ADVERTISEMENT

വിപണിയില്‍ വീണ്ടും ഉണര്‍വ്‌ പ്രകടമായതോടെ ധനസമാഹരണ ലക്ഷ്യവുമായി കമ്പനികള്‍ മടങ്ങിയെത്തി തുടങ്ങി. ഇതോടെ നിക്ഷേപകര്‍ക്ക്‌ ഈ ആഴ്‌ച ലഭിക്കുന്നത്‌ മൂന്ന്‌ മികച്ച നിക്ഷേപ അവസരങ്ങളാണ്‌. റൊസ്സാരി ബയോടെക്‌ ഐപിഒ, യെസ്‌ ബാങ്ക്‌ എഫ്‌പിഒ, ഭാരത്‌ ബോണ്ട്‌ ഇടിഎഫ്‌ എന്നിവയുടെ വിതരണം ഈ ആഴ്‌ച തുടങ്ങും . ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇവയില്‍ ഒന്ന്‌ തിരഞ്ഞെടുക്കാം.

റൊസ്സാരി ബയോടെക്‌ ഐപിഒ

സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്‌ ഉത്‌പാദകരായ റൊസ്സാരി ബയോടെക്കിന്റെ ഐപിഒ ഇന്നു തുടങ്ങി. ജൂലൈ 15 ന്‌ അവസാനിക്കും. . പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഇഷ്യുവിന്റെ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌ പ്രതി ഓഹരി 423-425 രൂപയാണ്‌. നിക്ഷേപകര്‍ക്ക്‌ 35 ഓഹരികള്‍ അടങ്ങിയ ലോട്ടുകള്‍ക്കായി ബിഡ്‌ സമര്‍പ്പിക്കാം. കമ്പനിയുടെ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്‌റ്റ്‌ ചെയ്യും. ജൂലൈ 23 ന്‌ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ സൂചന. ആക്‌സിസ്‌ ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്‌ എന്നിവരാണ്‌ ഇഷ്യുവിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

ഭാരത്‌ ബോണ്ട്‌ ഇടിഎഫ്‌

ഭാരത്‌ ബോണ്ട്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടിന്റെ ( ഇടിഎഫ്‌) രണ്ടാം ഘട്ട വിതരണം ജൂലൈ 14 ന്‌ തുടങ്ങി ജൂലൈ 17 ന്‌ അവസാനിക്കും. ഇത്തവണ 14,000 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2025 ലും 2031 ലും കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ട്‌ ഇടിഎഫുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. എഡില്‍വിസ്സ്‌ അസ്സറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ആണ്‌ ഭാരത്‌ ബോണ്ട്‌ ഇടിഎഫിന്‌ നേതൃത്വം വഹിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ എഎഎ-റേറ്റിങിലുള്ള കടപത്രങ്ങളിലാണ്‌ ഭാരത്‌ ബോണ്ട്‌ ഇടിഎഫ്‌ നിക്ഷേപം നടത്തുന്നത്‌. ഡീമാറ്റ്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കായി ഭാരത്‌ ബോണ്ട്‌സ്‌ ഫണ്ട്‌സ്‌ ഓഫ്‌ ഫണ്ട്‌സും പുറത്തിറക്കുന്നുണ്ട്‌. ഇതിന്‌ ലോക്‌ ഇന്‍ കാലയളവ്‌ ഉണ്ടായിരിക്കില്ല, നിക്ഷേപകര്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്തുകയും പിന്‍വലിക്കുകയും ചെയ്യാം.
2019 ഡിസംബറില്‍ ആയിരുന്നു ഭാരത്‌ ബോണ്ട്‌ ഇടിഎഫിന്റെ ആദ്യ നിക്ഷേപ സമാഹരണം. ഹ്രസ്വകാല നിക്ഷേപകരെയും ദീര്‍ഘകാല നിക്ഷേപകരെയും ലക്ഷ്യമിട്ട്‌ അഞ്ചും പത്തും കാലാവധികളുള്ള രണ്ട്‌ സീരീസുകള്‍ ആദ്യഘട്ടത്തിലെ പോലെ രണ്ടാം ഘട്ടത്തിലും പുറത്തിറക്കുന്നുണ്ട്‌. ഭാരത്‌ ഇടിഎഫിന്റെ ആദ്യ ഘട്ടം വിജയകരമായിരുന്നു , 12,400 കോടി രൂപ സമാഹരിച്ചു. ന്യൂ ഫണ്ട്‌ ഓഫറിന്‌ ശേഷവും നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഇടിഎഫിന്‌ ലഭിക്കുന്നത്‌.

യെസ്‌ ബാങ്ക്‌ എഫ്‌പിഒ

ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍ വഴി 15,000 കോടി രൂപ സമാഹരിക്കാനാണ്‌ യെസ്‌ ബാങ്ക്‌ ലക്ഷ്യമിടുന്നത്‌. യെസ്‌ ബാങ്കിന്റെ എഫ്‌പിഒ ജൂലൈ 15 ന്‌ തുടങ്ങി ജൂലൈ 17 ന്‌ അവസാനിക്കും. ഓഹരി ഒന്നിന്‌ 12 രൂപ വീതമാണ്‌ ഇഷ്യുവിന്റെ തറവില നിശ്ചയിച്ചിരിക്കുന്നത്‌. എഫ്‌പിഒയുടെ ക്യാപ്‌ പ്രൈസ്‌ 13 രൂപയാണ്‌. ആയിരം ഓഹരികള്‍ വീതമുള്ള ഒരു ലോട്ട്‌ ആയിട്ടാണ്‌ ലഭ്യമാക്കുക.

English Summery:Three Investment Options for this Week


....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com