ADVERTISEMENT

പ്രതീക്ഷിച്ചത് ഒടുവിൽ സംഭവിച്ചു.20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ്‌ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന  ചെയ്യുന്ന വേളയിൽ ഇന്നലെ പ്രഖ്യാപിച്ചത്.രാജ്യത്തിന്റെ ജി ഡി പി യുടെ 10 ശതമാനമാണിത് . പല വിദഗ്ദ്ധരുടെയും അഭിപ്രായവും ഇതായിരുന്നു.രഘുറാം രാജൻ, അഭിജിത് ബാനർജി  തുടങ്ങിയ അന്താരാഷ്ട്ര വിദഗ്ധരും ദേശീയ നേതാക്കളും ഇത്തരത്തിലൊരു ആവശ്യമാണ് ഉന്നയിച്ചത്. പല രാജ്യങ്ങളും ജി ഡി പി യുടെ 10 മുതൽ 20 ശതമാനം വരെ സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ച   സാഹചര്യത്തിലാണ് ഇത്തരത്തിലൊരാവശ്യം ശക്തമായത്. ഏറ്റവും വലിയ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ച വേളയിൽ  ഈ ആവശ്യത്തിന് ബലം കൂടി (ജി ഡി പി യുടെ പത്തു ശതമാനം ആണെങ്കിലും തുകയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലുത്). ഒടുവിൽ സർക്കാരിനും ബോധ്യമായി; ഇനി ശക്തമായ ഒരു പാക്കേജില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല.പ്രത്യക്ഷത്തിൽ ഇത് നല്ലൊരു ചുവടു വെയ്പ്പായി തന്നെ കാണാം.രാജ്യത്തെയും വ്യത്യസ്ത തലത്തിലുള്ള വ്യക്‌തികളെയും ഇത് സന്തോഷിപ്പിക്കുന്നു  എന്നതിൽ സംശയമില്ല.  
 
പറഞ്ഞു പഴകിയ പ്രമാണം

‘സ്വാശ്രയ ഇന്ത്യ’യെന്ന (self reliant India) ആശയമാണ് പ്രധാനമന്ത്രി ഇത്തവണ മുറുകെ പിടിക്കുന്നത്. നാലാം പഞ്ചവത്സര പദ്ധതിയിലാണ് (1969-74) ആദ്യമായി ‘സ്വാശ്രയം’ എന്ന ആശയം ശക്തമായി അവതരിപ്പിച്ചത്. പിന്നിട്, പല ഘട്ടങ്ങളിലും മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് സ്വാശ്രയ കാർഷിക മേഖലയും സ്വാശ്രയ ഭാരതവും.നാളിതുവരെ നടന്നില്ലെന്ന് മാത്രം. ഇപ്പോഴത്തെ  പ്രതിസന്ധി ഈ ലക്ഷ്യത്തിലേക്കുള്ള അവസരമായി സർക്കാർ കാണാൻ ശ്രമിച്ചതിന് ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
അഞ്ചു തൂണുകളിലൂടെയാണ് സ്വാശ്രയ ഇന്ത്യയിലെത്തുക. ഭൂമി, തൊഴിൽ, പണ ലഭ്യത, നിയമം എന്നിവയാണത്.  വൻ കുതിപ്പിന് സജ്ജമായ സമ്പദ്ഘടന , ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക മികവിൽ ഊന്നിയ നിർവഹണ സംവിധാനം, ഊർജസ്വലമായ  മനുഷ്യ വിഭവ ശേഷി, ആവശ്യം അനുസരിച്ചു ചലിക്കുന്ന വിതരണ ശ്രംഖല  എന്നിവയാണ്. യഥാർത്ഥത്തിൽ ഇതെല്ലാം ഇവിടെ നടക്കുന്ന കാര്യങ്ങൾ തന്നെയാണ്.

സാമ്പത്തിക പദ്ധതിയുടെ ഊന്നൽ

കർഷകർ, പാവപ്പെട്ടവർ, ഇടത്തരക്കാർ എന്നിവർക്ക് ആശ്വാസം പകരുമെന്ന പ്രഖ്യാപനം പ്രധാന മന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. പ്രതിസന്ധി നേരിടുന്ന കാർഷിക മേഖല , ചെറുകിട-ഇടത്തരം വ്യവസായങ്ങൾ,മറ്റു ചെറുകിട സംരംഭങ്ങൾ എന്നിവയെ സഹായിക്കാനും  പുനരുദ്ധരിക്കാനും ശ്രമിക്കുമെന്ന പ്രഖ്യാപനവും തികച്ചും സമയോചിതമായ തീരുമാനമാണ്. ഉള്ളടക്കത്തിലും വ്യാപ്തിയിലും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. അതിനു ധനമന്ത്രിയുടെ വിശദമായ പ്രഖ്യാപനം ഉടനുണ്ടാകും. നേരിട്ട് പണം കൈമാറ്റം ചെയ്തു ഉപഭോഗം മെച്ചപ്പെടുത്തുന്ന സമീപനമായിരിക്കണം ധനമന്ത്രി സ്വീകരിക്കേണ്ടത്.

