ADVERTISEMENT

നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പായി അതിന് അടിസ്ഥാനമായുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കണമെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്നു സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വകാലം മുതല്‍ ദീര്‍ഘകാലം വരെയുള്ള വിവിധ ലക്ഷ്യങ്ങളുണ്ടാകാം. അവ നിറവേറ്റാനായിട്ടാണ് നിക്ഷേപങ്ങള്‍ നടത്തേണ്ടത്. പ്രത്യേക ലക്ഷ്യങ്ങളില്ലാത്ത നിക്ഷേപമെന്നത് എങ്ങോട്ടാണു പോകേണ്ടതെന്നു നിശ്ചയിക്കാതെ യാത്ര ആരംഭിക്കുന്നതു പോലെയാണന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയുടേയും ആവശ്യങ്ങളും സവിശേഷതകളും കണക്കിലെടുത്താണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടിന്റെ റീജണല്‍ മേധാവി ഡി ബാലാജി ചൂണ്ടിക്കാട്ടി. അവയില്‍ ഹ്രസ്വകാല ലക്ഷ്യങ്ങളും ഇടക്കാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളുമുണ്ടാകും. ഒരു റഫ്രിജറേറ്റര്‍ വാങ്ങുന്നതു മുതല്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധങ്ങളായ കാര്യങ്ങള്‍ ഇങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങളായി നിര്‍ണയിക്കാമെന്നും ബാലാജി ചൂണ്ടിക്കാട്ടി. 

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ അവ സ്മാര്‍ട്ട് ആയിരിക്കണമെന്നും കൈവരിക്കാന്‍ സാധിക്കുന്നവ ആയിരിക്കണമെന്നും സാമ്പത്തിക വിദഗ്ദ്ധനായ കെ വി സജേഷ് ചൂണ്ടിക്കാട്ടി. ഇതു നേടുവാനായി കൃത്യമായ ആസൂത്രണവും വേണമെന്നും അദ്ദേഹം പറഞ്ഞു. 

നിക്ഷേപ തീരുമാനം

വശ്യമുള്ള ചെലവുകള്‍ മാത്രം നടത്തുന്നതാണ് നിക്ഷേപകരുടെ രീതിയെന്ന്് ബാലാജി ചൂണ്ടിക്കാട്ടി. എല്ലാ ചെലവുകളും കഴിഞ്ഞു ശേഷിക്കുന്ന തുക നിക്ഷേപിക്കുന്നതാവരുത് നിക്ഷേപകര്‍ പിന്തുടരുന്ന രീതി. നിക്ഷേപത്തിനായുള്ള വകയിരുത്തലിനു ശേഷം വേണം ചെലവുകള്‍ നടത്താന്‍. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വരുമാനവും ചെലവുകളുമെല്ലാം വിലയിരുത്തി നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും മികച്ച ഫലം നല്‍കും. സാമ്പത്തിക ലക്ഷ്യം നിര്‍ണയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ പണപ്പെരുപ്പവും വളരെ ഗൗരവത്തില്‍ കണക്കിലെടുക്കണമെന്ന് ബാലാജി ചൂണ്ടിക്കാട്ടി. 

പണപ്പെരുപ്പം കണക്കിലെടുക്കണം

ജീവിത ദൈര്‍ഘ്യം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് അതിന്റെ ഫലമായി ചെലവുകള്‍ വര്‍ധിച്ചു വരുന്നത് പലരും കണക്കിലെടുക്കുന്നില്ലെന്ന് കെ വി സജേഷ് പറഞ്ഞു. നിലവിലെ ജീവിത നിലവാരം ഭാവിയിലും തുടരാന്‍ ഇത്തരം ചിന്തകള്‍ അത്യാവശ്യമാണ്. അതോടൊപ്പം പണപ്പെരുപ്പത്തെ കുറിച്ചും വിലയിരുത്തല്‍ നടത്തണം. ഇപ്പോള്‍ 40,000 രൂപ പ്രതിമാസ ചെലവു വരുന്നവര്‍ക്ക്  പത്തു വര്‍ഷം കഴിയുമ്പോള്‍ അതേ നിലവാരം തുടരണമെങ്കില്‍ 71,000 രൂപയെങ്കിലും വേണ്ടി വരും. 15 വര്‍ഷം കഴിഞ്ഞാണെങ്കില്‍ 95,000 രൂപയും 25 വര്‍ഷം കഴിയുമ്പോള്‍ 1,71,670 രൂപയും ആവശ്യമായി വരും. ഇതെല്ലാം കണക്കിലെടുത്താവണം നിക്ഷേപങ്ങള്‍.  25 വയസു മുതല്‍ 55 വയസു വരെയുള്ള നമ്മുടെ സമ്പാദ്യമായിരിക്കും ശേഷിക്കുന്ന കാലത്തേക്കുള്ള ചെലവിനായി ഉപയോഗിക്കാനാവുക എന്നും ഓര്‍മിക്കണമെന്ന് സജേഷ് ചൂണ്ടിക്കാട്ടി. 

കുറഞ്ഞ നഷ്ടസാധ്യതകള്‍ മാത്രം വഹിച്ചു കൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഹൈബ്രിഡ് ഫണ്ടുകള്‍ സഹായിക്കുമെന്ന് വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി വിദഗ്ദ്ധര്‍ പറഞ്ഞു. ബിസിനസ് രംഗത്തുള്ളവരുടെ ബാങ്കിലെ പണം മികച്ച രീതിയില്‍ മ്യൂചല്‍ ഫണ്ടുകളിലൂടെ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങളും അവര്‍ വിശദീകരിച്ചു. വിപണിയിലെ നഷ്ട സാധ്യതകള്‍ക്കു വിധേയമായ മികച്ച നിരവധി പദ്ധതികളാണ് മ്യൂചല്‍ ഫണ്ടുകളിലുള്ളത്. അവ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.  മ്യൂചല്‍ ഫണ്ട് നിക്ഷേപം സംബന്ധിച്ച വിദേശ മലയാളികളുടെ സംശയങ്ങള്‍ക്കും വെബിനാറിലൂടെ മറുപടി നല്‍കി. പി ജി സുജ മോഡറേറ്ററായി.

English Summery:Financial Goal Setting need First Priority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com