ADVERTISEMENT

മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 49 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദമോദി രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പരിഹാരമായി 20 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് ഓഹരി വില സൂചികകള്‍ നേട്ടത്തോടെ പ്രതികരിച്ച സമ്പദ്ഘടനയുടെ ആദ്യ പ്രതികരണം ആശാവഹമാണ്. ലോക്ഡൗണ്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാക്കിയ സാമ്പത്തിക വിടവ് സര്‍ക്കാര്‍ കണക്കാക്കിയതിന്റെ സൂചികയായി വേണമെങ്കില്‍ ഈ പ്രഖ്യാപനത്തെ കാണാം.

പണപ്പെരുപ്പമെത്ര?

പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ നിന്ന് കുറവ് വരുത്തിയായിരിക്കില്ല 20 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന് ന്യായമായും പ്രതീക്ഷിക്കാം.
രാജ്യം അടഞ്ഞു കിടക്കുന്നതിനാല്‍ ഏപ്രില്‍ മാസത്തെ ഉപഭോക്തൃ വിലസൂചിക കണക്കാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ പണപ്പെരുപ്പ നിരക്ക് എത്രയെന്ന് അറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രാജ്യം.
ഇനിയും അവസാനിച്ചിട്ടില്ലാത്ത ലോക്ഡൗണ്‍ കാലത്ത് രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയെന്ന് പൂര്‍ണമായും തിട്ടപ്പെടുത്താനായിട്ടില്ല. ഏപ്രില്‍ മാസത്തില്‍ മാത്രം 20നും 30നും ഇടയില്‍ പ്രായമുള്ള 27 ദശലക്ഷം യുവാക്കള്‍ തൊഴില്‍രഹിതരായി എന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മാസത്തില്‍ തൊഴിലില്ലായ്മ 8.41 ശതമാനമായിരുന്നത് മേയ് പത്താം തീയതിയോടെ 24% ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്ത് എല്ലാ മേഖലകളിലും കൂടി ഉണ്ടായിട്ടുള്ള ഉല്പാദന നഷ്ടം കണക്കാക്കാന്‍ ഇനിയും സമയമെടുക്കും.

ആശ്വാസ പദ്ധതികള്‍ വെട്ടിച്ചുരുക്കുമോ?

മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 20 ലക്ഷം  കോടി രൂപയും കൂടിയാകുമ്പോള്‍ ആകെ കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്ന സാമ്പത്തിക നഷ്ടം ഏതാണ്ട് 21.7 ലക്ഷം കോടി എന്ന് അനുമാനിക്കാം.
സമ്പദ് വ്യവസ്ഥയിലുണ്ടായ സാമ്പത്തിക വിടവ് നികത്തുന്നതിനായി ഇപ്പോള്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രാജ്യത്തിന്റെ അഞ്ച് സുപ്രധാന നെടുംതൂണുകളിലായി ചെലവിടുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കഷ്ടതകളനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇതിനായുള്ള പണം സര്‍ക്കാര്‍ എവിടെനിന്ന് കണ്ടെത്തും എന്നത് പ്രസക്തമല്ല. പെട്രോളിയത്തിന് വിലയില്ലാതായതോടെ അതിന്റെ ഇറക്കുമതിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന തുക ചെലവാകുന്നില്ലല്ലോ? എന്നാല്‍ ബജറ്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള ആശ്വാസ പദ്ധതികള്‍ വെട്ടിച്ചുരുക്കിയായിരിക്കില്ല പണം കണ്ടെത്തുന്നതെന്ന് പ്രതീക്ഷിക്കാം.

സാധാരണക്കാരനു ഗുണകരമാകുമോ?

നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ജനങ്ങളെയാകെ നിരാശയിലാക്കി. അതിനുശേഷം റിസര്‍വ് ബാങ്ക് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന മോറട്ടോറിയം ശുദ്ധ തട്ടിപ്പായി മാറിയതും ജനങ്ങള്‍ കണ്ടു. ബാങ്കുകള്‍, ബാങ്കിതര ഫൈനാന്‍സ് കമ്പനികള്‍, മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്ന സാമ്പത്തിക പാക്കേജുകള്‍ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുമെന്നല്ലാതെ സാധാരണക്കാരന്റെ അടുക്കളയില്‍ പുക ഉയരാന്‍ കാരണമാകണമെന്നില്ല. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ വിജയകരമായേക്കും എന്ന ശുഭാപ്തി വിശ്വാസത്തിലിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com