പ്രധാനപ്പെട്ട കാര്യം കൊറോണ വൈറസിന്റെ പ്രതിരോധവുമായി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് സംസ്ഥാനങ്ങളാണ്.സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനങ്ങൾ പോലും കഷ്ടതയിലാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനുള്ള സഹായ പദ്ധതികളും പ്രഖ്യാപനത്തിൽ ഉണ്ടാകേണ്ടതാണ്. ഒരു ഫെഡറൽ സംവിധാനത്തിൽ സർക്കാർ ചെയ്യണ്ട കടമ മറന്നു പോകാതിരിക്കാൻ   ഈ അസാധാരണ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
താഴെ   പറയുന്ന അഞ്ചു കാര്യങ്ങൾക്കു ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙അസംഘടിത തൊഴിലാളികൾ മൊത്തത്തിലും, പ്രത്യേകിച്ച് അതിഥി തൊഴിലാളികളെ പ്രത്യേകിച്ചുമുള്ള പ്രഖ്യാപനം
∙കാർഷിക മേഖലക്കുള്ള ഊന്നൽ
∙ചെറുകിട സംരംഭങ്ങൾക്കുള്ള (വ്യവസായവും വ്യാപാരവും സേവന മേഖലയും)പ്രഖ്യാപനം
∙മത്സ്യമേഖലയയ്ക്കുള്ള പാക്കേജ്
∙സംസ്ഥാനങ്ങൾക്കുള്ള സഹായ പാക്കേജ്
 
കുടുംബ തലത്തിലും, വ്യക്തി തലത്തിലും

പാക്കേജിന്റെ ഉള്ളടക്കവും വ്യാപ്തിയും പരിഗണിക്കുമ്പോൾ പ്രത്യേകമായ പരിഗണന നൽകേണ്ടത് കുടുംബങ്ങൾക്കും വ്യക്തികൾക്കുമാണ്. വളരെ സാധാരണക്കാരായ ആളുകൾക്ക് വേണ്ടി ചെലവഴിക്കുന്ന തുക രണ്ടു തരത്തിൽ ചെലവഴിക്കാം. ഒന്ന്, കുടുംബങ്ങളിലൂടെ. രണ്ട്, വ്യക്തികളിലൂടെ. ഉദാഹരണത്തിന്,റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവരെ കണ്ടെത്തി കുടുംബങ്ങളിൽ പണമെത്തിച്ചാൽ ഈ സാഹചര്യത്തിൽ ഗാർഹിക ഉപഭോഗം മെച്ചപ്പെടുകയും നിക്ഷേപ സാധ്യത വളർത്തുകയും ചെയ്യും. അതേ സമയം കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ വ്യക്തിഗത ധനകാര്യം മെച്ചപ്പെടുകയും ചെയ്യും. ഇതെല്ലാം വ്യക്തി-കുടുംബം- രാജ്യം എന്ന ശൃംഖലയിലൂടെ രാജ്യം നേരിടാൻ സാധ്യതയുള്ള സാമ്പത്തിക 'ദൂഷിത വലയത്തെ' ഭേദിക്കാനും കഴിയും. മറിച്ച്, മേഖലകളെ തലോടുന്ന പാക്കേജുകൾക്കായിരിക്കരുത് മുൻഗണ; അതിലേക്കുള്ള വിഹിതം തത്കാലം കുറച്ചു കൂടുതൽ തുക വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ചെലവഴിക്കുന്ന തന്ത്രമാണ് ആവിഷ്‌ക്കരിക്കേണ്ടത്. കോവിഡിന്റെ പ്രത്യാഘാതം കുറയുമ്പോൾ മേഖലകളെ കൂടുതൽ ശ്രദ്ധിക്കുന്ന സഹായ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

കണക്കുകളുടെ കസർത്ത്

സാധാരണ രീതിയിൽ, കണക്കുകൾ കൊണ്ട് അമ്മാനമാടുന്ന രീതി ധനമന്ത്രിമാർ അവലംബിക്കാറുണ്ട്.പ്രധാന മന്ത്രിയുടെ പ്രസംഗത്തിലും അത് കാണാൻ കഴിയുന്നുണ്ട്.മൊത്തം 20 ലക്ഷം രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചതെങ്കിലും , ഇതിനു മുൻപ് പ്രഖ്യാപിച്ച തുക കൂടി ഇതിൽ ചേർത്തിട്ടുണ്ട്. അതായത് സർക്കാരിന്റെ ഒന്നാം സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ച തുകയായ   1.7 ലക്ഷം കോടി രൂപ കിഴിച്ചിട്ടുള്ള തുകയായിരിക്കും പരിഗണിക്കുക. കൂടാതെ പണ നയത്തിലൂടെ (Monetary Policy) റിസർവ് ബാങ്ക് പ്രഖ്യാപിച്ച 3.74 ലക്ഷം കോടി രൂപ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, 5.44 ലക്ഷം കോടി രൂപ ഒഴിവാക്കി 14.56 ലക്ഷം കോടി രൂപയുടെ പാക്കേജായിരിക്കും പ്രഖ്യാപിക്കുക. അതിലും മറ്റെന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നു ഈ സാഹചര്യത്തിൽ പറയാനാവില്ല.

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ

English Summery: A Positive Approach to Economic Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com