ADVERTISEMENT

കോവിഡ് 19 എല്ലാ നിക്ഷേപങ്ങളുടെയും നിറം കെടുത്തിയപ്പോഴും സ്വർണത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ. അതു കൊണ്ട് വില ഉയർന്നു നിൽക്കുന്ന ഈ വേളയിലും താങ്ങാവുന്ന വിധത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ പറ്റിയ അവസരമാണിപ്പോൾ. ഇതിനവസരമൊരുക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2020-21 ന്റെ മൂന്നാം ഘട്ട  വിതരണം ജൂണ്‍ 8 ന് തുടങ്ങും. ഇത്തവണ  ഗ്രാമിന് 4,677 രൂപയാണ് ഇഷ്യു വില. ജൂണ്‍ 12 വരെ  അപേക്ഷിക്കാം .

സെപ്റ്റംബര്‍ വരെ അവസരം

കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം  സെപ്റ്റംബര്‍ വരെ ആറ് ഘട്ടങ്ങളിലായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വിതരണം ചെയ്യുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 20 ആയിരുന്നു ഗോള്‍ഡ് ബോണ്ട് 2020-21 സ്‌കീമിന്റെ ആദ്യ ഘട്ട വിതരണം.

ഓണ്‍ലൈനായും ഡിജിറ്റല്‍ മാര്‍ഗത്തിലും അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് അനുവദിക്കും . ഇത്തരം നിക്ഷേപകര്‍ക്ക് ഗ്രാമിന് 4,627 രൂപയായിരിക്കും ബോണ്ടിന്റെ ഇഷ്യു വില. ഗോള്‍ഡ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നത് വിതരണം ചെയ്യുന്ന കാലയളവിന് മുമ്പുള്ള മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ്.

കുറഞ്ഞ നിക്ഷേപം 1 ഗ്രാം

എട്ട് വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിന്  ശേഷം നിക്ഷേപം പിന്‍വലിക്കാം.
ഗോള്‍ഡ് ബോണ്ടിലെ കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും  ഒരു സാമ്പത്തിക വര്‍ഷം ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല്  കിലോ ഗ്രാമാണ്. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം നിക്ഷേപം നടത്താം. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം.  ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും , ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറച്ച്  നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യമായി അവതരിപ്പിച്ചത്.

English Summery:Sovereign Gold Bond Issue will start on Monday onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com