ADVERTISEMENT

കോവിഡ് കണ്ണ് തുറപ്പിച്ചതോടെ അസംഘടിത മേഖലയിലുള്ളവര്‍ക്കും താഴെ തട്ടിലുള്ള തൊഴിലാളികള്‍ക്കും വേണ്ടി സാമൂഹ്യ സുരക്ഷാ പരിരക്ഷ കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. അസംഘടിത മേഖലയിലുള്ളവര്‍ക്ക് വേണ്ടി നിലവിലുള്ള മൂന്ന് പെന്‍ഷന്‍- ഇന്‍ഷൂറന്‍സ് പദ്ധതികള്‍ കോര്‍ത്തിണക്കി കൂടുതല്‍ സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോക്ഡൗണിന്റെ ദുരിതം കൂടുതലും ഏറ്റുവാങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് ഇങ്ങനെ ഒരു ചിന്തയ്ക്ക് വഴി തുറന്നത്. എല്ലാത്തരത്തിലുമുള്ള സാമ്പത്തിക പാക്കേജുകള്‍ക്ക് പിന്നാമ്പുറത്ത് നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് വേണ്ടി പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പെന്‍ഷന്‍ ഫണ്ട് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുപ്രദീം ബന്ധോപാധ്യായ സൂചന നല്‍കി. ഇത് മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്.

നിലവിലുള്ള അഡല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ, സുരക്ഷാഭീമാ എന്നീ പദ്ധതികളുടെ തുടര്‍ച്ചയായി ഇതെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ അതോറിറ്റി തയ്യാറാക്കുന്നത്. നിലിവില്‍ ജീവന്‍ ജ്യോതി ഭീമാ  വര്‍ഷം 330 രൂപയ്ക്കാണ് ഇന്‍ഷൂറന്‍സ് കവറേജ് നല്‍കുന്നത്. സുരക്ഷ ഭീമ  അപകടമരണ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത് വര്‍ഷം 12 രൂപയ്ക്കും.

തുച്ഛമായ വിഹിതത്തില്‍ 1000 മുതല്‍ 5000 രൂപ വരെ 60 വയസിന് ശേഷം മാസപെന്‍ഷന്‍ കിട്ടുന്നതാണ് അഡല്‍ പെന്‍ഷന്‍ യോജന. 18 വയസ് മുതല്‍ 40 വയസു വരെ ഇതില്‍ അംഗങ്ങളാകാം. 40 വയസില്‍ അംഗമായ ആള്‍ മാസം 1454 രൂപ വിഹിതമടച്ചാല്‍ 60 വയസിന് ശേഷം 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. നിലവില്‍ ഈ മൂന്ന് പദ്ധതികളും വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സാമൂഹ്യ പരിരക്ഷാ കുടയുടെ പരിധിയില്‍ പൂര്‍ണമായും അസംഘടിത മേഖലയിലുള്ളവര്‍ വരുന്നില്ല. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഏകോപിപ്പിക്കുക വഴി അസംഘടിത മേഖലയിലുള്ളവര്‍ക്ക് വിവിധ തലത്തിലുള്ള പരിരക്ഷ ലഭിക്കുമെന്നാണ് പി എഫ് ആര്‍ ഡി എ നിര്‍ദേശത്തില്‍ പറയുന്നത്.

English Summery:Pension Insurance Projects will Introduce Together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com