ADVERTISEMENT

നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം വേണം. പക്ഷേ, അതെത്രത്തോളമാകാം എന്നു തീരുമാനിക്കുമ്പോള്‍ പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഓഹരി നിക്ഷേപത്തിനായി മ്യൂചല്‍ ഫണ്ട് രീതി പിന്തുടരുന്നവര്‍ക്കാണ് ഇങ്ങനെ അതിബുദ്ധി മൂലമുള്ള അബദ്ധം സംഭവിക്കുന്നത്. അത് ഒഴിവാക്കി വേണം മ്യൂചല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍.

മ്യൂചല്‍ ഫണ്ട് എന്നു കേള്‍ക്കുമ്പോള്‍ പൊതുവേ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളാണ് പലരുടേയും മനസിലെത്തുക. ഓഹരി അധിഷ്ഠിത പദ്ധതികള്‍ക്കു പുറമെ ഡെറ്റ് പദ്ധതികളും ബാലന്‍സ്്ഡ് പദ്ധതികളുമെല്ലാമുണ്ടല്ലോ. ഓരോരുത്തരുടേയും വ്യക്തിഗത സവിശേഷതകള്‍ കണക്കാക്കി വിഭജിച്ചു നിക്ഷേപിക്കുന്നത് ആലോചിക്കാം. അവയ്‌ക്കെല്ലാം പുറമെ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ വൈവിധ്യവല്‍ക്കരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

മ്യൂചല്‍ ഫണ്ടുകള്‍ തന്നെ വൈവിധ്യവല്‍ക്കരണമാണ്

ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ വൈവിധ്യവല്‍ക്കരണമാണ്. 50 മുതല്‍ നൂറു വരെ ഓഹരികളിലായിട്ടാവും സാധാരണയായി ഈ പദ്ധതികളുടെ നിക്ഷേപം. ചില പദ്ധതികള്‍ ആയിരം ഓഹരികളില്‍ വരെ നിക്ഷേപിക്കാറുമുണ്ട്. മ്യൂചല്‍ ഫണ്ട് വഴി ഇങ്ങനെ നിങ്ങളുടെ പണം കുറഞ്ഞത് 50 ഓഹരികളിലായി നിക്ഷേപിക്കുന്നതിലേറെ എന്തു വൈവിധ്യവല്‍ക്കരണമാണു വേണ്ടത്?

ലാര്‍ജ് കാപ് മുതല്‍ സ്‌മോള്‍ കാപ് വരെ  

മ്യൂചല്‍ ഫണ്ടിലൂടെ നിങ്ങളുടെ പണം കുറഞ്ഞത് 50 ഓഹരികളിലെങ്കിലും നിക്ഷേപിക്കപ്പെടുമെങ്കിലും അത് പദ്ധതിയുടെ സവിശേഷതയ്ക്ക് അനുസരിച്ചുള്ള ഓഹരികളില്‍ മാത്രമായിരിക്കുമല്ലോ. അതായത് ലാര്‍ജ് കാപ് പദ്ധതിയാണെങ്കില്‍ മുന്‍നിര ഓഹരികളിലാവും നിക്ഷേപം. ഇതിനു പുറമെ മറ്റു വിഭാഗങ്ങളിലും നിക്ഷേപം വേണമെന്നാണു നിങ്ങളുടെ താല്‍പര്യമെങ്കില്‍ അതനുസരിച്ചുള്ള പദ്ധതികള്‍, അതായത് മിഡ്കാപോ സ്‌മോള്‍ കാപോ എല്ലാം, തെരഞ്ഞെടുത്തു നിക്ഷേപം നടത്താം.

എത്ര മ്യൂചല്‍ ഫണ്ടുകള്‍ വേണം?  

പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്ന ഒരു കാര്യമാണിത്.  ഏതെല്ലാം വിഭാഗങ്ങളില്‍ നിക്ഷേപിക്കണമെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ പോലും ആ വിഭാഗങ്ങളിലെല്ലാമുള്ള പദ്ധതികള്‍ മിക്കവാറും എല്ലാ എഎംസികള്‍ക്കും ഉണ്ടാകും. ഇവയില്‍ സാധിക്കുന്നിടത്തെല്ലാം നിക്ഷേപിക്കാം എന്നതാവും പലരുടേയും ചിന്ത. ഒരിക്കല്‍ നിക്ഷേപിച്ച് തുടര്‍ന്ന് അതേ ഫോളിയോയില്‍ തന്നെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു പകരം അടുത്ത എഎംസിയില്‍ നിക്ഷേപം നടത്തുന്നതല്ലേ വൈവിധ്യവല്‍ക്കരണത്തിനു സഹായിക്കുക എന്നാവും ഇവര്‍ ആലോചിക്കുക. ഇങ്ങനെ പത്തും പതിനഞ്ചും മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ തുടരുന്നവരുണ്ടാകും. അതും കടന്ന് ഇരുപതിനു മുകളിലേക്കും ചിലപ്പോള്‍ പോയി എന്നിരിക്കും.

ഈ പദ്ധതികളെല്ലാം കൂടി എങ്ങനെ നിരീക്ഷിക്കും?

ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപം പോലെ എന്നും തുടര്‍ച്ചയായി നിരീക്ഷിച്ചു വിശകലനം ചെയ്തു കൊണ്ടല്ല മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. എങ്കില്‍ തന്നെയും നിങ്ങള്‍ക്കു നിക്ഷേപമുള്ള മ്യൂചല്‍ ഫണ്ട് പദ്ധതികളുടെ മേല്‍ പൊതുവായൊരു കണ്ണു വേണം. മൂന്നു മാസം കൂടുമ്പോഴോ ആറു മാസം കൂടുമ്പോഴോ അവയെല്ലാം വിശകലനം ചെയ്യുകയും വേണം. നാലോ അഞ്ചോ മ്യൂചല്‍ ഫണ്ടുകളിലായാണു നിക്ഷേപമെങ്കില്‍ ഒരുവിധത്തില്‍ ഇതൊക്കെ ചെയ്യാനാവും. പത്തോ അതിനു മുകളിലോ പദ്ധതികളുണ്ടെങ്കില്‍ അവ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കാവുമോ? നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് സമാനമായ സമ്മര്‍ദ്ദങ്ങളും തിരക്കുമെല്ലാമായിരിക്കും പത്തും ഇരുപതും പദ്ധതികളില്‍ ഒരേ സമയം നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരിക. ഇങ്ങനെയാണെങ്കില്‍ ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കാമല്ലോ. രണ്ട് അല്ലെങ്കില്‍ മൂന്ന് പദ്ധതികളില്‍ മാത്രമായി നിക്ഷേപം ഒതുക്കുന്നതാണ് മികച്ചത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി രണ്ട് അല്ലെങ്കില്‍ മൂന്നു വീതം പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതും പരിഗണിക്കാം. സെക്റ്ററല്‍ ഫണ്ടുകള്‍ പോലുള്ളവയെ ഇതിനു പുറമേ ആവശ്യമെങ്കില്‍ പരിഗണിക്കുകയുമാവാം.

പരോക്ഷ ചെലവുകള്‍ വര്‍ധിക്കും   

കൂടുതല്‍ പദ്ധതികളിലേക്കു നിക്ഷേപം വ്യാപിപ്പിക്കുമ്പോള്‍ പ്രത്യക്ഷ ചെലവുകള്‍ വന്‍ തോതില്‍ വര്‍ധിക്കില്ലെങ്കിലും അതു നിരീക്ഷിക്കാനും വിശകലനം ചെയ്യാനും നിക്ഷേപം മുന്നോട്ടു കൊണ്ടു പോകാനുമെല്ലാം ആവശ്യമായി വരുന്ന പരോക്ഷ ചെലവുകള്‍ വര്‍ധിക്കും. അതിനായി നിങ്ങള്‍ ചെലവഴിക്കുന്ന സമയവും ഇതോടൊപ്പം തന്നെ പരിഗണിക്കണം.

ലാഭസാധ്യത കുറയും
    

വൈവിധ്യവല്‍ക്കരണം വഴി ഉദ്ദേശിക്കുന്നത് ഏതെങ്കിലും മേഖലയില്‍ നഷ്ടമുണ്ടായാല്‍ അതിനെ മറ്റു മേഖലകളിലെ നിക്ഷേപത്തിലെ നേട്ടം വഴി മറികടക്കുക എന്നതാണ്. ഇതിന്റെ മറുവശം ചിന്തിക്കുമ്പോള്‍, ഏതെങ്കിലും ഒരു മേഖലയില്‍ വന്‍ ലാഭമുണ്ടായാല്‍ അതിന്റെ വന്‍ ലാഭം മറ്റു മേഖലകളിലെ ചെറിയ ലാഭത്തിലോ നഷ്ടത്തിലോ തട്ടിക്കിഴിക്കപ്പെടും. അതായത് വന്‍ തോതിലുള്ള വൈവിധ്യവല്‍ക്കരണമെന്നത് നഷ്ട സാധ്യത മാത്രമല്ല, ലാഭ സാധ്യതയും ലഘൂകരിക്കാന്‍ ഇടയാക്കും.

നിക്ഷേപ ലക്ഷ്യം എന്നത് അര്‍ത്ഥ രഹിതമാകും
  

ഓരോ നിക്ഷേപവും നടത്തുന്നത് പ്രത്യേക സാമ്പത്തിക ലക്ഷ്യത്തോടെയായിരിക്കണം. കാറും വീടും വാങ്ങുന്നതും വിദേശ യാത്ര നടത്തുന്നതും മുതല്‍ റിട്ടയര്‍മെന്റ് ജീവിതം വരെയുള്ള വിവിധങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോ നിക്ഷേപത്തിനും പിന്നിലുണ്ടായിരിക്കണം. ഇത്തരത്തില്‍ പരമാവധി എത്ര സാമ്പത്തിക ലക്ഷ്യങ്ങളാവും നിങ്ങള്‍ക്കുണ്ടാകുക? എങ്ങനെ ചിന്തിച്ചാലും അതിനൊരു പരിധിയുണ്ടല്ലോ. ആ ലക്ഷ്യങ്ങളുടെ എണ്ണത്തേക്കാളേറെ നിക്ഷേപ പദ്ധതികള്‍ നിങ്ങള്‍ക്കുണ്ടാകുക എന്നതിന് അര്‍ത്ഥം സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കുന്നില്ല എന്നു തന്നെയാണ്.

വൈവിധ്യവല്‍ക്കരണം എന്നത് പൂര്‍ണ പരിരക്ഷയല്ല
  

 മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്കു വിധേയമാണല്ലോ. അത്തരത്തിലുള്ള നഷ്ട സാധ്യതകള്‍ കുറക്കുക എന്നതാണ് വൈവിധ്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. എങ്കില്‍ തന്നെയും വൈവിധ്യവല്‍ക്കരണം നടത്തുക എന്നതിലൂടെ നഷ്ട സാധ്യതകള്‍ നൂറു ശതമാനം ഒഴിവാക്കാനാവില്ല. എല്ലാ മേഖലകളിലും ഇടിവുണ്ടാകുമ്പോള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ടം ഇല്ലാതാക്കാനാവില്ല എന്നോര്‍ക്കുക. എങ്കിലും വൈവിധ്യവല്‍ക്കരണം അനിവാര്യമാണ്. അതിന്റെ അതിരു കടക്കരുതെന്നു മാത്രം.

English Summery: Diversification in Mutual Fund
    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com