ADVERTISEMENT

വില കയറിയിറങ്ങിയാണെങ്കിലും ഇത്രയും  ഉയർന്നു നിൽക്കുന്ന സമയത്തു സ്വർണം വാങ്ങാനോ? സ്വർണക്കടയിൽ സ്വർണം വാങ്ങാൻ ആളില്ലെങ്കിലും പിന്നെ എന്താണ് സ്വർണത്തിനു വില കുറയാത്തത്? എല്ലാവരുടെയും മനസിലുയരുന്ന ചിന്തയാണിത്. പക്ഷെ വില കൂടിയാലും സ്വർണം വാങ്ങുന്നതിന് നിക്ഷേപകർ അറിയേണ്ട 4  കാര്യങ്ങൾ ഉണ്ട്

എന്താണ് സ്വർണ വില കൂടാൻ കാരണം?

1) സ്വർണം എന്ന ലോഹത്തെ ലോകം കാണുന്നത് ഒരു സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ ആണ്. എപ്പോഴൊക്കെ ലോകത്തു സാമ്പത്തിക മാന്ദ്യo, രാഷ്ട്രീയ അസ്ഥിരത അല്ലെങ്കിൽ യുദ്ധം എന്നിവ വന്നാൽ നിക്ഷേപകർ മറ്റു നിക്ഷേപങ്ങളിൽ (പ്രത്യേകിച്ചും ഓഹരി) നിന്നും പിന്മാറി സ്വർണത്തിൽ നിക്ഷേപിക്കുന്നു, കൊറോണ മൂലം സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിക്ഷേപകർ സ്വീകരിച്ച പ്രധാന നിക്ഷേപം സ്വർണം ആണ്.
2) അമേരിക്ക മാന്ദ്യത്തെ തുടർന്ന് പലിശ നിരക്ക് കുറച്ചു, സ്വാഭാവികമായി നിക്ഷേപകർ സ്വർണത്തിലേക്കു മാറി.
3) ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപകർ സെൻട്രൽ ബാങ്കുകൾ (ഇന്ത്യയിൽ റിസർവ് ബാങ്ക്) ആണ്, അവർ അച്ചടിക്കുന്ന നോട്ടിന്റെ നിശ്ചിത മൂല്യത്തിന് ഉള്ള സ്വർണം കരുതൽ ആയി സൂക്ഷിക്കും, ആഗോള മാന്ദ്യത്തിന്റെ ഫലമായി ഡോളറിന് എതിരെ തങ്ങളുടെ കറൻസിയുടെ മൂല്യo ഇടിഞ്ഞപ്പോൾ സ്വാഭാവികമായി സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങി, ഇത് വില ഉയരുവാൻ മറ്റൊരു കാരണമായി.
4) ഇന്ത്യയിൽ മൊത്തം ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്, സ്വർണം വാങ്ങുവാൻ നമ്മൾ ഡോളർ കൊടുക്കണം, ഡോളറിനു എതിരെ ഇന്ത്യൻ രൂപയുടെ വില  കുറയുമ്പോൾ സ്വാഭാവികമായും ഡോളർ വാങ്ങുവാൻ കൂടുതൽ രൂപ കൊടുക്കേണ്ടി വരും, ഇത് തീർച്ചയായും ഇന്ത്യൻ വിപണയിൽ സ്വർണ വില കൂടുവാൻ കാരണമാകും.

സ്വർണം സുരക്ഷിതം

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണയെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റും വരെ മാന്ദ്യo നിലനിൽക്കും, നമ്മൾ ഇത് വരെ കണ്ടത് ഈ വിപത്തിന്റെ തുടക്കം മാത്രമാണ്, ഇനി വരാൻ പോകുന്നത്‌ സമ്പദ്ഘടനയിൽ ഉണ്ടാക്കുന്ന ആഘാതമാണ്, ഒരുപാട് സ്ഥാപനങ്ങൾ കടം കാരണം പൂട്ടപ്പെടാം, സ്വാഭാവികമായി ആളുകൾക്ക് ജോലി നഷ്ടപ്പെടാം, ബാങ്കുകൾക്ക് കിട്ടാക്കടം കുമിഞ്ഞു കൂടാം, ഈ സാഹചര്യത്തിലും സുരക്ഷിത നിക്ഷേപം സ്വർണമാണ്. പക്ഷെ ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം, പരമാവധി ചിലവ് (പണി കൂലി, ഊതിയപ്പോൾ പറന്നു പോയത്, ഉരച്ചു നോക്കിയപ്പോൾ കാണാതെ പോയത്) കുറയ്ക്കുന്ന രീതിയിൽ ഉള്ള സ്വർണ്ണ നിക്ഷേപം വേണം നടത്തുവാൻ, അതിന് ഏറ്റവും നല്ലത് റിസർവ് ബാങ്കിന്റെ സോവറിൻ ഗോൾഡ് ബോണ്ട്(SGB) ആണ്. നാട്ടിലെ ഒട്ടു മിക്ക ബാങ്കുകളുടെയും ഓൺലൈൻ സേവനം വഴി SGB വാങ്ങാൻ കഴിയും.

നിക്ഷേപത്തിനൊപ്പം പലിശയും

വാർഷിക അസറ്റ് മെന്റനൻസ് ചാർജ് ഇല്ലാത്തതും, വർഷത്തിൽ രണ്ടു തവണയായി പലിശ ലഭിക്കുന്നതും ഇവയെ ഗോൾഡ് മ്യൂച്ചൽ ഫണ്ടിനെക്കാളും മികവുറ്റതാക്കുന്നു.  കുറഞ്ഞത് 5 വര്‍ഷം മുതൽ പരമാവധി 8 വർഷം വരെയാണ് നിക്ഷേപ കാലാവധി.
8 വർഷം കാലാവധി കഴിഞ്ഞാൽ മൂലധന നേട്ട നികുതി ഇല്ല, 5 വർഷം പൂർത്തിയാക്കി 8 വർഷത്തിനു മുന്നേ വിറ്റാൽ ലാഭത്തിന്റെ 10% മൂലധന നേട്ട നികുതി വരും. ഇത് കൂടാതെ എല്ലാ വർഷവും നിക്ഷേപത്തിന്റെ 2.5 % പലിശ ലഭിക്കും. കാലാവധി പൂർത്തിയായാൽ അന്നത്തെ സ്വർണ വിലയ്ക്ക് അനുസരിച്ചുള്ള തുക ബാങ്ക് അക്കൗണ്ടിൽ വരും. ഇനി എപ്പോഴെങ്കിലും കാശിനു അത്യാവശ്യം വന്നാൽ സർട്ടിഫിക്കറ്റ് ബാങ്കിൽ പണയം വയ്ക്കുകയും ചെയ്യാം. സ്വർണ്ണ വില പവന് 40,000 രൂപ കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ടു തന്നെ വില ഉയർന്നു നിൽക്കുകയാണെങ്കിലും ഇപ്പോഴും സ്വർണ്ണത്തിൽ നിക്ഷേപിക്കാം.ഇവിടെ ഏറ്റവും ചെറിയ നിക്ഷേപം ഒരു ഗ്രാമാണ്, പരമാവധി 4 കിലോയും.

എന്ന് അപേക്ഷിക്കാം?

ഇനി SGB വാങ്ങാൻ കഴിയുന്ന ദിവസങ്ങൾ: ജൂൺ 8 മുതൽ 12 വരെയുള്ള തിയതില അപേക്ഷിച്ചാൽ ജൂൺ 16 അലോട്ട്മെന്റെ് ലഭിക്കും. ജൂലൈ 6 മുതൽ 10 വരെയാണ് അപേക്ഷിക്കുന്നതെങ്കിൽ 14ന് അലോട്ട്മെന്റ് ലഭിക്കും. ആഗസ്റ്റ് 3 മുതൽ 7 വരെയും, ആഗസ്റ്റ് 31 മുതൽ സെപ്തംബർ 4 വരെയുമുള്ള തിയതികളിൽ അപേക്ഷിച്ചാൽ യഥാക്രമം ആഗസ്റ്റ് 11, സെപ്തംബർ 8 തിയതികളില്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കും.

നിക്ഷേപ പോർട്ട്ഫോളിയോയിൽ കുറഞ്ഞത് 15% എങ്കിലും സ്വർണ്ണ നിക്ഷേപം ഉണ്ടാകണം. പണപ്പെരുപ്പത്തിന് എതിരെ ഹെഡ്ജിങ് എന്ന രീതിയിലും വർഷം ശരാശരി 10% വളർച്ച പ്രതീക്ഷിക്കുന്നതിനാലും SGB ഒരു നല്ല നിക്ഷേപമാണ്.

ലേഖകൻ കോഴിക്കോട് ഐഐഎമ്മിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ റെഡ് ഹാറ്റിൽ സീനിയർ ട്രഷററുമാണ്.

English Summery: Sovereign Gold Bond is a Good Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com