ADVERTISEMENT

ഈ കോവിഡ് കാലത്ത് സ്വപ്ന ഗൃഹം വാങ്ങാനോ പണിയാനോ വായ്പകള്‍ക്കപേക്ഷിച്ചിട്ടുളള ആളാണോ നിങ്ങള്‍? എങ്കില്‍ ഭവന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്നുള്ള ആ പഴയ പ്രോത്സാഹനം ഉണ്ടായിക്കൊള്ളണമെന്നില്ല. പല കുറി കയറിയിറങ്ങിയാലും കാര്യം നടക്കുമെന്നുറപ്പുമില്ല. നിങ്ങളുടെ തിരിച്ചടവ് ശേഷിയെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടായിട്ടല്ല അത്.

കുറഞ്ഞ പലിശയും

പലിശ നിരക്ക് കുത്തനെ ഇടിയുകയും റിയല്‍ എസ്റ്റേറ്റ് തകര്‍ച്ച നേരിടുകയും ചെയ്യുമ്പോള്‍ ഈ മേഖലയ്ക്ക് വായ്പ തരാന്‍ ബാങ്കുകള്‍ക്ക് റിസ്‌ക് കൂടുതലാണ് എന്നതു തന്നെ കാര്യം. മുമ്പ് 50 ലക്ഷം ആസ്തിയുള്ള ഭൂമിയ്ക്ക് അതിന്റെ 80 ശതമാനം വരെ അതായത് 40 ലക്ഷം രൂപ വരെ വീട് പണിയാന്‍ വായ്പ കിട്ടുമായിരുന്നുവെങ്കില്‍ പ്രോപ്പര്‍ട്ടി വില കുറയുന്ന ട്രെന്‍ഡില്‍ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം നിങ്ങള്‍ കണ്ടെത്തേണ്ടി വരും. ഈ മേഖലയിലെ നിക്ഷേപത്തിന് റിസ്‌ക് കൂടി വരുകയും പലിശ നിരക്ക് കുറഞ്ഞ് വരുകയും ചെയ്യുമ്പോള്‍ വളരെ ചെറിയ മാര്‍ജിനിലാണ് ബാങ്ക് വായ്പ തരേണ്ടി വരിക. പല ബാങ്കുകളുടെയും പുതിയ ഭവന വായ്പ പലിശ നിരക്ക് 6.8 -6.9 ശതമാനമാണ്. ആര്‍ ബി ഐ എക്‌സേറ്റണല്‍ ബഞ്ച് മര്‍ക്ക് അധിഷ്ഠിതമായിരിക്കണം വായ്പകളെന്ന് നിഷ്‌കര്‍ഷിക്കുന്നതിനാല്‍ റിപ്പോ നിരക്കില്‍ വരുത്തുന്ന മാറ്റം ഉപഭോക്താവിന് അപ്പപ്പോള്‍ കൈമാറുന്ന റിപ്പോ അധിഷ്ഠിത വായ്പ നിരക്ക് മാറ്റാനുമാകില്ല. ഇത് ബാങ്കുകളുടെ മാര്‍ജിന്‍ പരിമിതപ്പെടുത്തുന്നു. ആര്‍ ബി ഐ യുടെ നിര്‍ദേശമനുസരിച്ച് റിപ്പോ അധിഷ്ഠിത വായ്പകള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് നല്‍കാന്‍ തുടങ്ങിയത്.  ഈ വായ്പകള്‍ മൂന്ന് വര്‍ഷത്തേയ്ക്ക് കരാര്‍ ആയതിനാല്‍ പലിശ പുനർനിശ്ചയിക്കൽ തത്കാലം നടക്കില്ല. അതുകൊണ്ട് പുതിയ വായ്പകള്‍ക്കായിരിക്കും ഇത്തരം നടപടികള്‍ ബാധിക്കുക.

റിയല്‍ എസ്റ്റേറ്റ് 'റിസ്‌കി സോണ്‍'

അതുകൊണ്ടാണ് വായ്പ തുക കുറയ്ക്കുകയോ, കഴിയുന്നതും ഭവന വായ്പ പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നത്. 'പിടുത്തോം വലീം'കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്ന ശമ്പളത്തിന്റെ 30 ശതമാനം വരെയുള്ള മാസ തിരിച്ചടവില്‍ മുമ്പ് ഭവന വായ്പകള്‍ നല്‍കിയിരുന്നു. ഇതില്‍ ബാങ്കുകള്‍ കാര്‍ക്കശ്യം കാണിച്ചിരുന്നുമില്ല.   ചില കേസുകളില്‍ ഇത് 50 ശതമാനം വരെയാകാറുണ്ടായിരുന്നുവെങ്കിലും കോവിഡ് വൈറസ് സൃഷ്ടിച്ച ഭീതിയില്‍ ഇനി വായ്പകള്‍ കൂടുതല്‍ ദൃഢതയുള്ളതാക്കുകയാണ് ബാങ്കുകള്‍. കാരണം കോവിഡ് പ്രതിസന്ധിയില്‍ പെട്ട് തിരിച്ചടവ് മുടങ്ങാനിടയുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ച്ച നേരിടുന്നതിനാല്‍ ആസ്തിയുടെ മൂല്യമിടിയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധിച്ച് ബാങ്കുകള്‍ വായ്പ നല്‍കുന്നത് സ്വാഭാവികം. അതുകൊണ്ട് വായ്പ തിരിച്ചടവ് ശീലം വ്യക്തമാക്കുന്ന ക്രെഡിറ്റ് സ്‌കോര്‍ മുമ്പെന്നത്തേക്കാളും ഇന്ന് വായ്പ എടുക്കുന്നവര്‍ക്കും നല്‍കുന്ന ബാങ്കുകള്‍ക്കും പ്രസക്തമാകുന്നു.

ആദ്യം വായ്പയെ കുറിച്ച് അറിയുക

ഭവന വായ്പ പലിശ കുത്തനെ ഇടിയുകയും  ഇതില്‍ നിന്നുള്ള നേട്ടം കുറയുകയും ചെയ്തതോടെ ബാങ്കുകള്‍
നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളാണെങ്കില്‍ വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് സ്വപ്‌നഗൃഹ നിര്‍മാണത്തിനോ വിട്/ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനോ തീരുമാനമെടുക്കും മുമ്പ് ബാങ്ക് വായ്പയുടെ കാര്യത്തില്‍ കൃത്യത വരുത്തേണ്ടത് ഈ കോവിഡ് കാലത്ത് അനിവാര്യമാണ്. അല്ലെങ്കില്‍ പൊതുവെ പ്രതിസന്ധിയുള്ള ഇക്കാലത്ത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഇത് വരുത്തി വയ്ക്കും.

English Summery: Getting Home Loan may not Easy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com