദിവസത്തിനുള്ളിൽ (31 മാർച്ച്- 20 ഏപ്രിൽ 2020) 4075 കോടി നിക്ഷേപം പിൻവലിച്ചതോടെ  പണ ലഭ്യത ഇല്ലാതെയായി. അതേസമയം ആരും പുതിയ നിക്ഷേപങ്ങൾ നടത്തിയതും ഇല്ല.

8) തുടക്കത്തിൽ  ക്യാഷ് ബാലൻസിൽ നിന്നും നിക്ഷേപകർക്ക് പണം തിരിച്ചു കൊടുത്തു. പക്ഷേ കൂടുതൽ പിൻവലിക്കൽ അപേക്ഷകൾ വന്നു. അതോടെ  നിക്ഷേപം നടത്തിയിരുന്ന  ബോണ്ടുകൾ -
കടപ്പത്രങ്ങൾ വിൽക്കാൻ കഴിയാത്ത സാഹചര്യവുമായി. അങ്ങനെയാണ്  6 ഫണ്ടുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്..

FT Short Term Fund,
FT Short Term Income Fund,
FT Credit Risk Fund,
FT Low Duration Fund,
FT Dynamic Accrual Fund,
FT Income Opportunities Fund എന്നിവയാണ് നിര്‍ത്തലാക്കിയത്.

ലേഖകൻ   കോഴിക്കോട് ഐഐഎമ്മിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ റെഡ് ഹാറ്റിൽ സീനിയർ ട്രഷററുമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA