sections
MORE

ടെമ്പിൾടൺ പിൻവലിച്ച നിങ്ങളുടെ ഫണ്ടുകളിലെ നിക്ഷേപം തിരിച്ചു കിട്ടുമോ

HIGHLIGHTS
  • ഫ്രാങ്ക്ളിൻ ടെമ്പിൾടണ്ണിലെ പ്രതിസന്ധി മ്യൂച്ചൽ ഫണ്ട് നിക്ഷേപകരെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു
cancel
SHARE

ഓഹരികളിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് സാധാരണക്കാർക്ക് താങ്ങാനാവാത്തതിനാലാണ് മ്യൂച്ചൽഫണ്ടുകൾ ഇത്രയും സ്വീകാര്യമായൊരു നിക്ഷേപ മേഖലയായത്. അതിൽ തന്നെ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന
ഡെറ്റ് ഫണ്ടുകൾ കൂടുതൽ സുരക്ഷിതം എന്നാണ് വിശ്വാസം. എന്നാൽ ഏപ്രിൽ 23 നു ഫ്രാങ്ക്ളിൻ ടെമ്പിൾടൺ  എന്ന മ്യൂച്ചൽ ഫണ്ട് സ്ഥാപനം അവരുടെ 6 ഡെറ്റ് ഫണ്ടുകൾ സെബി ചട്ടപ്രകാരം നിർത്തലാക്കിയതോടെ നിക്ഷേപകരുടെ വിശ്വാസങ്ങളാണ് തകർന്നടിഞ്ഞത്.ഫ്രാങ്ക്ളിൻ ടെമ്പിൾടൺ കമ്പനി നിക്ഷേപകരോട് പറയുന്നത് ഇതാണ്:

1 കാലാവധി പൂർത്തിയാകുമ്പോൾ, അല്ലെങ്കിൽ പണലഭ്യത ഉറപ്പാകുമ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം തിരിച്ചു നൽകും.

2) ഈ കാലയളവിൽ ഫ്രാങ്ക്ളിൻ ഫണ്ട് മാനേജ്‌മെന്റ് ചാർജുകൾ ഈടാക്കില്ല.

3) എല്ലാ ദിവസവും ഫണ്ടുകളുടെ എൻഎവി   പ്രസിദ്ധീകരിക്കും

4) എന്നാൽ എല്ലാ നിക്ഷേപകർക്കും മുഴുവൻ നിക്ഷേപവും  തിരിച്ചു കൊടുക്കും എന്ന് ഉറപ്പിക്കാൻ കഴിയില്ല.

5) 6 ഫണ്ടുകളിലും കൂടെ അടുത്ത വര്‍ഷം കാലാവധി  പൂർത്തിയാക്കുന്ന കടപ്പത്രങ്ങൾ 8084 കോടി രൂപയുടേത് ആണ്. ഇത് ആകെ മൊത്തം
ഫണ്ടിന്റെ 30% മാത്രമാണ്. ശേഷിക്കുന്നവയിൽ കൂടുതലും 5 വർഷത്തിന് മുകളിൽ ആണ് കാലാവധി.

6) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 26 സ്ഥാപനങ്ങൾ ഏകദേശം 7697.27 കോടി വായ്പ എടുത്തത് ഫ്രാങ്ക്‌ളിനിൽ നിന്നും മാത്രം ആണ്. 14 സ്ഥാപനങ്ങൾ മൊത്തം വായ്പയുടെ 50 മുതൽ 90 ശതമാനം വരെ ഫ്രാങ്ക്‌ളിനിൽ നിന്നും മാത്രം ആണ്, ഇത് ഏകദേശം 9601.07 കോടി ആണ്.

ഇന്ത്യയിലെ എല്ലാ ഡെബ്റ്റ് മ്യൂച്ചൽ ഫണ്ടുകൾക്കും കൂടി ഏകദേശം 1 ട്രില്യൺ  (1നു ശേഷം 12 പൂജ്യവും) രൂപയുടെ നിക്ഷേപം എഎ പ്ലസ് നു താഴെ റേറ്റിങ് ഉള്ള കോർപ്പറേറ്റ് ബോണ്ടുകളിൽ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിക്ഷേപകർക്ക് നൽകുന്ന പാഠങ്ങൾ:

1) ഡെബ്റ്റ് ഫണ്ടുകൾ താരതമ്യേന റിസ്‌ക് കുറവാണു എന്നേ ഉള്ളു. പക്ഷെ പൂർണമായി സുരക്ഷിതമല്ല. നിക്ഷേപിക്കും മുൻപേ റിസ്‌ക് എത്രയാണ് എന്ന് സ്വയം വിശകലനം ചെയ്യുക. ഒരിക്കലും മ്യൂച്ചൽ ഫണ്ട് വിൽക്കുന്നവർ പറയുന്നത് മാത്രം വിശ്വസിച്ച് അധ്വാനിച്ചുണ്ടാക്കിയ പണം കണ്ണടച്ചു നിക്ഷേപിക്കരുത്.

2) മ്യൂച്ചൽ ഫണ്ടിൽ ഫിക്‌സഡ്  ഇൻകം എന്നത് ഒരു വിപണന-ആകർഷണ വാക്കായി മാറിയിരിക്കുന്നു. അല്ലാതെ നിശ്ചിത കാലയളവിൽ നിശ്ചിത സംഖ്യ കിട്ടും എന്ന് ഒരു ഉറപ്പും ആർക്കും തരാൻ കഴിയില്ല.

3) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെ കേന്ദ്ര സർക്കാരിന് ഉയർന്ന ഓഹരി വിഹിതം ഉള്ള, കാലം തെളിയിച്ച ബാങ്ക് തരുന്നതിനേക്കാളും പലിശ ഏതെങ്കിലും നിക്ഷേപം വാഗ്ദാനം ചെയ്താൽ, മനസ്സിൽ കരുതുക അത് പോലെ റിസ്‌കും ഉണ്ട്.

4) റിസർവ്  ബാങ്ക് ലൈസൻസ് ഉള്ള ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് പോലും 5 ലക്ഷം രൂപ വരെ ഇൻഷുറൻസേ ഉള്ളു. നിങ്ങൾക്ക് എത്ര നിക്ഷേപം ഉണ്ടെങ്കിലും ബാങ്ക് പൂട്ടിയാൽ 5 ലക്ഷം രൂപ മാത്രമേ തിരിച്ചു കിട്ടു. അതിനു മുകളിൽ ഉള്ള ബാങ്ക് നിക്ഷേപം പോലും പൂർണ  സുരക്ഷിതമല്ല. ഗ്യാരണ്ടിയും ഇല്ല, അങ്ങനെ ഉള്ളപ്പോൾ ഏതു മ്യൂച്ചൽ ഫണ്ടിന്റെ എന്ത് സ്‌കീം ആണെങ്കിലും  പൂർണ ഗ്യാരന്റിയില്ല
എന്നു പ്രത്യേകിച്ച് പറയേണ്ടതില്ല.

5) ഏതൊരു നിക്ഷേപവും, പ്രത്യേകിച്ച്  മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ പണം  സ്വീകരിക്കുന്നവർ അത് എവിടെ നിക്ഷേപിക്കുന്നു എന്ന് മനസ്സിലാക്കണം. കൂടെ അതിന്റെ റിസ്‌കും. (ഇത് എല്ലാം ഫണ്ടിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്)

6) ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(NBFC) ബിസിനസ് മോഡലുകൾക്ക് പൊതുവെ റിസ്‌ക് കൂടുതലാണ്.  റിസ്‌ക് പരമാവധി
കുറഞ്ഞ സർക്കാർ ബോണ്ടുകൾ (GILT ഫണ്ട്)  പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകൾ / കടപ്പത്രത്തിൽ നിക്ഷേപം നടത്താൻ ശ്രമിക്കുക.

7) പ്രൈവറ്റ് സ്ഥാപനങ്ങൾക്കു റിസ്‌ക് കൂടുതൽ ആണെന്നതിനാൽ ബാങ്കുകൾ പൊതുവേ വായ്പ കൊടുക്കാൻ മടിക്കും. അങ്ങനെ വരുമ്പോൾ പണം കണ്ടെത്താനാണ് സ്വകാര്യ സ്ഥാപനങ്ങൾ ബോണ്ടുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ ഇറക്കുന്നത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. അങ്ങനെയുള്ളപ്പോൾ  ബാങ്കിന് എടുക്കാൻ കഴിയാത്ത  റിസ്‌ക്
നമ്മൾ എടുക്കണമോ എന്ന് സ്വയം ചിന്തിക്കുക.

8) നിക്ഷേപങ്ങൾ കാലം കഴിയും തോറും വളരും അതിനാൽ ക്ഷമയോടെ കാത്തിരിക്കണം എന്ന് പൊതുവെ പറയാറുണ്ട്, പക്ഷെ ചില സന്ദർഭങ്ങളിൽ നേരത്തെ പിൻവലിച്ചാൽ നമുക്ക് നേട്ടം ഉണ്ടാകും, സുരക്ഷിതർ ആകും എന്ന് ഈ 6 ഡെറ്റ് ഫണ്ടുകൾ നമ്മെ പഠിപ്പിക്കുന്നു.

9) ഫ്രാങ്ക്ളിൻ ടെമ്പിൾടണ്‍ പ്രശ്നങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പദ്ധതി കൊണ്ട് വന്നു, ഇനി ഏതു എങ്കിലും മ്യൂച്ചൽ ഫണ്ടിൽ നിന്നും ഇത് പോലെ നിക്ഷേപകർ പെട്ടെന്ന് നിക്ഷേപം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന പണലഭ്യത കുറവ് മൂലം ഫണ്ട് നിർത്തലാക്കാതെ ഇരിക്കാനാണിത്. ഈ സ്‌കീമിന് കാലാവധി 11 മെയ് 2020 അല്ലെങ്കിൽ പ്രഖ്യാപിച്ച 50,000 കോടി തീരും വരെ മാത്രം ആണ്. പക്ഷെ അപ്പോഴും റിസ്‌ക് പഴയതു പോലെ തന്നെ ഉണ്ടാകും.

10) മ്യൂച്ചൽ ഫണ്ട് പരസ്യം  മാധ്യമങ്ങളിൽ പറയുമ്പോൾ റോക്കറ്റ് സ്പീഡിൽ പറയുന്ന ഒരു വാചകം ഉണ്ട്: മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്‌കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധിച്ചു വായിക്കുക. ഇത് വെറുതെ പറയുന്നത് അല്ല, അവർ എടുക്കുന്ന മുൻകൂർ ജാമ്യം ആണ്.

ലേഖകൻ   കോഴിക്കോട് ഐഐഎമ്മിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ റെഡ് ഹാറ്റിൽ സീനിയർ ട്രഷററുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA