ADVERTISEMENT

 

സര്‍ക്കാര്‍ 7.75 ശതമാനം എന്ന ഉയർന്ന നിക്ഷേപപലിശ നിരക്ക് ലഭ്യമാക്കുന്ന സേവിങ്‌സ് ബോണ്ടുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു.  ആര്‍ബിഐ ലഭ്യമാക്കുന്ന ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് കൂടി അവസരം ലഭിക്കും.

കാരണംവ്യക്തമല്ല

ഇന്ന് ബാങ്കിങ് സമയം അവസാനിക്കുന്നത് വരെ 7.75% സേവിങ്‌സ് ( ടാക്‌സബിള്‍ )ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നും അതിന് ശേഷം വിതരണം അവസാനിപ്പിക്കുകയാണന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍ സേവിങ്‌സ് ബോണ്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതിന്റെ  കാരണം വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയായി ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റും പലിശ നിരക്ക് കുറയാന്‍ തുടങ്ങിയതോടെ ആര്‍ബിഐ 7.75 % ബോണ്ടുകള്‍ എന്നറിയപ്പെടുന്ന 7.75 ശതമാനം ലഭ്യമാക്കുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സേവിങ്‌സ്  (ടാക്‌സബിള്‍) ബോണ്ടുകളുടെ ആവശ്യകത ശക്തമായിരുന്നു.

മുതിര്‍ന്ന പൗരന്‍മാർക്ക് പ്രിയം

പിപിഎഫ് ഉള്‍പ്പടെയുള്ള ചെറു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കുറയാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന പലിശ നിരക്ക് ലഭ്യമാക്കുന്ന ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകള്‍ മുതിര്‍ന്ന പൗരന്‍മാരെ സംബന്ധിച്ച് ആകര്‍ഷകമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു.
ഏഴ് വര്‍ഷമാണ് ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകളുടെ കാലാവധി. കാലാവധി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിക്ഷേപം തിരികെ ലഭിക്കും. അറുപത് വയസില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്ക് കാലാവധി പൂര്‍ത്തിയാകും മുമ്പ് സേവിങ്‌സ് ബോണ്ടിലെ തുക പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, ആര്‍ബിഐയുടെ വ്യവസ്ഥ അനുസരിച്ച് 60 വയസ്സിനും അതിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കും  സേവിങ്‌സ് ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കാന്‍ കഴിയും . 60 മുതല്‍ 70 വയസ് വരെയുള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍ പീരീഡ് 6 വര്‍ഷവും 70 മുതല്‍ 80 വയസ്സ് വരെയുള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍ പീരീഡ് 5 വര്‍ഷവും 80 വയസിന് മുകളില്‍ ഉള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍കാലയളവ് 4 വര്‍ഷവുമാണ്. സേവിങ്‌സ് ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1,000 രൂപയാണ് . ഉയര്‍ന്ന നിക്ഷേപ പരിധിയില്ല.

എന്‍ആര്‍ഐകള്‍ക്ക് ചേരാനാകില്ല

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ആര്‍ബിഐയുടെ സേവിങ്‌സ്  ബോണ്ടുകളില്‍ നിക്ഷേപം നടത്താം. എന്‍ആര്‍ഐകള്‍ക്ക് ഈ ബോണ്ടില്‍ നിക്ഷേപം നടത്താന്‍ അനുവാദമില്ല. അതേസമയം എന്‍ആര്‍ഐകളെ നോമിനിയായി ചേര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ,  എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ  ബാങ്കുകളുടെ ഏതെങ്കിലും ശാഖകള്‍,  ഐസിഐസിഐ  ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് പോലുള്ള സ്വകാര്യ മേഖലാ ബാങ്കുകള്‍  എന്നിവയില്‍ നിന്നും ബോണ്ടുകള്‍ ലഭ്യമാകും. ബ്രോക്കര്‍ വഴി നിലനിര്‍ത്തുന്ന ഡീമാറ്റ് അക്കൗണ്ടുകളിലൂടെയും ആര്‍ബിഐയുടെ സേവിങ്‌സ് ബോണ്ടുകള്‍ വാങ്ങാം.

English Summery:Rbi Bonds will Close Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com